
തിരുവനന്തപുരം: മലയാള സിനിമയിലെ വേറിട്ട ചലച്ചിത്രഭാഷയ്ക്ക് ഉടമയായ സംവിധായകൻ ആർ. ശരത്ത് അന്തരിച്ചു. 63 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള ചലച്ചിത്രകാരനാണ് വിടവാങ്ങിയത്.
ഷാജി എൻ. കരുണിന്റെ അസിസ്റ്റന്റായി സിനിമാരംഗത്തെത്തിയ ആർ. ശരത്ത്, 2000ൽ പുറത്തിറങ്ങിയ ‘സായാഹ്നം’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായും തിരക്കഥാകൃത്തായും ശ്രദ്ധ നേടിയത്. വിവിധ വിഭാഗങ്ങളിലായി ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ ചിത്രമായിരുന്നു ‘സായാഹ്നം’. ‘സ്ഥിതി’, ‘സ്വയം പറുദീസ’, ‘ശീലാബതി’, ‘ബുദ്ധനും ചാപ്‌ളിനും ചിരിക്കുന്നു’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളും ശരത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി. ‘സ്വയം’ ആണ് അവസാന ചിത്രം.
ഡോക്യുമെന്ററി രംഗത്തും ശരത്ത് സജീവമായിരുന്നു. ‘ദി പെയിന്റഡ് എപിക്‌സ്’ എന്ന ഡോക്യുമെന്ററി ഒരുക്കുന്നതിനിടെ പ്രശസ്ത ചിത്രകാരൻ രാജാ രവിവർമയുടെ അതുവരെ പൊതുജനങ്ങൾക്ക് കാണാനാകാത്ത ചില ചിത്രങ്ങൾ കണ്ടെത്തിയത് ശ്രദ്ധേയമായിരുന്നു. ചുമർചിത്രങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് 1996ൽ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ജൂനിയർ ഫെലോഷിപ്പിനും അദ്ദേഹം അർഹനായി.
സംവിധായകന്റെ മികച്ച ആദ്യ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാർഡ്, മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം, മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം, മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം, മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്.
ശരത്തിന്റെ ചിത്രങ്ങൾക്ക് ഒൻപത് അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ഒരു ദേശീയ പുരസ്‌കാരവും നാല് സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. വ്യത്യസ്തമായ പ്രമേയങ്ങളും ചലച്ചിത്ര സമീപനവും കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ സംവിധായകനെയാണ് ശരത്തിന്റെ വിയോഗത്തോടെ നഷ്ടമായത്.










