08:14am 29 November 2026
NEWS
ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾ വൈകുന്നതിൽ അതൃപ്തി; ഒരേ സ്വഭാവമുള്ള ക്ഷേമനിധി ബോർഡുകൾ സംയോജിപ്പിക്കണം
28/11/2026  11:49 AM IST
ചവറ സുരേന്ദ്രൻപിള്ള
ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾ വൈകുന്നതിൽ അതൃപ്തി; ഒരേ സ്വഭാവമുള്ള ക്ഷേമനിധി ബോർഡുകൾ സംയോജിപ്പിക്കണം

സംസ്ഥാനത്തെ ബോർഡ്, കോർപ്പറേഷൻ നിയമനങ്ങളെച്ചൊല്ലി യുഡിഎഫിൽ അതൃപ്തി രൂക്ഷമാകുകയാണ്. നാനൂറിലധികം സ്ഥാപനങ്ങളാണ് രാഷ്ട്രീയ നിയമനങ്ങൾക്കായി കാത്തിരിക്കുന്നത്. ഇതിൽ ഏറ്റവും അധികം വ്യവസായ വകുപ്പിലും, രണ്ടാമത്തേത് സാംസ്‌കാരികവകുപ്പിലുമാണ്. 70 ഓളം സ്ഥാപനങ്ങളാണ് വ്യവസായ വകുപ്പിലുള്ളത്. സാംസ്‌കാരിക വകുപ്പിൽ 33 എണ്ണവും. 

നിയമന നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ കെ പി സി സി നേതൃത്വം ശ്രമിക്കുമ്പോഴും മുന്നണിയിലെ ഘടക കക്ഷികളുടെയും കോൺഗ്രസിലെ ഗ്രൂപ്പുകളുടെയും എതിർപ്പുകൾ ഇതിന് തടസ്സമാകുകയാണ്. നിയമന ചർച്ചകളിൽ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തണമെന്നാണ് കോൺഗ്രസിലെ 'എ' ഗ്രൂപ്പിന്റെ പ്രധാന ആവശ്യം. സർക്കാർ അധികാരത്തിൽ വന്ന് ആറു മാസം കഴിഞ്ഞിട്ടും പല പൊതുമേഖലാ സ്ഥാപനങ്ങളിലും ബോർഡുകളിലും അധ്യക്ഷന്മാരെയും ഡയറക്ടർ ബോർഡ് മെമ്പറന്മാരെയും ഇനിയും നിയമിച്ചിട്ടില്ല. മുന്നണിയോഗം വിളിക്കണമെന്ന് യുഡിഎഫ് കൺവീനർ ആവശ്യപ്പെട്ടിട്ടും ഇതുവരെ യോഗം ചേർന്നിട്ടില്ല. ഇതിൽ ഘടകകക്ഷികൾക്കിടയിൽ വലിയ അമർഷമുണ്ട്. മുന്നണിയിൽ മുസ്ലീം ലീഗിന് മാത്രമാണ് അർഹമായ പരിഗണനയും വലിയ പദവികളും ലഭിക്കുന്നതെന്നാണ് മറ്റ് ഘടകകക്ഷികളുടെ പ്രധാന പരാതി. 

22 സ്ഥാപനങ്ങളിലെ അധ്യക്ഷ പദവിയാണ് ലീഗിനു നൽകാൻ ധാരണയായിട്ടുള്ളത്. 60 സ്ഥാപനങ്ങളിലെ അധ്യക്ഷ പദവിയാണ് കോൺഗ്രസിനു കണക്കാക്കിയിട്ടുള്ളത്. ഇതിൽ ആളെ നിശ്ചയിക്കുന്നതിലാണ് കോൺഗ്രസിൽ നടക്കുന്ന തർക്കം. എട്ട് ചെയർമാൻ സ്ഥാനമാണ് കേരള കോൺഗ്രസിന് നൽകാൻ സാധ്യത. ഇതിലവർ തൃപ്തരല്ല. പത്തെങ്കിലും വേണം. അതോടൊപ്പം പി.ജെ.ജോസഫിനു ക്യാബിനറ്റ് റാങ്കുള്ള പദവിയും നൽകണം. 

പദവികൾ വീതം വെക്കുന്നതിൽ ആർ എസ് പിക്കുളളിലും വലിയ പ്രതിഷേധമുണ്ട്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഒൻപത് പദവികൾ ലഭിച്ചിരുന്നു. പത്ത് ബോർഡുകളും കോർപ്പറേഷനുമാണ് ഇത്തവണ ആർ എസ് പി ചോദിച്ചിരിക്കുന്നത്. ഇപ്പോൾ നാല് എം എൽ എ മാരും ഒരു മന്ത്രിയും ഉണ്ടായിട്ടും ആകെ നാല് പദവികൾ മാത്രമാണ് ലഭിക്കാൻ സാധ്യത. സാംസ്‌ക്കാരിക സ്ഥാപനങ്ങളിലെയും ഹൈക്കോടതി പ്ലീനറന്മാരുടെയും നിയമനങ്ങളിൽ അവഗണിച്ചതിനു പിന്നാലെ ബേർഡ്, കോർപ്പറേഷൻ ചെയർമാൻ പദവി നാലെണ്ണത്തിലേക്ക് ചുരുക്കാനുള്ള നീക്കമാണ് ആർ എസ് പി യെ ചൊടിപ്പിച്ചിരിക്കുന്നത്.മന്ത്രി ഷിബു ബേബി ജോണിന്റെ വകുപ്പുകൾക്ക് കീഴിലെ വനം വികസന കോർപ്പറേഷനും കശുവണ്ടി വികസന കോർപ്പറേഷനും പോലും നൽകാനാകില്ലെന്ന നിലപാട് അംഗീകരിക്കേണ്ടതില്ലെന്നാണ് ആർ എസ് പി യുടെ നിലപാട്. 

കെ പി സി സി ഭാരവാഹി യോഗത്തിലും ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾ വൈകുന്നതിൽ രൂക്ഷ വിമർശനം ഉണ്ടായി. മുഖ്യമന്ത്രി, കെ പി സി സി പ്രസിഡന്റ്, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവർ തമ്മിൽ മാത്രം ചർച്ചകൾ നടത്തി തീരുമാനങ്ങളെടുക്കുന്നത് ശരിയല്ലെന്ന വാദമാണ് അവിടെയും ഉണ്ടായത്. യുഡിഎഫ് അധികാരത്തിലെത്തിയിട്ടും ഇപ്പോഴും പല ബോർഡുകളിലും കോർപ്പറേഷനുകളിലും അധ്യക്ഷ പദവികളിൽ സി പി എമ്മുകാർ തുടരുകയാണെന്ന ആക്ഷേപവുമുണ്ട്.      
        
രാഷ്ട്രീയനിയമനത്തിനായി ബോർഡുകളും കോർപ്പറേഷനുകളുമായി 419 സ്ഥാപനങ്ങളാണ് സംസ്ഥാന സർക്കാരിനു കീഴിലുള്ളത്. യുഡിഎഫിൽ സ്ഥാനങ്ങൾ വിഭജിക്കുന്നതിന്റെ ഭാഗമായി മുന്നണി നേതൃത്വമെടുത്ത കണക്കാണിത്. നൂറോളം പൊതുമേഖലാ സ്ഥാപനങ്ങളും 35 ക്ഷേമനിധി ബോർഡുകളും മറ്റും ഇതിൽ ഉൾപ്പെടും. വ്യവസായ വകുപ്പിൽ 70 ഓളം സ്ഥാപനങ്ങളിലേക്കാണ് രാഷ്ട്രീയ നിയമനം നടത്തേണ്ടത്. സാംസ്‌ക്കാരിക വകുപ്പിൽ - 33,  സഹകരണം - 22, കൃഷി - 17, ഉന്നതവിദ്യാഭ്യാസം - 13, പൊതു വിദ്യാഭ്യാസം - 12 , ആരോഗ്യം, കുടുംബക്ഷേമം - 27, തൊഴിൽ, നൈപുണ്യവികസനം - 18, തദ്ദേശം - 15, ടൂറിസം - 10, ഫിഷറീസ് - 10, നിയമം - 10 , ഐടി - 15, സാമൂഹിക നീതി - 8, ശിശു വികസനം - 8, ശാസ്ത്ര സാങ്കേതികം - 9, ഊർജം - 9 , ദേവസ്വം - 7  എന്നിങ്ങനെയാണ് നിയമനങ്ങൾ നടത്താവുന്നതിൽ ചിലത്. ഇതിൽ പലതും ഒരേ സ്വഭാവമുള്ളതും ഒരേ മേഖലയിൽ പ്രവർത്തിക്കുന്നതുമായ സ്ഥാപനങ്ങളാണ്. ഒരേ സ്വഭാവമുള്ള ബോർഡുകളും കോർപ്പറേഷനുകളും സംയോജിപ്പിച്ച് പ്രവർത്തനനഷ്ടവും ഭരണച്ചെലവും കുറയ്ക്കാവുന്നതാണ്. ഓരോ സർക്കാരിന്റെ മുന്നിലും ഇത്തരത്തിലുള്ള നിർദേശങ്ങൾ എത്താറുണ്ടെങ്കിലും ആരും തന്നെ നടപ്പാക്കാൻ ശ്രമിച്ചിട്ടില്ല. അനന്തമായ രാഷ്ട്രീയ നിയമനസാധ്യതകൾ മൂലമാണ് ഒരു സർക്കാരും ഇതിനു ശ്രമിക്കാത്തതെന്നതാണ് വസ്തുത.   
                
ഒരേ സ്വഭാവമുള്ള ക്ഷേമനിധി ബോർഡുകളും കോർപ്പറേഷനുകളും സംയോജിപ്പിച്ച് അവയുടെ എണ്ണം കുറയ്ക്കുകയും ആവശ്യമില്ലാത്തവ നിറുത്തലാക്കുകയും മറ്റും ചെയ്യേണ്ടത് സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന സർക്കാർ പരിശോധിക്കേണ്ടതാണ്. 

നഷ്ടത്തിലോടുന്ന പൊതുമേഖലാസ്ഥാപനങ്ങൾ

ഉൽപന്ന, സേവന മേഖലകൾ ഉൾപ്പെടെയുള്ള 60 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലാണെന്നാണ് 2024-25 ൽ തയ്യാറാക്കിയ സംസ്ഥാന ആസൂത്രണ - സാമ്പത്തികകാര്യ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്. ക്ഷേമനിധി ബോർഡുകൾ ഇതിൽ ഉൾപ്പെടുന്നില്ല. കെ എസ് ആർ ടി സിയുടെ മാത്രം സഞ്ചിതനഷ്ടം 20,961 കോടി രൂപയാണ്. ഓട്ടോകാസ്റ്റ് - 274.82 കോടി, ബാംബു കോർപ്പറേഷൻ - 157.73 കോടി, കശുവണ്ടി വികസന കോർപ്പറേഷൻ - 2082.34 കോടി, ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് - 119. 57 കോടി, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് - 266.33 കോടി, സിഡ്കോ - 283.38 കോടി, ടെക്‌സ്‌റ്റൈൽ കോർപ്പറേഷൻ - 706.33 കോടി, ഹൗസിംഗ് ബോർഡ് - 702.28 കോടി , കെ.ടി ഡി സി -242.91 കോടി...... ഇങ്ങനെ പോകുന്നു സംസ്ഥാനത്ത് രാഷ്ട്രീയ നിയമനം നടത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിതനഷ്ടം. 
                                              

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img