
ദോഹ: കമ്പനികൾക്ക് സകാത്ത് കണക്കാക്കുന്നത് ലളിതവും കൃത്യവുമാക്കുന്നതിനായി ഔഖാഫ്തയ്യാറാക്കിയ
പുതിയ കമ്പനി സകാത്ത് കാൽക്കുലേഷൻ സേവനം
ഇസ്ലാമിക കാര്യ മന്ത്രി ഗാനം ബിൻ ഷഹീൻ അൽ ഗനീം ഉദ്ഘാടനം ചെയ്തു. സകാത്ത് കാര്യ വിഭാഗം മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും അവതരിപ്പിച്ച ഈ സേവനം, ശരീഅ മാനദണ്ഡങ്ങളും അംഗീകൃത അക്കൗണ്ടിംഗ് ചട്ടങ്ങളും ഏകോപിപ്പിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കുന്നതിലും ഇലക്ട്രോണിക് ട്രാൻസ്ഫോർമേഷൻ ശക്തിപ്പെടുത്തുന്നതിലുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് ഈ നടപടിയിലൂടെ പ്രകടമാകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അക്കൗണ്ടന്റുമാർക്കും ധനകാര്യ മാനേജർമാർക്കും സകാത്ത് കണക്കാക്കാൻ വിശ്വസനീയവും ഉപയോക്തൃ സൗഹൃദവുമായ ഉപകരണമാണിതെന്ന് സകാത്ത് കാര്യ വിഭാഗം ഡയറക്ടർ മലല്ല അൽ ജാബർ പറഞ്ഞു.
കമ്പനികൾക്ക് അടയ്ക്കേണ്ട സകാത്ത് തുക വ്യക്തമാക്കുന്ന ഔദ്യോഗിക സർട്ടിഫിക്കറ്റ് വകുപ്പിൽ നിന്ന് ലഭ്യമാകുമെന്നും, ഇത് ആഭ്യന്തര അക്കൗണ്ടിംഗ് നടപടികൾക്ക് സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹ ഐക്യവും സുസ്ഥിര വികസനവും ശക്തിപ്പെടുത്തുന്നതിന് സകാത്ത് ഫണ്ടുകളുടെ പ്രയോജനം വർധിപ്പിക്കുന്നതാണ് സേവനത്തിന്റെ ലക്ഷ്യമെന്നും മന്ത്രാലയം അറിയിച്ചു.











