
തമിഴിൽ 2023-ൽ റിലീസായി സൂപ്പർഹിറ്റായ ചിത്രമാണ് 'പാർക്കിങ്ങ്'. ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ രാംകുമാർ ബാലകൃഷ്ണൻ ആണ്. ഈ ചിത്രത്തിന്റെ വിജയത്തിനെ തുടർന്ന് രാംകുമാർ ബാലകൃഷ്ണൻ സിംബുവിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ പോകുന്നു എന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ പ്രോജക്റ്റ് പിന്നീട് ഉപേക്ഷിക്കപ്പെട്ടു. .
അതിന് ശേഷം സിംബുവിനെ നായകനാക്കി സംവിധാനം ചെയ്യാനിരുന്ന കഥ നടൻ ശിവകാർത്തികേയന്റെ അടുക്കൽ അവതരിപ്പിക്കുകയും, ശിവകാർത്തികേയൻ ഇതിൽ അഭിനയിക്കാൻ സമ്മതിക്കുകയും ചെയ്തു എന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്ന് ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത് തന്നെ തുടങ്ങുവാൻ പോകുകയാണ് എന്നുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ ചിത്രം നിർമ്മിക്കുന്നത് 'പാഷൻ സ്റ്റുഡിയോസ്' ആണത്രേ! തമിഴിലെ ഇപ്പോഴത്തെ സെൻസേഷണൽ സംഗീത സംവിധായകനായ സായ് അപയങ്കർ ആണത്രേ സംഗീതം നൽകുന്നത്. ഇങ്ങിനെയുള്ള വാർത്തകൾ പുറത്തുവന്നു വൈറലായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കാൻ മലയാള നടൻ ദിലീപ് കരാറിൽ ഒപ്പുവെച്ച് എന്നുള്ള വാർത്തയും പുറത്തുവന്നിരിക്കുന്നത്. ദിലീപ് ഇതിന് മുൻപ് വിജയകാന്ത് നായകനായ 'രാജിയം' എന്ന തമിഴ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്തയനുസരിച്ച് ഒരുപാട് വർഷങ്ങൾക്ക് ശേഷം ദിലീപ് വീണ്ടും തമിഴിൽ അഭിനയിക്കാനിരിക്കുകയാണ്.
Photo Courtesy - Google










