06:53pm 10 September 2026
NEWS
ഫെസ്റ്റിവൽ അലവൻസിൽ വിവേചനം: മുതിർന്ന പത്രപ്രവർത്തകരോട് സർക്കാരിന് ചിറ്റമ്മ നയം
10/09/2025  10:46 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഫെസ്റ്റിവൽ അലവൻസിൽ വിവേചനം:  മുതിർന്ന പത്രപ്രവർത്തകരോട് സർക്കാരിന് ചിറ്റമ്മ നയം

തിരുവനന്തപുരം: ഓണത്തിന് ഫെസ്റ്റിവൽ അലവൻസ് നൽകിയപ്പോൾ മുതിർന്ന പത്രപ്രവർത്തരോട് സർക്കാരിന് ചിറ്റമ്മ നയം.

ഒരേ സ്ഥാപനത്തിൽ ജോലി ചെയ്ത ഒരു വിഭാഗം ജീവനക്കാർക്ക് 1500 രൂപ വീതം ഓണത്തിന് ഫെസ്റ്റിവൽ അലവൻസ് നൽകിയപ്പോൾ അതേ സ്ഥാപനത്തിലെ ജേർണലിസ്റ്റുകളെ സർക്കാർ പടിക്ക് പുറത്തു നിർത്തി.

2022ന് ശേഷം ഇത്തവണയാണ് സർക്കാർ ഫെസ്റ്റിവൽ അലവൻസ് അനുവദിച്ചത് 

അതാവട്ടെ പ്രധാനപ്പെട്ട വിഭാഗത്തെ ഒഴിവാക്കുകയും ചെയ്തു.

1993 ൽ കെ. കരുണാകരൻ പത്രപ്രവർത്തകർക്ക് പെൻഷൻ അനുവദിച്ചപ്പോൾ വിരമിച്ച വർക്കിങ് ജേർണലിസ്റ്റ് എന്നാണ് ഉത്തരവിൽ പറഞ്ഞത്.

പിന്നീട് പത്രങ്ങളിലെ അറ്റന്റർ മുതലുള്ള ജീവനക്കാർക്ക് അവരുടെ സംഘടന നടത്തിയ അഭ്യർത്ഥനയെ തുടർന്ന് ജർണലിസ്റ്റുകൾ വാങ്ങുന്ന പെൻഷൻ തുകയുടെ 60 ശതമാനത്തോളം വരുന്ന തുക പെൻഷനായി അനുവദിക്കുകയായിരുന്നു.

പത്രപ്രവർത്തകർക്കും ജീവനക്കാർക്കും സർക്കാർ നൽകിവരുന്നത് സൗജന്യമായി കൊടുക്കുന്ന ക്ഷേമ പെൻഷനല്ല, മറിച്ചു വിഹിതം സ്വീകരിച്ചുകൊണ്ടുള്ള പങ്കാളിത്വ പെൻഷനാണ്.

രാജ്യത്ത് പങ്കാളിത്വ പെൻഷൻ ആദ്യമായി നടപ്പാക്കിയത് കേരളത്തിൽ പത്രപ്രവർത്തകർക്കാണ്.

ഇതിന്റെ ചുവട് പിടിച്ചാണ് പിന്നീട് ഐഎഎസ് ഓഫിസർമാർക്ക് പങ്കാളിത്വ പെൻഷൻ സർക്കാർ നടപ്പിലാക്കിയത്.

സ്പെഷ്യൽ സെക്രട്ടറിയായിരിക്കെ കെ ജയകുമാർ ഐ എ എസാണ് പത്രപ്രവർത്തക പെൻഷന് തുടക്കം കുറിച്ചത്.

പത്രപ്രവർത്തകരിൽ നിന്ന് വിഹിതം ഈടാക്കിയും സർക്കാർ പരസ്യങ്ങളുടെ 15 ശതമാനം വരുന്ന സംഖ്യ ഡിസ്‌കൗണ്ട് ആയി ഈടാക്കിയുമാണ് ഇതിലേക്കുള്ള ധനസമാഹരണം നടത്തുന്നത്.

ഒരു വിഹിതം സർക്കാരും നിക്ഷേപിക്കും.

വാർത്ത മാധ്യമങ്ങൾക്ക് സർക്കാർ നൽകി വരുന്ന പരസ്യ തുകയുടെ 15 ശതമാനം വീതം ഇങ്ങനെ വർഷങ്ങളായി സർക്കാർ ഈടാക്കി വരികയാണ്.

ഇങ്ങനെ കോടിക്കണക്കിനു  തുക സമാഹരിച്ചു നടത്തി വരുന്ന പെൻഷൻ വിതരണത്തിന്റെ ഭാഗമായ അലവൻസ് വിതരണത്തിലാണ് സർക്കാർ ഇത്തരമൊരു വിവേചനം മുതിർന്ന പത്രപ്രവർത്തകരോട് പുലർത്തിയത്.

സർക്കാരിനെ പിന്തുണച്ചു വരുന്ന പത്രപ്രവർത്തകർവരെ ഈ വിവേചനത്തിൽ കടുത്ത ആസംതൃപ്തി പ്രകടിപ്പിച്ചു വരികയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img