
കന്നഡത്തിലെ സൂപ്പർതാരമാണ് ശിവരാജ് കുമാർ. കന്നഡിഗർ ദൈവത്തെ പോലെ കരുതി ആരാധിക്കുന്ന, പരേതനായ ഇതിഹാസതാരം ഡോക്ടർ രാജ്‌കുമാറിന്റെ മൂത്ത മകൻ. കാൻസർ ബാധിച്ചിട്ടുണ്ടോ എന്ന സംശയത്തെ തുടർന്നാണ് അദ്ദേഹം ഏതാനും ദിവസം മുമ്പ് ഭാര്യ ഗീതയോടൊപ്പം വിദഗ്ധ പരിശോധനയ്ക്കായി അമേരിക്കയിലേക്ക് പോയത്. ഫ്ലോറിഡയിലെ മിയാമി ഇൻസ്റ്റിറ്റ്യൂറ്റിൽ നടത്തിയ പരിശോധനകൾക്കും പ്രാഥമിക ചികിത്സകൾക്കും ശേഷം ശിവരാജ് കുമാർ രോഗമുക്തനാണെന്ന് കണ്ടെത്തി. അക്കാര്യം എക്‌സിൽ ഷെയർ ചെയ്ത വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹവും ഭാര്യയും ആരാധകരെ അറിയിച്ചു. "അവിടെനിന്ന് പുറപ്പെടുമ്പോൾ ഞാൻ അസ്വസ്ഥനായിരുന്നു. വല്ലാത്തൊരു ഭയം എന്നെ പിടികൂടിയിരുന്നു. ഞാനും ഒരു സാധാരണ മനുഷ്യനാണല്ലോ. എന്നാൽ നിങ്ങളുടെയൊക്കെ പ്രാർത്ഥനയുടെ ഫലമായി ദൈവകൃപയാൽ രോഗമില്ലെന്ന് തെളിഞ്ഞു. ഞാൻ ഊർജ്ജസ്വലനായി തിരിച്ചെത്തും" താരം വ്യക്തമാക്കി. ശിവണ്ണ എന്ന് അടുപ്പമുള്ളവർക്കിടയിൽ അറിയപ്പെടുന്ന അറുപത്തിരണ്ടുകാരനായ ശിവരാജ്‌കുമാർ മൂന്നര പതിറ്റാണ്ടുകാലമായി അഭിനയ രംഗത്തുണ്ട്. നൂറ്റിയിരുപത്തിയഞ്ചിലേറെ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചു. അതിൽ പലതും സൂപ്പർ ഹിറ്റുകളാണ്. ഭാര്യ ഗീത മുൻമുഖ്യമന്ത്രി ബംഗാരപ്പയുടെ മകളാണ്. ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ശിവമോഗയിൽ നിന്ന് ഗീത മത്സരിച്ചിരുന്നെങ്കിലും വിജയിക്കാനായില്ല. ശിവരാജ് കുമാറിന്റെ ഇളയ സഹോദരനും സൂപ്പർതാരവുമായിരുന്ന പുനീത് രാജ്‌കുമാർ രണ്ടുവർഷം മുമ്പാണ് ഹൃദയാഘാതം മൂലം അന്തരിച്ചത്. രജനികാന്തിന്റെ ജയിലറിൽ മോഹൻലാലിനോടൊപ്പം അതിഥി താരമായി വേഷമിട്ട ശിവരാജ് കുമാർ പാൻഇന്ത്യൻ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം മാർച്ച് മാസത്തോടെ ശിവരാജ് കുമാർ ബംഗളുരുവിൽ തിരിച്ചെത്തും. സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ ഗീത പിക്ച്ചേഴ്‌സ് നിർമ്മിച്ച ഭൈരതി ഗണഗൾ ആണ് കഴിഞ്ഞ വർഷാവസാനം പുറത്തിറങ്ങിയ ശിവരാജ് കുമാർ ചിത്രം. ഉത്തരകാന്ധ, 45+,ഭൈരവന കൊനെ പാഠ തുടങ്ങിയ ചിത്രങ്ങൾ ഈ വർഷം പുറത്തുവരും.
Photo Courtesy - Google











