03:19am 16 October 2026
NEWS
റേഷൻകടകളിൽ ഡിജിറ്റൽ വിപ്ലവം; ഇനി ഡിജിറ്റൽ കറൻസി വഴി റേഷൻ
15/10/2026  01:16 PM IST
ചവറ സുരേന്ദ്രൻപിള്ള
റേഷൻകടകളിൽ ഡിജിറ്റൽ വിപ്ലവം; ഇനി ഡിജിറ്റൽ കറൻസി വഴി റേഷൻ

 

ആറു മാസമായി ഉപയോഗിക്കാത്ത രാജ്യത്തെ 1.58 കോടി റേഷൻകാർഡുകൾ അസാധുവാക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയിരിക്കുന്നു. സ്മാർട്ട് പൊതുവിതരണ സംവിധാനത്തിന്റെ (സ്മാർട്ട് പി.ഡി.എസ്) ഭാഗമായി നിർജീവമായതോ വ്യാജമോ സംശയത്തിലുള്ളതോ ആയ റേഷൻ കാർഡുകളെ നീക്കി പൊതുവിതരണ സംവിധാനം ശുദ്ധീകരിക്കാനാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. 

ആറു മാസത്തിനിടയിൽ ഒരിക്കൽപ്പോലും ഭക്ഷ്യധാന്യം വാങ്ങുന്നതിന് റേഷൻ കാർഡ് ഉപയോഗിക്കാ തിരുന്നതിനാലാണ് ഈ കാർഡുകൾ നിർജീവമായി - Silent Ration Card കണ്ടെത്തി ഡി ആക്ടിവേറ്റ് ചെയ്യുന്നത്. രാജ്യത്തെ ഭക്ഷ്യധാന്യശേഖരം അർഹരായ ഗുണഭോക്താക്കളിൽ തന്നെയാണെത്തുന്നതെന്ന് ഉറപ്പാക്കാനും അനർഹർ ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന ചോർച്ചയും കരിഞ്ചന്തയും തടയുന്നതിനുമായാണ് പി.ഡി.എസ്. ഡേറ്റാബേസ് ശുദ്ധീകരണ പ്രക്രിയയിലേക്ക് കടക്കുന്നതെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. 

റേഷൻ കാർഡുകളുടെ ഡിജിറ്റലൈസേഷൻ,ആധാറുമായി ബന്ധിപ്പിക്കൽ, ഇ- കെ.വൈ.സി. പ്രക്രിയകൾ നടപ്പാക്കുക വഴി 2024 ൽ 5.8 കോടി റേഷൻകാർഡുകളെ പി.ഡി.എസിൽ നിന്ന് നീക്കം ചെയ്ത് ഡേറ്റാബേസ് ശുദ്ധീകരിച്ചിരുന്നു. കേരളത്തിൽ 6 മാസമായി റേഷൻ വാങ്ങാത്ത കാർഡുടമകൾ 5,79,776 പേരാണെന്നും രണ്ടു വിഭാഗം മുൻഗണനാ കാർഡുകളിലായി 15,05, 773 ഗുണഭോക്താക്കൾ ഉണ്ടെന്നും സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കണക്കുകളിൽ വ്യക്തമാക്കുന്നു. ഇതിൽ 5579 മഞ്ഞകാർഡു കളിലായി 6593 പേരും 38708 പിങ്ക് കാർഡുകളിലായി 58 541 പേരും അംഗങ്ങളാണ്. 2026 മുതൽ സെപ്തംബർ 30 വരെയുള്ള കണക്കാണിത്. മുൻഗണനേതര വിഭാഗത്തിൽ 6 മാസമായി റേഷൻ വാങ്ങാത്ത നീലകാർഡുകൾ 11399 ആണ്. ഇതിൽ 265884 ഗുണഭോക്താക്കളുണ്ട്. വെള്ള കാർഡുകൾ 412099 ആണ്. ഇതിൽ 1165364 അംഗങ്ങളുണ്ട്. കാർഡുകളുടെ എണ്ണം കുറയ്ക്കുന്നതിനനുസരിച്ച് സംസ്ഥാനങ്ങൾക്കുള്ള ഭക്ഷ്യധാന്യ വിഹിതവും വെട്ടിക്കുറയ്ക്കാനുള്ള സാധ്യതയുമുണ്ട്. 

റേഷൻ വിതരണ സംവിധാനം പൂർണമായും സിജിറ്റൽ വൽക്കരിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന അത്യാധുനിക സാങ്കേതികവിദ്യാപദ്ധതിയാണ് സ്മാർട്ട് പി.ഡി.എസ്  (SMART- PDS - Scheme for Modernization and Reforms through Technology in Public Distribution System)റേഷൻ വിതരണത്തിലെ അഴിമതിയും ധാന്യ ചോർച്ചയും കരിഞ്ചന്തയും തടഞ്ഞ് അർഹരായ ആളുകൾക്ക് സുതാര്യമായി റേഷൻ ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. 2024 ലാണ് കേരളം ഈ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടത്. 

പദ്ധതി പ്രാബല്യത്തിൽ വരുമ്പോൾ സംസ്ഥാനത്തെ റേഷൻ കാർഡുടമകളെ ബാധിക്കുന്ന ചില കാര്യങ്ങൾ ഇപ്രകാരമാണ്: തുടർച്ചയായി 6 മാസത്തിലേറെ റേഷൻ വാങ്ങാത്ത കാർഡുകൾ മരവിപ്പിക്കും. ഇത്തരം മരവിപ്പിക്കപ്പെട്ട കാർഡുകൾ വീണ്ടും സജീവമാക്കണമെങ്കിൽ മൂന്നു മാസത്തിനകം റേഷൻ കടകളിലെ ഇ-പോസ് മെഷീനിൽ ബയോമെട്രിക് ഇ - കെവൈസി പൂർത്തിയാക്കണം. ആധാർ പരിശോധനയിലൂടെ ഒന്നിലധികം സംസ്ഥാനങ്ങളിലോ കാർഡുകളിലോ പേരുള്ള അംഗങ്ങളെ കണ്ടെത്തി നീക്കം ചെയ്യും. 

ഇനി സ്മാർട്ട് പൊതുവിതരണ സംവിധാനത്തിന്റെ ഗുണഗണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം: റേഷൻകടകളിൽ പണം നൽകുന്നതിന് ഡിജിറ്റൽ ഇ- വാലറ്റ് സൗകര്യം വരും. ഇതിലെ തുക റേഷൻസാധനങ്ങൾ വാങ്ങാൻ മാത്രമേ ഉപയോഗിക്കാനാവു. ഓൺലൈൻ ഇടപാടുകൾക്കായി പണവും കാർഡുകളും സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കുന്ന ഡിജിറ്റൽ സംവിധാനമാണ് ഇ- വാലറ്റ് (ഡിജിറ്റൽ വാലറ്റ്). ഇ- വാലറ്റ് നൽകുന്ന സേവനം ഒരു ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡിനു തുല്യമാണ്. കമ്പ്യൂട്ടറിലോ സ്മാർട്ട് ഫോണിലോ പണം മുൻകൂട്ടി ലോഡ് ചെയ്‌തോ ബാങ്ക് അക്കൗണ്ടുമായി ലിങ്കുചെയ്‌തോ ഉപയോഗിക്കാവുന്ന ഒരു ഇലക്ട്രോണിക് സംവിധാനമാണിത്. മൊബൈൽ ഫോണും അതുമായി ബന്ധിപ്പിച്ച ഇ- വാലറ്റ് സേവനവും ഉൾപ്പെടുത്തിയുള്ള റേഷൻ വിതരണ സംവിധാനം കേരളത്തിൽ തുടക്കത്തിൽ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലാണ് നടപ്പാക്കുന്നത്. 

പദ്ധതി ആദ്യം നടപ്പാക്കാൻ രണ്ട് ജില്ലകൾ തെരഞ്ഞെടുത്തറിയിക്കാൻ കേന്ദ്രീ നിർദേശിച്ചതനുസരിച്ചാണ് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ തീരുമാനം. റിസർവ് ബാങ്ക് പുറത്തിറക്കിയ ഡിജിറ്റൽ കറൻസിയായ ഇ-റുപ്പി (സിബിഡിസി) കേന്ദ്രം സൗജന്യമായി റേഷൻ നൽകുന്ന മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡുടമകൾക്ക് ലഭിക്കത്തക്കവിധത്തിലായിരിക്കും സേവനം. റേഷൻ സബ്‌സിഡി അല്ലെങ്കിൽ സൗജന്യ ധാന്യങ്ങൾക്കുള്ള പണം ഇ-റുപ്പി ടോക്കണുകളായി കാർഡുടമകളുടെ ഫോണിലെ ഇ-റുപ്പി വാലറ്റിലെത്തുന്ന രീതിയാണിത്. തൂക്കം, ഇനം എന്നിവയ്ക്ക് തുല്യമായ ടോക്കണുകളാണ് എത്തുക. റേഷൻ ആനുകൂല്യങ്ങൾ കൃത്യമായി കാർഡുടമകൾക്ക് ഉറപ്പാക്കാനാണിത്. ഈ ടോക്കണുകൾ കൈമാറാൻ കഴിയാത്തതിനാൽ യഥാർഥ ഉപഭോക്താവിനു മാത്രമേ ഇത് ഉപയോഗിക്കാനാവൂ. സ്മാർട്ട്‌ഫോൺ ഇല്ലാത്തവർക്ക് സാധാരണ ഫീച്ചർ ഫോണിൽ ആധാർ അധിഷ്ഠിത ഒടിപി നമ്പർ നൽകിയും റേഷൻ വാങ്ങാം. 

കേരളത്തിൽ ഇ- വാലറ്റുകൾ പ്രചുര പ്രചാരത്തിൽ വന്നു തുടങ്ങിയിട്ടില്ല. സ്മാർട്ട് ഫോണും ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ പോലും ഉപയോഗിക്കുന്നവരും ഇ- വാലറ്റുകളെക്കുറിച്ച് ബോധവാന്മാരല്ല. കേരളത്തിൽ ഇതിന്റെ ഉപയോഗം കൂടുതലും യുവാക്കളിലാണ്. സ്മാർട്ട് പിഡിഎസ് വഴി ഇന്ത്യയിൽ എവിടെയുമുള്ള റേഷൻ കടയിൽ നിന്നും റേഷൻ വാങ്ങാനുള്ള സൗകര്യം ലഭിക്കും. 'വൺ നേഷൻ - വൺ റേഷൻ കാർഡ്' പദ്ധതി നടപ്പാക്കുക സ്മാർട്ട് പിഡിഎസ് പദ്ധതിയുടെ തുടർച്ചയായിട്ടായിരിക്കും. ഈ പ്രോജക്ടിനു 349.9 കോടി രൂപ ചെലവ് വരും. ഇതിൽ 60 ശതമാനം കേന്ദ്ര സർക്കാരാണ് വഹിക്കുന്നത്. സംസ്ഥാനത്ത് 13925 റേഷൻ കടകളും 95, 94,988 റേഷൻ കാർഡുകളുമുണ്ട്. ഇതിൽ 5.95 ലക്ഷം അന്ത്യോദയ അന്നയോജന (എ .എ.വൈ) കാർഡുകളും (മഞ്ഞ), 35.79 ലക്ഷം പ്രിയോറിറ്റി ഹൗസ് ഹോൾഡ്‌സ് - (പി.എച്ച്.എച്ച്) കാർഡുകളും (പിങ്ക്) ആണ്. ബാക്കി 54.21 ലക്ഷം മുൻഗണനേതര വിഭാഗത്തിലുള്ളതാണ്. പരമ്പരാഗത റേഷൻകാർഡുകൾക്കു പകരം ബയോമെട്രിക് വിവരങ്ങടങ്ങിയ ക്യൂ ആർ കോഡുള്ള പ്ലാസ്റ്റിക് സ്മാർട്ട് റേഷൻകാർഡുകൾ വിതരണം ചെയ്യാനും സ്മാർട്ട് പിഡിഎസ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

(സിവിൽ സപ്ലൈസ് ഓഫീസേഴ്‌സ് ഫെഡറേഷൻ  മുൻസംസ്ഥാന പ്രസിഡന്റാണ് ലേഖകൻ -)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img