
ദോഹ: ദോഹ ഇന്റർനാഷണൽ മറൈൻ ഡിഫൻസ് എക്സിബിഷൻ ആൻഡ് കോൺഫറൻസ് (DIMDEX 2026)-ന്റെ ഭാഗമായി, മിഡിൽ ഈസ്റ്റ് നാവൽ കമാൻഡേഴ്സ് കോൺഫറൻസിന് ദോഹയിൽ തുടക്കമായി.
ഖത്തർഉപപ്രധാനമന്ത്രിയുംപ്രതിരോധകാര്യങ്ങളുടെ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസ്സൻ അൽ താനിയുടെ സംരക്ഷണത്തിലും സാന്നിധ്യത്തിലുമായിരുന്നു ഉദ്ഘാടനം.ഖത്തർ സായുധസേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറൽ (പൈലറ്റ്) ജാസിം ബിൻ മുഹമ്മദ് അൽ മന്നായ് അടക്കം നിരവധി മന്ത്രിമാർ, സൈനിക മേധാവികൾ, നാവിക സേനാ കമാൻഡർമാർ, മുതിർന്ന സൈനിക നേതാക്കൾ, നയരൂപകർ, കടൽസുരക്ഷ–പ്രതിരോധ മേഖലകളിലെ വിദഗ്ധർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
മേഖലയിലെ നാവിക സേനകൾ തമ്മിലുള്ള സഹകരണവും സംയുക്ത ഏകോപനവും ശക്തിപ്പെടുത്തുക, കടൽസുരക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളികളെക്കുറിച്ചുള്ള അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കുക, സമുദ്രഗതാഗത സുരക്ഷ, പ്രധാന കടൽപാതകളുടെ സംരക്ഷണം, വിതരണ ശൃംഖലകളുടെ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുക എന്നിവയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
സംയുക്ത നാവിക പ്രവർത്തനങ്ങളിലെ മികച്ച മാതൃകകൾ, വിജയകരമായ അനുഭവങ്ങൾ, നാവിക ശേഷി വികസിപ്പിക്കാനുള്ള മാർഗങ്ങൾ, പ്രവർത്തന സജ്ജത വർധിപ്പിക്കൽ, ആധുനിക സാങ്കേതികവിദ്യകളും നവീകരണങ്ങളും പ്രയോജനപ്പെടുത്തൽ എന്നിവയും സമ്മേളനത്തിൽ ചർച്ച ചെയ്തു. ഇതുവഴി മേഖലാതല സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താനാണ് ലക്ഷ്യം.
ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുലഅസീസ് അൽ ഖുലൈഫി, ഇന്ത്യൻ മഹാസമുദ്രത്തിലെ ഫ്രഞ്ച് സംയുക്ത സേനാ കമാൻഡർ റിയർ അഡ്മിറൽ ഹ്യൂഗ്സ് ലിൻ, അറേബ്യൻ ഗൾഫിലെ യു.കെ. മറൈൻ ഘടക കമാൻഡർ കമഡോർ ഡാൻ തോമസ്, ജോര്ജ്ടൗൺ യൂണിവേഴ്സിറ്റി ഖത്തറിലെ വിസിറ്റിംഗ് പ്രൊഫസർ ലൂസിയാനോ സക്കാര തുടങ്ങിയ പ്രമുഖർ സമ്മേളനത്തിൽ പ്രഭാഷകരായി പങ്കെടുത്തു.
ഈ സമ്മേളനത്തിന്റെ നടത്തിപ്പ്, മേഖലാതലവും അന്താരാഷ്ട്രവുമായ കടൽസുരക്ഷാ ശ്രമങ്ങൾക്ക് പിന്തുണ നൽകാനും, തന്ത്രപരമായ പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്താനും, പ്രതിരോധ സഹകരണത്തിനുള്ള സംവാദ വേദിയായി ഖത്തറിന്റെ പങ്ക് വിപുലപ്പെടുത്താനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് സംഘാടകർ വ്യക്തമാക്കി.











