
ദോഹ: രാജ്യത്തെ ഭക്ഷ്യ-മരുന്ന് സുരക്ഷാ പരിശോധനകളിൽ ഡിജിറ്റൽ ഓട്ടോമേഷൻ സംവിധാനം നടപ്പിലാക്കിയതോടെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമവുമാക്കാൻ സാധിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം (MoPH). അബു സംറ അതിർത്തിയിലെ പരിശോധനാ യൂണിറ്റുകളും ഫുഡ് സേഫ്റ്റി ലബോറട്ടറിയും സന്ദർശിക്കവെ ഹെൽത്ത് കെയർ റെഗുലേറ്ററി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഘാനിം അൽ മന്നായിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച്, അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിശോധനകൾ വേഗത്തിലാക്കുന്നത് വിപണിയിലേക്കുള്ള അവശ്യവസ്തുക്കളുടെ ഒഴുക്ക് തടസ്സമില്ലാതെ തുടരാൻ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ മാർച്ചിൽ മാത്രം 5,970 ഭക്ഷ്യ ഷിപ്പ്‌മെന്റുകൾ അതിർത്തിയിൽ ക്ലിയറൻസ് പൂർത്തിയാക്കി. ഇതിൽ 1,180 സാമ്പിളുകൾ ലബോറട്ടറിയിൽ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി സുരക്ഷ ഉറപ്പുവരുത്തി.ഫെബ്രുവരി 28 മുതൽ ഇതുവരെ ആയിരത്തിലധികം മെഡിക്കൽ ഷിപ്പ്‌മെന്റുകൾ പരിശോധിച്ചു. 25 ലക്ഷത്തിലധികം ഫാർമസ്യൂട്ടിക്കൽ യൂണിറ്റുകളും 157 ലധികം ഡയഗ്നോസ്റ്റിക് മെറ്റീരിയലുകളും കർശനമായ ഗുണനിലവാര പരിശോധനയ്ക്ക് ശേഷം വിപണിയിലേക്ക് റിലീസ് ചെയ്തു.ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ അതിവേഗം പരിശോധിക്കാൻ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ലാബ് അബു സംറ അതിർത്തിയിൽ സജ്ജമാണ്. വിദഗ്ധരായ ഉദ്യോഗസ്ഥരുടെ സേവനവും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്.
കസ്റ്റംസ് അതോറിറ്റിയുമായും അബു സംറ ബോർഡർ മാനേജ്‌മെന്റ് കമ്മിറ്റിയുമായും സഹകരിച്ചാണ് മന്ത്രാലയം ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ദേശീയ മരുന്ന് സുരക്ഷ (National Drug Security) ഉറപ്പാക്കുന്നതിനൊപ്പം ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ മാത്രം ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് മന്ത്രാലയം ഉറപ്പുനൽകുന്നു.











