
തിരുവനന്തപുരം: പൾസർ സുനിയുടെ വെളിപ്പെടുത്തൽ 2017 ഫെബ്രുവരി 17-ന് ഓടുന്ന കാറിൽവെച്ച് അതിക്രമത്തിനിരയായ നടിയോട് സുനി പറഞ്ഞത്, "എല്ലാം ക്വട്ടേഷന്റെ ഭാഗമാണ്. ഞങ്ങൾ നഗ്നദൃശ്യങ്ങൾ എടുക്കും. ബാക്കി ഡീൽ ഒക്കെ അവർ സംസാരിച്ചോളും..." എന്നായിരുന്നു.
ദിലീപിന്റെ വിമോചനം. മുൻ ഭാര്യ മഞ്ജു വാര്യരുമായുള്ള ബന്ധം അതിജീവിത അറിയിച്ചതിലെ പകയാണ് ക്വട്ടേഷന് പിന്നിലെന്ന പ്രോസിക്യൂഷൻ വാദം വിചാരണക്കോടതി തള്ളി. ഇതോടെ ക്വട്ടേഷൻ നൽകിയ യഥാർത്ഥ വ്യക്തി ആരാണെന്ന ചോദ്യം വീണ്ടും ഉയരുന്നു.
ഗൂഢാലോചന: ദിലീപിന്റെ പ്രതികരണം: വിധിക്കുശേഷം "മഞ്ജു വാര്യരുടെ പരാമർശത്തോടെയാണ് തനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചത്" എന്ന ദിലീപിന്റെ പ്രസ്താവന, പൾസർ സുനിക്ക് പിന്നിലെ 'ക്രിമിനൽ ബുദ്ധി' ആരുടേതെന്ന സംശയം വർദ്ധിപ്പിക്കുന്നു.
ദുരൂഹമായ 'മാഡം': അതിക്രമത്തിന്റെ ദൃശ്യങ്ങൾ പോലീസിന്റെ പിടിയിലാകുന്നതിനു മുൻപ് ഒരു 'മാഡ'ത്തിന് കൈമാറിയെന്ന് സുനി മൊഴി നൽകിയിരുന്നു. ആരാണ് ഈ 'മാഡം' എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കാവ്യാ മാധവന്റെ സ്ഥാപനമായ 'ലക്ഷ്യ'യിൽ സുനി എത്തിയെന്ന മൊഴിയെത്തുടർന്ന് റെയ്ഡ് നടന്നെങ്കിലും 'മാഡം' കാവ്യയാണെന്ന് തെളിയിക്കാനായില്ല.
വിവാഹം മുടക്കലോ?: നടിയുടെ വിവാഹ നിശ്ചയത്തിന് തൊട്ടുപിന്നാലെയാണ് അതിക്രമം നടന്നത്. ദൃശ്യം പകർത്തുന്നതിനിടെ വിവാഹ മോതിരംകൂടി പതിയണമെന്ന് ക്വട്ടേഷൻ നൽകിയ ആൾ നിർദ്ദേശിച്ചതായി സുനി മൊഴി നൽകിയിരുന്നു. ഇത് വിവാഹം മുടക്കാൻ ലക്ഷ്യമിട്ടൊരു ക്വട്ടേഷനായിരുന്നോ എന്ന സംശയം ശക്തമാക്കുന്നു.
തെളിവുകൾ എവിടെ?: കേസിൽ നിർണായകമായ, ദൃശ്യങ്ങൾ പകർത്തിയ ഫോൺ ഇന്നും കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.











