
ദോഹ: റഷ്യയിൽ നിന്ന് ഖത്തറിലേക്ക് നേരിട്ട് ചാർട്ടർ വിമാന സർവീസുകൾ ആരംഭിക്കുന്നതിനായി പ്രമുഖ ടൂർ ഓപ്പറേറ്ററായ 'ടി.ടി-ട്രാവൽ എൽ.എൽ.സി' (ഫൺ ആൻഡ് സൺ - FUN&SUN) യുമായി 'വിസിറ്റ് ഖത്തർ' തന്ത്രപ്രധാനമായ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ദുബായിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് (എ.ടി.എം) 2026-ന്റെ വേദിയിലാണ് ഇരുസ്ഥാപനങ്ങളും കരാറിലെത്തിയത്.
2026 ഒക്ടോബർ മുതൽ റഷ്യയിലെ പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള ചാർട്ടർ സർവീസുകൾ ആരംഭിക്കുമെന്ന് വിസിറ്റ് ഖത്തർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
2026/2027 ശീതകാല സീസണിൽ റഷ്യയിലെ മോസ്കോ, യെക്കാത്തെറിൻബർഗ് എന്നീ നഗരങ്ങളിൽ നിന്ന് ആരംഭിക്കുന്ന ഈ സർവീസ് വഴി 22,000-ത്തിലധികം റഷ്യൻ വിനോദസഞ്ചാരികൾ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാന സർവീസുകൾക്ക് പുറമെ ബീച്ച് ഫ്രണ്ട് ഹോട്ടലുകൾ, റിസോർട്ടുകൾ, സാംസ്കാരിക കാഴ്ചകൾ എന്നിവ ഉൾപ്പെടുത്തിയുള്ള ആകർഷകമായ അവധിക്കാല പാക്കേജുകളും ഇതോടൊപ്പം ഒരുക്കും.
റഷ്യൻ വിപണിയിൽ ഖത്തർ വിനോദസഞ്ചാരമേഖലയുടെ പ്രചാരം വർധിപ്പിക്കുന്നതിനായി 600-ലധികം ഏജൻസികളുള്ള ഫൺ ആൻഡ് സണ്ണിന്റെ ശൃംഖല ഉപയോഗപ്പെടുത്തി സംയുക്ത മാർക്കറ്റിംഗ് ക്യാമ്പയിനുകളും ട്രേഡ് റോഡ് ഷോകളും സംഘടിപ്പിക്കും. റഷ്യ, സി.ഐ.എസ് രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാനും ഖത്തറിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരണമാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്.










