11:04am 30 April 2026
NEWS
കർണാടകം ഭരിക്കുന്ന കോൺഗ്രസ്സിലെ നേതാക്കൾക്കിടയിൽ അസംതൃപ്തി വർദ്ധിക്കുന്നു
24/06/2025  11:35 AM IST
വിഷ്ണുമംഗലം കുമാർ
കർണാടകം ഭരിക്കുന്ന കോൺഗ്രസ്സിലെ നേതാക്കൾക്കിടയിൽ അസംതൃപ്തി വർദ്ധിക്കുന്നു.

ബംഗളുരു: കർണാടകത്തിലെ ഭരണകക്ഷിയായ കോൺഗ്രസ്സിന്റെ എം എൽ എ മാർക്കിടയിൽ അസംതൃപ്തിയും അസ്വസ്ഥതയും വ്യാപകമാവുകയാണ്. അഞ്ചു സൗജന്യങ്ങൾ വാഗ്ദാനം നൽകി രണ്ടുവർഷം മുമ്പ് അധികാരത്തിലേറിയ സിദ്ധരാമയ്യ ഗവണ്മെന്റിന് ആ വാഗ്ദാനങ്ങൾ തൃപ്തികരമായി നിറവേറ്റാനോ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാനോ കഴിയുന്നില്ലെന്ന് കുറ്റപ്പെടുത്തുന്നത് ആ പാർട്ടിയിലെ എംഎൽഎമാർ തന്നെയാണ്. ഭരണകക്ഷിയിലെ ആന്തരികപ്രശ്നം പ്രതിപക്ഷം മുതലെടുക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിലുള്ള ശീതസമരം തുടരവേയാണ് പാർട്ടി എംഎൽഎമാർ ഗവണ്മെന്റിനെതിരെ തിരിയുന്നത്. കൈക്കൂലി നൽകുന്നവർക്കേ പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള രാജീവ്‌ ഗാന്ധി കോർപറേഷനിൽ നിന്ന് വീട് അനുവദിച്ചുകിട്ടുന്നുള്ളൂ എന്ന് എംഎൽഎയായ ബി ആർ പാട്ടീൽ ഭവനമന്ത്രി സമീർ അഹമ്മദ് ഖാന്റെ പി എ യുമായി നടത്തിയ ഫോൺസംഭാഷണം  ലീക്കായി വൻവിവാദമായി മാറിയിരുന്നു. അനധികൃത ഖനനത്തിനെതിരെ ശക്തമായ നടപടികൾ വേണമെന്ന് ചൂണ്ടിക്കാട്ടി നിയമമന്ത്രി എച്ച് കെ പാട്ടീൽ മുഖ്യമന്ത്രിയ്ക്കെഴുതിയ കത്ത് പുറത്തായതും ഗവണ്മെന്റിനെ പ്രതിരോധത്തിലാക്കിയിരുന്നു. അതിന് പുറമെയാണ് ഭരണം പരാജയമാണെന്നും അധികാരത്തിൽ വന്നതിൽ പിന്നെ തന്റെ മണ്ഡലത്തിൽ വികസനപ്രവർത്തനങ്ങൾ ഒന്നുംതന്നെ നടക്കുന്നില്ലെന്നും കുറ്റപ്പെടുത്തിക്കൊണ്ട് ബെളഗാവി കാഗ് വാദിലെ കോൺഗ്രസ്സ് എം എൽ എ ബരംഗൗഡ അലഗൗഡ കാഗെ രംഗത്തുവന്നത്. പലതവണ അഭ്യർത്ഥിച്ചിട്ടും മുഖ്യമന്ത്രി വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നില്ലെന്നും മണ്ഡലത്തിലെ വോട്ടർമാരെ അഭിമുഖീകരിക്കാനാവുന്നില്ലെന്നും എം എൽ എ വ്യക്തമാക്കുന്നു. നിരാശിതരായ ജനപ്രതിനിധികളുടെ നീണ്ട നിരതന്നെ കോൺഗ്രസ്സിലുണ്ട്. പലരും പരസ്യമായി പരാതിപ്പെടുന്നില്ലെന്ന് മാത്രം. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം വികസനപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് കണ്ടെത്താൻ സിദ്ധരാമയ്യ ഗവണ്മെന്റിന് സാധിക്കുന്നില്ല എന്നത് വാസ്തവമാണ്. സൗജന്യങ്ങൾ നിറവേറ്റാൻ ഭീമമായ തുക നീക്കിവെക്കുന്നതിനാലാണ് സാമ്പത്തിക പ്രയാസങ്ങൾ അനുഭവപ്പെടുന്നതെന്ന് ഗവണ്മെന്റുമായ അടുപ്പമുള്ള കേന്ദ്രങ്ങൾ പറയുന്നു. എന്നാൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ കൃത്യമായും ഫലപ്രദമായും നിറവേറ്റുന്നില്ല എന്നതാണ് വാസ്തവം. അകത്ത് അടിഞ്ഞുകൂടിയ പ്രശ്നങ്ങളാണ്  ഇപ്പോൾ പുറത്തുവരുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img