12:53pm 09 November 2026
NEWS
ഫാദർ അമീറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി വിവിധ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികൾ
13/07/2026  12:52 PM IST
nila
ഫാദർ അമീറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി വിവിധ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികൾ

​ദോഹ: ഖത്തർ ഫാദർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ ദോഹയിലെ വിവിധ രാജ്യങ്ങളുടെ അംബാസഡർമാരും നയതന്ത്ര മിഷനുകളും ആഴമേറിയ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ആധുനിക ഖത്തറിന്റെ നിർമ്മിതിക്കും പ്രാദേശിക-അന്തർദേശീയ സമാധാനത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ നയതന്ത്രപ്രതിനിധികൾ അനുസ്മരിച്ചു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനി, രാജകുടുംബം, ഖത്തറിലെ ജനങ്ങൾ എന്നിവരെ അവർ അനുശോചനം അറിയിച്ചു.തുർക്കി അംബാസഡർ ഡോ. മുസ്തഫ ഗോക്സു തന്റെയും തുർക്കി ഭരണകൂടത്തിന്റെയും ജനങ്ങളുടെയും പേരിലുള്ള അനുശോചനം രേഖപ്പെടുത്തി. സമകാലിക ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു നേതാവായിരുന്നു ഫാദർ അമീർ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അറിവിന്റെയും പുരോഗതിയുടെയും വക്താവായിരുന്ന അദ്ദേഹം പലസ്തീൻ ജനതയ്ക്കും ഗാസയ്ക്കും നൽകിയ ശക്തമായ പിന്തുണയും മാതൃകാപരമാണെന്ന് ഗോക്സു കൂട്ടിച്ചേർത്തു. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും ഫാദർ അമീറും തമ്മിലുണ്ടായിരുന്ന ദൃഢമായ സൗഹൃദവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപ്രധാനമായ തലത്തിലേക്ക് ഉയർത്താൻ കാരണമായതായും അദ്ദേഹം അനുസ്മരിച്ചു.
ഫാദർ അമീറിന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വമാണ് ഖത്തറിലെ അഭൂതപൂർവമായ വികസനത്തിന് വഴിയൊരുക്കിയതെന്ന് ചെക്ക്  അംബാസഡർ പീറ്റർ ചാലുപെക്കി പറഞ്ഞു. അയൽരാജ്യങ്ങളുമായുള്ള നല്ല ബന്ധം നിലനിർത്തുന്നതിലും ലോകത്ത് സമാധാനം ഉറപ്പാക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹത്തിന്റെ വിയോഗം കടുത്ത നഷ്ടമാണെന്നും അംബാസഡർ കൂട്ടിച്ചേർത്തു.ഉക്രൈനും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് ശക്തമായ അടിത്തറയിട്ട നേതാവാണ് ഫാദർ അമീറെന്ന് ഉക്രൈൻ അംബാസഡർ ആൻഡ്രി കുസ്മെൻകോ ഓർമ്മിപ്പിച്ചു. ഈ സംഭാവനകൾ പരിഗണിച്ച് ഉക്രൈന്റെ പരമോന്നത ബഹുമതികളിൽ ഒന്നായ 'ഓർഡർ ഓഫ് പ്രിൻസ് യാരോസ്ലാവ് ദി വൈസ്' (ഫസ്റ്റ് ക്ലാസ്) നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തറിന്റെ ആധുനിക ചരിത്രത്തിൽ സുവർണ്ണാക്ഷരങ്ങളാൽ എഴുതപ്പെട്ട പേരാണ് ഫാദർ അമീറിന്റേതെന്ന് അസർബൈജാൻ അംബാസഡർ ഡോ. ആദിഷ് മമ്മദോവ് പറഞ്ഞു. അസർബൈജാന്റെ ദേശീയ നേതാവ് ഹൈദർ അലിയേവും ഷെയ്ഖ് ഹമദും ചേർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തിന് തുടക്കമിട്ടതെന്നും ഖത്തറിലെ ജനങ്ങൾക്ക് ഇതൊരു വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോളണ്ട് അംബാസഡർ തോമസ് സാഡ്സിൻസ്കി, ക്രോയേഷ്യൻ അംബാസഡർ ഡ്രാഗോ ലോവ്‌റിച്ച് എന്നിവരും ഫാദർ അമീറിന്റെ നേതൃത്വ പാടവത്തെയും രാജ്യത്തിന്റെ പുരോഗതിക്കായി അദ്ദേഹം നൽകിയ സംഭാവനകളെയും അനുസ്മരിക്കുകയും ഖത്തറിലെ ഭരണകൂടത്തിനും ജനങ്ങൾക്കും തങ്ങളുടെ അനുശോചനം അറിയിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img