ശബരിമലയിലെ സ്വർണം വിദേശത്തേക്ക് കടത്തിയത് നയതന്ത്ര പാഴ്സൽ സംവിധാനം ഉപയോഗിച്ചോ?

കൊച്ചി: ശബരിമലയിൽ നിന്നുള്ള സ്വർണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര പാഴ്സൽ സംവിധാനം ഉപയോഗിച്ച് വിദേശത്തേക്ക് കടത്തിയിരിക്കാമെന്ന സംശയത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ. ഇതുസംബന്ധിച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചു. നേരത്തെ വിദേശത്തുനിന്ന് നയതന്ത്ര പാഴ്സലിലൂടെ സ്വർണം കേരളത്തിലേക്ക് കടത്തിയ സംഭവങ്ങളിലേക്കാണ് അന്വേഷണം കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ, ഇതേ സംവിധാനം ഉപയോഗിച്ച് കേരളത്തിൽ നിന്നും വിദേശത്തേക്കയച്ച പാഴ്സലുകളിൽ എന്തായിരുന്നു എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
നയതന്ത്ര ചാനൽ ഉപയോഗിച്ച് വിദേശത്തേക്ക് അയച്ച പാഴ്സലുകളുടെ ഉള്ളടക്കം ഇന്നും ദുരൂഹമായി തുടരുന്ന സാഹചര്യത്തിലാണ് അന്വേഷണത്തിന്റെ പരിധി വ്യാപിപ്പിച്ചത്. കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥരായ സ്വപ്ന സുരേഷ്, പി.എസ്. സരിത്ത് എന്നിവരുടെ സഹായത്തോടെ നടന്ന സ്വർണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിൽ ഈ നീക്കങ്ങൾ വീണ്ടും പരിശോധിക്കുകയാണ്.
ശബരിമലയടക്കമുള്ള ദക്ഷിണേന്ത്യയിലെ വിവിധ ആരാധനാലയങ്ങളിൽനിന്ന് മോഷണം പോകുന്ന വിലയേറിയ വസ്തുക്കൾ വിദേശ വിപണികളിലേക്ക് കടത്തുന്ന സംഘടിത ശൃംഖല കേരളത്തിൽ പ്രവർത്തിക്കുന്നുവെന്ന തെളിവുകൾ ലഭിച്ചതോടെയാണ് നയതന്ത്ര പാഴ്സൽ വഴിയുള്ള ഇടപാടുകൾ അന്വേഷണ ഏജൻസികളുടെ ശ്രദ്ധയിൽപ്പെട്ടത്.
കോൺസുലേറ്റിലെ മുൻ ജീവനക്കാരിൽനിന്ന് വിശദമായ വിവരങ്ങൾ ശേഖരിച്ച അന്വേഷണ സംഘം, നയതന്ത്ര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട പഴയ അന്വേഷണ റിപ്പോർട്ടുകളും രേഖകളും വീണ്ടും പരിശോധിച്ചുവരികയാണ്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങളും ചേർന്നാണ് പ്രാഥമിക വിവരശേഖരണം നടത്തുന്നത്. ഉറപ്പായ തെളിവുകൾ ലഭിച്ചാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന.
നയതന്ത്ര പാഴ്സലുകളിൽ യഥാർത്ഥത്തിൽ എന്തൊക്കെ വസ്തുക്കളാണ് വിദേശത്തേക്ക് അയച്ചതെന്ന കാര്യത്തിൽ വ്യക്തമായ രേഖകൾ ഇല്ലെന്നതാണ് അന്വേഷണത്തിലെ ഏറ്റവും വലിയ വെല്ലുവിളി. ഈ ദുരൂഹതയാണ് ഏജൻസികളെ കൂടുതൽ ആശങ്കപ്പെടുത്തുന്നത്.
നയതന്ത്ര സ്വർണക്കടത്ത് കേസിന്റെ അന്വേഷണത്തിൽ, അർഹതയില്ലാത്ത നിരവധി സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് നയതന്ത്ര തിരിച്ചറിയൽ കാർഡുകൾ നൽകിയിരുന്നുവെന്നും അവർ കോൺസുലേറ്റിൽ നിയന്ത്രണമില്ലാതെ പ്രവേശിച്ച് പാഴ്സലുകൾ അയച്ചിരുന്നുവെന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് അന്നത്തെ സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർ ബി. സുനിൽകുമാർ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് മൊഴി നൽകിയിട്ടുണ്ട്.
സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസറുടെ ഒപ്പും സീലും നിർബന്ധമായ നയതന്ത്ര ബാഗേജുകൾ പോലും അവയില്ലാതെ ഗ്രീൻ ചാനൽ വഴി വിമാനത്താവളം കടത്തിവിട്ട സംഭവങ്ങൾ നടന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.











