
കൊച്ചി: മലയാള സിനിമ സംവിധായകൻ ഷാഫി അന്തരിച്ചു. 56 വയസായിരുന്നു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. മലയാളിയെ കുടുകുടെ ചിരിപ്പിച്ച ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് വിടപറഞ്ഞത്.
മൃതദേഹം ഇന്നു രാവിലെ ഇടപ്പള്ളി ബിടിഎസ് റോഡിലുള്ള വീട്ടിലെത്തിക്കും. തുടർന്ന് ഒമ്പത് മണി മുതൽ 12 വരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സഹകരണ ബാങ്ക് ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ഇന്ന് നാലിന് കലൂർ മുസ്‌ലിം ജമാഅത്ത് പള്ളിയിൽ. ഭാര്യ ഷാമില. മക്കൾ: അലീമ ഷെറിൻ, സൽമ ഷെറിൻ. 1968 ഫെബ്രുവരിയിൽ എറണാംകുളം പുല്ലേപ്പടിയിലെ കറുപ്പുനൂപ്പിൽ തറവാട്ടിലാണ് റഷീദ് എം.എച്ച്. എന്ന ഷാഫിയുടെ ജനനം. പിതാവ് എം.പി.ഹംസ, മാതാവ് നബീസുമ്മ. പ്രശസ്ത സംവിധായകൻ സിദ്ദീഖ് ഷാഫിയുടെ അമ്മാവനാണ്; സംവിധായകനും നടനുമായ റാഫി (റാഫി മെക്കാർട്ടിൻ) സഹോദരനും.
രാജസേനൻ സംവിധാനം ചെയ്ത ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം തുടങ്ങിയ ഷാഫി, 2001 ൽ ജയറാം നായകനായ വൺമാൻ ഷോ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. പിന്നാലെയെത്തിയ കല്യാണരാമൻ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി.
മായാവി, തൊമ്മനും മക്കളും, പുലിവാൽ കല്യാണം, മേരിക്കുണ്ടൊരു കുഞ്ഞാട്, ചോക്ലേറ്റ്, മേക്കപ്പ് മാൻ, ചട്ടമ്പിനാട്, ടു കൺട്രീസ് തുടങ്ങി ബോക്സ് ഓഫിസിൽ പണക്കിലുക്കവും പ്രേക്ഷകരിൽ ചിരിക്കിലുക്കവും സൃഷ്ടിച്ച ചിത്രങ്ങളുടെ പരമ്പരയാണ് ഷാഫി സമ്മാനിച്ചത്. വിക്രം നായകനായ തമിഴ് ചിത്രം മജാ ഉൾപ്പെടെ 18 സിനിമകൾ സംവിധാനം ചെയ്തു. 2022-ൽ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം. തിരക്കഥാകൃത്ത്, നിർമാതാവ് എന്നി നിലകളിലും ശ്രദ്ധേയനായിരുന്നു.











