
ആലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയ്ക്കെതിരായ പരാതിയിൽ കോൺഗ്രസിൽ തർക്കം രൂക്ഷം. ആലപ്പുഴ നഗരസഭാധ്യക്ഷ മോളി ജേക്കബിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ പോലീസ് നടപടി വൈകുന്നതാണ് കോൺഗ്രസിൽ പുതിയ പോർമുഖം തുറന്നിരിക്കുന്നത്. പരാതി നൽകി ഒരാഴ്ച പിന്നിട്ടിട്ടും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് നഗരസഭാ നേതൃത്വത്തിന്റെ ആരോപണം. നഗരസഭാധ്യക്ഷ മോളി ജേക്കബ് വനിതാ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്.
സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് മോളി ജേക്കബ് നേരത്തെ ആലപ്പുഴ നോർത്ത് പോലീസിൽ പരാതി നൽകിയിരുന്നു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അന്വേഷണം പൂർത്തിയായിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഡിവൈ.എസ്.പി. വിശാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പരാതിയുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തുകയും പോലീസ് മേൽനോട്ടം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി തുടർ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നാണ് പോലീസ് പറയുന്നത്.
അപകീർത്തികരമായ പരാമർശത്തിൽ നടപടിയുണ്ടായില്ലെങ്കിൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങേണ്ടിവരുമെന്ന് കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ നിലപാട്.
അതേസമയം, രാജു അപ്സരയെ അറസ്റ്റ് ചെയ്താൽ സംഘടനാപരമായി ശക്തമായി പ്രതിഷേധിക്കാനുള്ള നീക്കം വ്യാപാരി വ്യവസായി ഏകോപന സമിതിയും നടത്തിയിരുന്നു. ജില്ലയിലെ വിവിധ യൂണിറ്റുകളിൽനിന്ന് പ്രവർത്തകരെ ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിലെത്തിച്ച് പ്രതിഷേധിക്കാനുള്ള നിർദേശം സംഘടന നൽകിയിരുന്നു.
എന്നാൽ അറസ്റ്റ് ഉണ്ടാകില്ലെന്നും പോലീസ് സ്റ്റേഷനിൽ എത്തേണ്ടതില്ലെന്നും പോലീസ് അധികൃതർ രാജു അപ്സരയെ നേരിട്ട് അറിയിച്ചതായി സംഘടനാ നേതാക്കൾ അറിയിച്ചു. രാജു അപ്സര സ്വീകരിച്ച നിലപാടും വ്യാപാരികളുടെ ഐക്യവുമാണ് ഇതിനു കാരണമെന്നാണ് സംഘടനാ നേതൃത്വത്തിന്റെ വിശദീകരണം.
പ്രശ്നം രൂക്ഷമായതോടെ രാജു അപ്സര പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്ന ആവശ്യവുമായി ഡി.സി.സി. പ്രസിഡന്റ് ബാബു പ്രസാദും രംഗത്തെത്തിയിരുന്നു. മാപ്പുപറഞ്ഞാൽ പ്രശ്നം അവസാനിപ്പിക്കാമെന്ന നിലപാടും കോൺഗ്രസ് നേതൃത്വത്തിൽനിന്ന് ഉയർന്നിരുന്നു.
പോലീസ് നടപടി വൈകുന്നതിന് പിന്നിൽ കോൺഗ്രസിലെ ആഭ്യന്തര ഗ്രൂപ്പ് തർക്കമാണെന്ന ആരോപണവും ശക്തമാകുന്നുണ്ട്. യു.ഡി.എഫ്. ഭരണത്തിലുള്ള ആലപ്പുഴ നഗരസഭയിൽ നഗരസഭാധ്യക്ഷയ്ക്ക് യു.ഡി.എഫിന്റെ ശക്തമായ പിന്തുണയുണ്ടെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. എന്നാൽ, മോളി ജേക്കബ് കെ.സി. വേണുഗോപാലിനെ ശക്തമായി പിന്തുണയ്ക്കുന്ന വിഭാഗത്തിലാണെന്നും രാജു അപ്സര ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധമുള്ളയാളാണെന്നും ചൂണ്ടിക്കാട്ടിയാണ് ഗ്രൂപ്പ് പോരിനെക്കുറിച്ചുള്ള ആരോപണങ്ങൾ ഉയരുന്നത്.










