
കളമശ്ശേരി: രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് കായിക വിദ്യാഭ്യാസ വിഭാഗവും ഗവൺമെന്റ് പോളിടെക്നിക് കോളേജ്, കളമശ്ശേരിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഫിറ്റ്നസ് ട്രെയിനിംഗ് കോഴ്സിന് തുടക്കമായി. സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജ്യുക്കേഷൻ കേരള (CCEK), നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (NSDC) എന്നിവയുടെ മാർഗനിർദേശപ്രകാരം നടത്തുന്ന കോഴ്സിന്റെ ഓറിയന്റേഷൻ പരിപാടി രാജഗിരി കോളേജിൽ സംഘടിപ്പിച്ചു.
കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ഫാ. സാജു എം.ഡി. സി.എം.ഐ.യുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ കോളേജ് അഡ്മിനിസ്ട്രേറ്ററും അസിസ്റ്റന്റ് പ്രൊഫസറുമായ റവ. ഡോ. ഫാ. റിന്റിൽ മാത്യു സി.എം.ഐ. സ്വാഗതം ആശംസിച്ചു. കോളേജ് അസിസ്റ്റന്റ് ഡയറക്ടർ റവ. ഡോ. ഫാ. ഷിന്റോ ജോസഫ് സി.എം.ഐ. ഉദ്ഘാടനം നിർവഹിച്ചു. നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ജില്ലാ കോർഡിനേറ്റർ അജയ് ബി. ആശംസകൾ നേർന്നു.
കായിക വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ. സന്തോഷ് ജെ. കോഴ്സിന്റെ ലക്ഷ്യങ്ങൾ, പഠനരീതി, പ്രായോഗിക പരിശീലന സൗകര്യങ്ങൾ, ഫിറ്റ്നസ് മേഖലയിൽ ലഭ്യമായ തൊഴിൽസാധ്യതകൾ എന്നിവ വിശദീകരിച്ചു.
ഫിറ്റ്നസ് പരിശീലന രംഗത്ത് ആവശ്യമായ പ്രൊഫഷണൽ നൈപുണ്യവും പ്രായോഗിക പരിജ്ഞാനവും വിദ്യാർഥികളിൽ വളർത്തിയെടുക്കുന്നതിനാണ് കോഴ്സ് ലക്ഷ്യമിടുന്നത്. ഫിറ്റ്നസ് മേഖലയിൽ വർധിച്ചുവരുന്ന തൊഴിൽസാധ്യതകൾ പ്രയോജനപ്പെടുത്താൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനും ഈ പരിശീലന പരിപാടി സഹായകമാകും.
Photo Courtesy - Google






