05:53pm 29 April 2026
NEWS
ദലിതർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ നടി അറസ്റ്റിൽ
05/08/2025  08:26 AM IST
nila
ദലിതർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ നടി അറസ്റ്റിൽ

സമൂഹമാധ്യമത്തിലൂടെ ദലിതർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന നടി മീര മിഥുൻ അറസ്റ്റിൽ.  2021ൽ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് താരം ദലിതർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്.  പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആളുകളെ സിനിമയ്ക്കു പുറത്താക്കണമെന്ന് നടി പറയുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെ ഇവർക്കെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, അന്ന് ജാമ്യത്തിലിറങ്ങിയ മീര പിന്നീട് ഒളിവിൽ പോകുകയായിരുന്നു. 

ജാമ്യത്തിലിറങ്ങിയ മീര കേസിന്റെ വിചാരണയ്ക്ക് ഹാജരാകാതായതിനെ തുടർന്ന് 2022 ഓഗസ്റ്റിൽ കോടതി നടിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതിനു പിന്നാലെയാണ് ഡൽഹിയിൽനിന്ന് ഇവരെ അറസ്റ്റ് ചെയ്തത്. മീരയെ ഓഗസ്റ്റ് 11ന് ചെന്നൈ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. 

ഏഴു വകുപ്പുകൾ പ്രകാരമാണ്  മീര മിഥുനും സുഹൃത്ത് സാമിനുമെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് മൂന്നു വർഷം കഴിഞ്ഞിട്ടും പൊലീസിന് നടിയെ കണ്ടെത്താൻ സാധിക്കാത്തതിൽ കോടതി കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് ഇവരെ പിടികൂടിയത്.  

വിജയ് ടിവിയിലെ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെയാണ് നടി പ്രശസ്തിയിലേക്ക് ഉയർന്നത്. വിജയ് ടിവിയിലെ ജോഡി നമ്പർ വൺ എന്ന പരമ്പരയിലും അവർ മത്സരാർഥിയായി എത്തി. 8 തോട്ടകൾ, താന സെർന്ത കൂട്ടം, ബോധൈ യെരി ബുദ്ധി മാരി തുടങ്ങിയ ചിത്രങ്ങളിലും മീര അഭിനയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.