08:00pm 13 November 2025
NEWS
ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് ആഭരണവും പണവും കവർന്ന ഡിവൈഎസ്പിയുടെ മകൻ അറസ്റ്റിൽ
12/11/2025  12:07 PM IST
nila
ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് ആഭരണവും പണവും കവർന്ന ഡിവൈഎസ്പിയുടെ മകൻ അറസ്റ്റിൽ

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് ആഭരണവും പണവും കവർന്ന കേസിൽ ഇരുപത്തേഴുകാരൻ അറസ്റ്റിൽ. ഡിണ്ടിഗൽ ഡിവൈഎസ്പിയായ തങ്കപാണ്ടിയുടെ മകൻ ധനുഷ് (27) റെയ്സ് കോഴ്സ് ആണ് പൊലീസിന്റെ പിടിയിലായത്. പാപ്പനായക്കം പാളയം സ്വദേശിയായ ഇയാൾക്കെതിരെ പൊള്ളാച്ചി ജ്യോതിനഗർ സ്വദേശിനിയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ 25-കാരിയാണ് പരാതി നൽകിയത്.

ഡേറ്റിങ് ആപ്പിൽ “തരുൺ” എന്ന പേരിലാണ് ധനുഷ് യുവതിയുമായി പരിചയപ്പെട്ടത്. കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് നവംബർ 2ന് വൈകിട്ട് നവക്കരയിലെ കുളക്കരയിൽ ഇരുവരും കണ്ടുമുട്ടി. സംസാരിക്കുന്നതിനിടെ സുഹൃത്തിനൊപ്പം എത്തിയ ധനുഷ് യുവതിയെ ഭീഷണിപ്പെടുത്തി മൂന്നു പവൻ സ്വർണാഭരണങ്ങളും മൊബൈൽ വഴി 90,000 രൂപയും കവർന്നു. തുടർന്ന് യുവതിയെ രാമനാഥപുരത്തെ ഹോസ്റ്റലിന് മുന്നിൽ ഇറക്കിവിട്ടു.

രാത്രി 11ന് ശേഷം ഹോസ്റ്റലിൽ പ്രവേശനം ലഭിക്കില്ലെന്നറിയിച്ചതോടെ സമീപത്തെ ഹോട്ടലിൽ മുറിയെടുത്തു നൽകി. ഇതോടെ സംശയം തോന്നിയ യുവതി സഹോദരിയെ വിവരം അറിയിക്കുകയും സഹോദരിയെത്തി പൊലീസിൽ പരാതി നൽകുകയും ചെയ്തു. ആപ്പിലെ വ്യാജ നാമം വഴി നടത്തിയ അന്വേഷണത്തിലാണ് ധനുഷ് പിടിയിലായത്. കോയമ്പത്തൂർ ഈച്ചനാരിയിൽ ഹോട്ടൽ ബിസിനസ് നടത്തുന്ന ധനുഷ് വരുമാനം കുറഞ്ഞതിനെ തുടർന്നാണ് വിവാഹിതരായ സ്ത്രീകളെയും യുവതികളെയും ലക്ഷ്യമാക്കി ഡേറ്റിങ് ആപ്പുകൾ വഴി പണവും ആഭരണവും തട്ടിയെടുത്തതെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img