10:18am 04 September 2026
NEWS
യാത്ര കഴിഞ്ഞാൽ വലിച്ചെറിയാം; ട്രെൻഡായി ‘ഡിസ്പോസിബിൾ വസ്ത്രങ്ങൾ’
04/09/2026  07:16 AM IST
nila
യാത്ര കഴിഞ്ഞാൽ വലിച്ചെറിയാം; ട്രെൻഡായി ‘ഡിസ്പോസിബിൾ വസ്ത്രങ്ങൾ’

 യാത്രയ്ക്കിടെ ധരിച്ച ശേഷം ഉപേക്ഷിക്കാവുന്ന ‘ഡിസ്പോസിബിൾ വസ്ത്രങ്ങൾ’ ചൈനയിലെ യുവാക്കൾക്കിടയിൽ പുതിയ ട്രെൻഡാകുന്നു. അവധിക്കാലത്ത് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് ഈ രീതിക്ക് വലിയ പ്രചാരം ലഭിച്ചത്. എന്നാൽ വസ്ത്രങ്ങൾ ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന ശീലം പരിസ്ഥിതിക്ക് ഗുരുതരമായ ആഘാതമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി വിദഗ്ധരും പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തി.

‘ഡിസ്പോസിബിൾ ക്ലോത്തിംഗ്’ എന്ന ഹാഷ്‌ടാഗിന് ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ മാത്രം 68 ലക്ഷത്തിലേറെ കാഴ്ചക്കാരാണ് ലഭിച്ചത്. യാത്രയ്ക്കിടെ വസ്ത്രങ്ങൾ അലക്കി സൂക്ഷിക്കേണ്ടതില്ലെന്നതും കുറഞ്ഞ വിലയിൽ വ്യത്യസ്ത വസ്ത്രങ്ങൾ ലഭിക്കുമെന്നതുമാണ് യുവാക്കളെ ഈ പ്രവണതയിലേക്ക് ആകർഷിക്കുന്നത്.

200 യുവാനിൽ താഴെ അഞ്ച് സെറ്റ് വസ്ത്രങ്ങൾ

ഏഴു ദിവസത്തെ യാത്രയ്ക്കായി 200 യുവാനിൽ (2800 ഇന്ത്യൻ രൂപ) താഴെ മാത്രം ചെലവഴിച്ച് അഞ്ച് സെറ്റ് വസ്ത്രങ്ങൾ വാങ്ങിയതായി ഒരു യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. യാത്ര അവസാനിച്ചാൽ വസ്ത്രങ്ങൾ തിരികെ കൊണ്ടുപോകാതെ ഉപേക്ഷിക്കുകയാണ് പതിവ്. സോഷ്യൽ മീഡിയയിലെ ചിത്രങ്ങളിലും റീലുകളിലും കൂടുതൽ ആകർഷകമായി തോന്നുന്ന തരത്തിലാണ് ഇത്തരം വസ്ത്രങ്ങളുടെ ഡിസൈനുകൾ. തിളക്കമുള്ള നിറങ്ങളിലുള്ള നീളൻ സ്കർട്ടുകൾ, ഔട്ട്ഡോർ ജാക്കറ്റുകൾ തുടങ്ങിയവയാണ് പ്രധാനമായും വിപണിയിലെത്തുന്നത്. എന്നാൽ ദൈനംദിന ഉപയോഗത്തിന് ഇവ അനുയോജ്യമല്ലെന്നാണ് വിലയിരുത്തൽ.

ഉപയോഗശേഷം ചിലർ വസ്ത്രങ്ങൾ നേരിട്ട് മാലിന്യമായി ഉപേക്ഷിക്കുമ്പോൾ മറ്റുചിലർ സെക്കൻഡ് ഹാൻഡ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ വീണ്ടും വിൽക്കാനും ശ്രമിക്കുന്നുണ്ട്.

വില കുറവ്, പക്ഷേ മാലിന്യം കൂടും

വിലക്കുറവിന്റെ പേരിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന വസ്ത്രങ്ങൾ വ്യാപകമായി വാങ്ങുകയും ഉപേക്ഷിക്കുകയും ചെയ്യുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. വസ്ത്രത്തിന്റെ വില കുറഞ്ഞതായാലും അതിന്റെ നിർമാണം, ഗതാഗതം, വിൽപന തുടങ്ങിയ ഘട്ടങ്ങളിലൂടെ പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതം ഒഴിവാക്കാനാകില്ല. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നതോടെ തുണിമാലിന്യത്തിന്റെ അളവും വർധിക്കും.

യുഎൻ എൻവയോൺമെന്റ് പ്രോഗ്രാമിന്റെ കണക്കുകൾ പ്രകാരം ലോകത്ത് പ്രതിവർഷം ഏകദേശം 9.2 കോടി ടൺ തുണിമാലിന്യമാണ് ഉണ്ടാകുന്നത്. 2000 മുതൽ 2015 വരെ വസ്ത്ര ഉൽപാദനം ഇരട്ടിയായപ്പോൾ വസ്ത്രങ്ങളുടെ ശരാശരി ഉപയോഗകാലം 36 ശതമാനം കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു. 2023ൽ ഉപയോഗിച്ച തുണിനാരുകളിൽ വെറും എട്ട് ശതമാനം മാത്രമാണ് പുനരുപയോഗിച്ചത്. പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഏകദേശം 11 ശതമാനവും ടെക്സ്റ്റൈൽ ഉൽപന്നങ്ങളിൽ നിന്നാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യത്തിലും ആശങ്ക

വിലകുറഞ്ഞ ‘ഡിസ്പോസിബിൾ വസ്ത്രങ്ങൾ’ പലപ്പോഴും കൃത്രിമ നാരുകളും പ്ലാസ്റ്റിക് ഘടകങ്ങളും അടങ്ങിയ കുറഞ്ഞ നിലവാരമുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് നിർമിക്കുന്നതെന്നും വിദഗ്ധർ പറയുന്നു. ഇത്തരം വസ്ത്രങ്ങളുടെ ഉപയോഗം ചിലരിൽ ചർമ്മപ്രശ്നങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നുവെന്ന പേരിൽ വളരുന്ന ഈ പുതിയ ട്രെൻഡ് മറുവശത്ത് ഒറ്റത്തവണ ഉപയോഗ സംസ്കാരത്തെ ശക്തിപ്പെടുത്തുകയും തുണിമാലിന്യം വർധിപ്പിക്കുകയും ചെയ്യുമെന്നതാണ് പ്രധാന ആശങ്ക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img