
നിയമസഭാ തിരഞ്ഞെടുപ്പിന്റെ മറവിൽ പാലക്കാട് ജില്ലയിലെ സർക്കാർ അതിഥി മന്ദിരങ്ങൾ കൂട്ടത്തോടെ പൂട്ടിച്ച ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടിയുടെ നടപടി വിവാദമായി. കളക്ടറുടെ നടപടിയെ വിമർശിച്ച് സമൂഹമാദ്ധ്യമ പോസ്റ്റിട്ട വി 4 കൊച്ചി പ്രസിഡന്റെ നിപുൺ ചെറിയാന്റെ ഫോസ് ബുക്ക് പോസ്റ്റും പ്രൊഫൈലും പേജും കളക്ടറുടെ പരാതിയെ തുടർന്ന് മെറ്റ അധികൃതർ ബ്ലോക്ക് ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് പാലക്കാട് ജില്ലയിലെ കെ.എസ്.ഇ.ബി ഇൻസ്പെക്ഷൻ ബംഗ്ലാവ്, ഐ.ടിഐ ഗസ്റ്റ് ഹൗസ്, ശിക്ഷക് സദൻ, പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ എന്നിവയിൽ മുറികൾ വാടകയ്ക്ക് കൊടുക്കുന്നതിനും ആൾക്കാർക്ക് താമസിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയത്. ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകൾ പ്രകാരം ജില്ലാ വരണാധികാരി എന്ന അധികാരമുപയോഗിച്ച് സർക്കാർ അതിഥി മന്ദിരങ്ങൾ ജില്ലാ കളക്ടർ ഏറ്റെടുക്കുകയാണെന്നും ഈ സ്ഥാപനങ്ങളിലെ മാനേജർമാരും കെയർടെയ്ക്കർമാരും ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കണമെന്നും ഉത്തരവിലുണ്ട്.
പാവം ജനം പെട്ടു
സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും സർക്കാർ അതിഥി മന്ദിരങ്ങളും പരിസരവും രാഷ്ട്രീയ പ്രചാരണത്തിന് വേദിയാക്കരുതെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് നടപടിയെന്ന് കളക്ടറുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. എന്നാർ ഇതിന്റെ പേരിൽ തിരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത സാധാരണക്കാരായ ജനങ്ങൾക്ക് താമസ സൗകര്യം വിലക്കിയതിലാണ് പ്രതിഷേധം ഉയരുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് മുമ്പ് സർക്കാർ അതിഥി മന്ദിരങ്ങളിൽ മുറികൾ ബുക്ക് ചെയ്തവർക്ക് താമസം സൗകര്യം റദ്ദാക്കി കൊണ്ടുള്ള അറിയിപ്പുകൾ ലഭിച്ചു. ഓൺലൈനായി മുറികൾ ബുക്ക് ചെയ്തവർക്ക് വാടക തിരിച്ചു നൽകാൻ പൊതുമരാമത്ത് റസ്റ്റ്ഹൗസ് മാനേജർമാർ വിസമ്മതിക്കുന്നു. തങ്ങൾക്ക് സ്വമേധയാ പണം തിരിച്ചു നൽകാൻ അധികാരമില്ലെന്നും വാടക മുൻകൂർ തിരിച്ചു കിട്ടാൻ ബുക്കിംഗ് റദ്ദാക്കിയെന്ന് അപേക്ഷ നൽകണമെന്നുമാണ് മാനേജർമാർ പറയുന്നത്. ജില്ലാ കളക്ടറുടെ നടപടിയെ തുടർന്നാണ് ബുക്കിംഗ് നിഷേധിക്കപ്പെട്ട വസ്തുത മറച്ചു പിടിക്കാനാണ് ഇതിലൂടെ ശ്രമം നടക്കുന്നത്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം വളച്ചൊടിച്ചു
സ്ഥാനാർത്ഥികൾക്കും പാർട്ടികൾക്കും സർക്കാർ അതിഥി മന്ദിരങ്ങൾ ഉപയോഗിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തിയെന്ന പാലക്കാട് ജില്ലാ കളക്ടറുടെ വാദം ശരിയല്ലെന്ന് വി 4 നേതാവ് നിപുൺ ചെറിയാൻ ചൂണ്ടിക്കാട്ടുന്നു. എല്ലാ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും ഉപയോഗിക്കാവുന്ന രീതിയിൽ ഗസ്റ്റ്ഹൗസുകൾ ക്രമീകരിക്കണം എന്നാണ് കമ്മീഷന്റെ നിർദ്ദേശം.
ജില്ലാ കളക്ടറുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന നിപുൺ ചെറിയാന്റെ ഫേസ് ബുക്ക് പോസ്റ്റ് മാധവിക്കുട്ടിയെ ചൊടിപ്പിച്ചു. ഐ.ടി ആക്റ്റ് വകുപ്പ് 79 (3) (ബി) പ്രകാരം നോട്ടീസ് കിട്ടിയെന്ന അറിയിപ്പോടെയാണ് അദ്ദേഹത്തിന്റെ പോസ്റ്റും പേസ്ബുക്ക് പ്രൊഫൈലും പേജും മെറ്റ നീക്കം നീക്കം ചെയ്തത്. ആരാണ് പരാതി നൽകിയതെന്ന് ഇതിൽ പറയുന്നില്ല. സർക്കാർ അധികൃതരെ ശക്തമായി വിമർശിക്കാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടെന്ന സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണ് ജില്ലാ കളക്ടറുടെ നടപടിയെന്ന് നിപുൺ ചെറിയാൻ പറഞ്ഞു. ജില്ലാ വരണാധികാരി എന്ന നിലയിലുള്ള ജില്ലാ കളക്ടറുടെ നടപടിയെ വിമർശിച്ച് പോസ്റ്റിട്ടതിന് മാധവിക്കുട്ടി നൽകിയ പരാതിയിൽ നിപുൺ ചെറിയാനെ പ്രതിയാക്കി പാലക്കാട് സൗത്ത് പൊലീസ് ഇന്നലെ കേസെടുത്തു.











