12:44am 10 November 2026
NEWS
പ്രമുഖ നടനും അയാളുടെ ഭാര്യയും ഇത് ഉപയോഗിക്കുന്നുണ്ട്; സിനിമാ ലോകത്തെ ലഹരി ഉപയോ​ഗത്തെ കുറിച്ച് ബൈജു കൊട്ടാരക്കര


27/04/2025  02:02 PM IST
nila
പ്രമുഖ നടനും അയാളുടെ ഭാര്യയും ഇത് ഉപയോഗിക്കുന്നുണ്ട്; സിനിമാ ലോകത്തെ ലഹരി ഉപയോ​ഗത്തെ കുറിച്ച് ബൈജു കൊട്ടാരക്കര

കൊച്ചി: ഷൈൻ ടോം ചാക്കോ ഉൾപ്പെടെ പത്തുപേരെ സിനിമയിൽ നിന്ന് മാറ്റിനിർത്തിയാൽ സിനിമാലോകത്തെ ലഹരി ഉപയോ​ഗത്തിന് മാറ്റമുണ്ടാകുമെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. യുവ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവർ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ പശ്ചാത്തലത്തിലായിരുന്നു ബൈജു കൊട്ടാരക്കരയുടെ പ്രതികരണം. സിനിമാ രം​ഗത്തെ ലഹരി ഉപയോ​​ഗത്തെ കുറിച്ച് എത്രയോ നാളുകളായി പറയുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമാ കുടുംബത്തിലെ പ്രമുഖ നടനും അയാളുടെ ഭാര്യയും ഇത് ഉപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

ബൈജു കൊട്ടാരക്കരയുടെ വാക്കുകൾ ഇങ്ങനെ: 

'സിനിമാ മേഖലയിൽ എല്ലായിടത്തും ഇതുണ്ടെന്ന് എത്രയോ നാളുകളായി പറയുന്നതാണ്. ഷൈൻ ടോം ചാക്കോ തന്നെ ഇക്കാര്യം എക്‌സൈസിനോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. പേരുകൾ അയാൾ തന്നെ പറഞ്ഞു. സിനിമാ കുടുംബത്തിലെ പ്രമുഖ നടനും അയാളുടെ ഭാര്യയും ഇത് ഉപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നത്. അപ്പോൾ ഇതിന്റെ ആഴം എത്രത്തോളമുണ്ടെന്ന് വ്യക്തമാണ്. ഷൈൻ ഇത് പറഞ്ഞപ്പോൾ തന്നെ ഷൈനിനെയും ശ്രീനാഥ് ഭാസിയെയും വെറുതെ വിടുന്ന ലൈനിലേയ്ക്ക് വന്നു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേംബറുമൊക്കെ രണ്ടായി. ഖാലിദിനും അഷ്‌റഫിനും എതിരെ സിനിമാ സംഘടനകളിൽ നിന്ന് ഒരു നടപടിയും ഉണ്ടാകില്ല. ആശാൻ ക്ഷമിക്കും, ശിഷ്യന്മാർ ഉപയോഗിച്ച് കൊണ്ടിരിക്കും. സെറ്റുകളിൽ പരിശോധന നടത്തുമെന്ന് കുറേക്കാലമായി പറയുന്നു. അതിനെ ആദ്യം എതിർത്തത് ഫെഫ്‌ക തന്നെയാണ്. അതിനുശേഷം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എതിർത്തു. ഇപ്പോൾ പറയുന്നു സെറ്റുകളിൽ പരിശോധിച്ചോട്ടെ എന്ന്. അന്ന് മുളയിലേ നുള്ളിയിരുന്നെങ്കിൽ ഇത്രയും വ്യാപകമാകുമായിരുന്നോ?

സ്റ്റീം എഞ്ചിനിൽ കയറുന്നതിലും കഷ്ടമാണ് ഓരോ ക്യാരവാനിലും എന്നാണ് പറയുന്നത്. അത്രത്തോളമാണ് മലയാള സിനിമയിലെ ലഹരി ഉപയോഗം. കുറേക്കാലം മുൻപ് കഞ്ചാവിനെവച്ചുവരെ സിനിമ വന്നു. അന്ന് ആർക്കും ചോദ്യമുണ്ടായില്ല. ഇന്ന് എത്രയോ സംഘടനകളുടെ മറവിൽ വ്യാപകമായി ഉപയോഗിക്കുന്നു. ഷൈൻ ടോം ചാക്കോ ഉൾപ്പെടെ പത്തുപേരെ സിനിമയിൽ നിന്ന് മാറ്റിനിർത്തിയാൽ പരിഹാരമുണ്ടാകും'.

ഇന്നു പുലർച്ചെയാണ് മലയാള സിനിമയിലെ യുവ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവർ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്നാണ് ഇരുവരെയും എക്സൈസ് സംഘം പിടികൂടിയത്. ഷാഹിദ് മുഹമ്മദ് എന്നയാളും ഇവർക്കൊപ്പം അറസ്റ്റിലായിരുന്നു. സംഭവത്തിന് പിന്നാലെ രണ്ട് സംവിധായകരെയും സസ്പെൻഡ് ചെയ്തതായി ഫെഫ്ക അറിയിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img