12:37am 13 November 2026
NEWS
കൊല്ലത്തെ യുഡിഎഫിൽ ചർച്ച ഈ മൂന്നു മണ്ഡലങ്ങൾ കേന്ദ്രീകരിച്ച്
02/02/2026  07:24 AM IST
nila
കൊല്ലത്തെ യുഡിഎഫിൽ ചർച്ച ഈ മൂന്നു മണ്ഡലങ്ങൾ കേന്ദ്രീകരിച്ച്

കൊല്ലം ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളെ ഉൾപ്പെടുത്തി യുഡിഎഫിനുള്ളിൽ സീറ്റ് ക്രമീകരണ ചർച്ചകൾ സജീവമാകുന്നു. പുനലൂർ, ചടയമംഗലം, ഇരവിപുരം മണ്ഡലങ്ങളാണ് ഇപ്പോൾ ചർച്ചകളുടെ കേന്ദ്രബിന്ദു. കോൺ​ഗ്രസും മുസ്ലീം ലീ​ഗും ആർഎസ്പിയുമാണ് ജില്ലയിലെ സീറ്റ് വിഭജനം സംബന്ധിച്ച് തിരക്കിട്ട കൂടിയാലോചനകൾ നടത്തുന്നത്. യുഡിഎഫിലെ സീറ്റു വിഭജനം സംബന്ധിച്ച്  ഈ ആഴ്ച തന്നെ അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് നേതാക്കളുടെ സൂചന.

പുനലൂരിൽ തുടർച്ചയായി രണ്ടു തവണ മത്സരിച്ച മുസ്ലിം ലീഗിന് രണ്ടു തവണയും പരാജയമായിരുന്നു നേരിടേണ്ടി വന്നത്. കഴിഞ്ഞ തവണ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് നേരിടേണ്ടിവന്നത്. ഈ പശ്ചാത്തലത്തിലാണ് ഇത്തവണ മണ്ഡലം മാറ്റണമെന്ന ആവശ്യം ലീഗ് തുടക്കത്തിൽ തന്നെ കോൺഗ്രസ് നേതൃത്വത്തിനു മുന്നിൽ അവതരിപ്പിച്ചത്. ലീഗിന്റെ ആവശ്യം അംഗീകരിക്കുന്നതിനോട് കോൺഗ്രസ് അനുകൂല നിലപാടെടുത്തെങ്കിലും പകരം ആവശ്യപ്പെട്ട മണ്ഡലം തന്നെയാണ് ഇപ്പോൾ തർക്കവിഷയം.

ഇരവിപുരം മണ്ഡലമാണ് ലീഗ് ആവശ്യപ്പെട്ടതെങ്കിലും, അത് വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടാണ് ആർ.എസ്.പി സ്വീകരിച്ചത്. ഇതോടെയാണ് പകരം ഏത് മണ്ഡലം എന്ന ചോദ്യത്തിന് ലീ​ഗിനുള്ളിൽ ഉയരുന്നത് ചടയമംഗലം മണ്ഡലം എന്ന പേരാണ്.

മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ശക്തമായ മൽസരം നടത്തിയാൽ ചടയമംഗലം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയാണ് കോൺഗ്രസിനുള്ളത്. പ്രയാർ ഗോപാലകൃഷ്ണൻ ജയിച്ച ഈ മണ്ഡലത്തിൽ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ കുമ്മിൾ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ സ്വാധീനം വർധിപ്പിക്കാനായതും, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം 1027 ആയി ചുരുക്കാനായതും കോൺഗ്രസിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്.

അതേസമയം, ചടയമംഗലം ലീഗിന് നൽകുന്നതിനെതിരെ പ്രാദേശികതലത്തിലും യുഡിഎഫിനുള്ളിലും എതിർപ്പുയരുന്നുണ്ട്. ലീഗിന് ഇരവിപുരം നൽകി, ആർ.എസ്.പിക്ക് ചടയമംഗലം നൽകുന്ന മാതൃകയും ചർച്ചകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിനിടയിൽ സിപിഐയുടെ പ്രാദേശിക നേതാവ് മുസ്തഫ ആർ.എസ്.പിയിൽ ചേർന്നത് രാഷ്ട്രീയ കണക്കുകൂട്ടലുകൾക്ക് പുതിയ വഴിത്തിരിവാണ്.

സീറ്റ് പുനഃക്രമീകരണം നടപ്പായാൽ പുനലൂരിൽ കോൺഗ്രസ് സ്ഥാനാർഥിയെ ഇറക്കാനാണ് ആലോചന. അതേസമയം, ധാരണയിൽ എത്താനായില്ലെങ്കിൽ ലീഗ് സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണയ്ക്കാനുള്ള സാധ്യതയും ചർച്ചയിലുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img