
12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വിഭാഗത്തിന് പുനർജന്മം. ടെക്സാസ് ആസ്ഥാനമായ കൊളോസൽ ബയോസയൻസസ് എന്ന കമ്പനിയാണ് ഡയർ വൂൾഫ് എന്ന ചെന്നായ വിഭാഗത്തിന് പുനർജന്മം നൽകിയിരിക്കുന്നത്. രണ്ട് ഡയർ വൂൾഫുകളെയാണ് ഗവേഷകർ ഡയർ വൂൾഫിന്റെ പുരാതന ഡിഎൻഎയും ക്ലോണിങും ജീൻ എഡിറ്റിങും ഉപയോഗപ്പെടുത്തി ജന്മം നൽകിയിരിക്കുന്നത്. രണ്ടും ആൺ ചെന്നായ്കളാണ്. റോമുലസ്, റെമസ് എന്നിങ്ങനെയാണ് ഇവയുടെ പേര്.
2024 ഒക്ടോബർ ഒന്നിനാണ് റോമുലസ്, റെമസ് എന്നിവ ജന്മം കൊണ്ടത്. ഇതിന് പിന്നാലെ 2025 ജനുവരിയിൽ ഒരു പെൺ ചെന്നായക്കും ഗവേഷകർ ജന്മം നൽകിയിട്ടുണ്ട്. വംശനാശത്തിൽ നിന്ന് പുനർജനിച്ച ചെന്നായ്കൾ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഒരു കാലത്ത് വടക്കൻ അമേരിക്കയിൽ വിഹരിച്ചിരുന്ന ഇരപിടിയൻ ജീവിയായിരുന്നു ഡയർ വുൾഫ്. ഇപ്പോഴുള്ള ഗ്രേ വൂൾഫിനേക്കാൾ വലുപ്പമുള്ളവയും കട്ടിയുള്ള രോമങ്ങളും ശക്തിയേറിയ താടിയെല്ലും ഉള്ളവയായിരുന്നു ഇവ.
കൊളോസൽ ബയോസയൻസ് പുനരുജ്ജീവിപ്പിക്കാൻ ആഗ്രഹിക്കുന്ന ജീവികളിൽ ഒന്ന് മാത്രമായിരുന്നു ഡയർവൂൾഫ്. പ്രാചീന കാലത്ത് ജീവിച്ചിരുന്ന മാമത്ത്, ഡോഡോ, ടാസ്മാനിയൻ കടുവ എന്നിവയ്ക്കെല്ലാം പുനർജന്മം നൽകാനാണ് കമ്പനിയുടെ ഇനിയുള്ള പദ്ധതി. അതിനുള്ള ജോലികൾ നടക്കുന്നുമുണ്ട്.











