12:25am 24 June 2026
NEWS

ജൂണ്‍ 25 ന് 'ഡിജിറ്റല്‍ മാസ്റ്റര്‍ ക്ലാസ്'

18/06/2026  11:21 AM IST
 ജൂണ്‍ 25 ന് ഡിജിറ്റല്‍ മാസ്റ്റര്‍ ക്ലാസ്

ജൂണ്‍ മാസം 25 ാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് 4 വരെ തിരുവനന്തപുരം വൈ.എം.സി.എ ഹാളില്‍ നിങ്ങളുടെ ലോകം പണിയൂ എന്ന മാസ്റ്റര്‍ ക്ലാസ് നടക്കും. വൈകീട്ട് 4 മുതല്‍ 6 വരെ ഈ രംഗത്ത് ഉണ്ടാകുന്ന ജോലി സാധ്യതകളെ കുറിച്ചുള്ള കരിയര്‍ ഗൈഡന്‍സ് ചര്‍ച്ചയും ഒരുക്കുന്നുണ്ട്. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ടൂണ്‍സ് അനിമേഷനുമായി ചേര്‍ന്നാണ് മാസ്റ്റര്‍ ക്ലാസും, കരിയര്‍ ഗൈഡന്‍സ് ചര്‍ച്ചയും കേരള കാര്‍ട്ടൂണ്‍ അക്കാദമി സംഘടിപ്പിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് അനിമേഷന്‍ രംഗത്തും, കാര്‍ട്ടൂണ്‍ രംഗത്തും, ഡിസൈന്‍ രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന സംവാദ പരിപാടിയാണ് ഒരുക്കുന്നത്. എ.ഐ. സാങ്കേതിക വിദ്യ ഉപയോഗിച്ച് വരകളെ എങ്ങിനെ മനോഹരമാക്കാമെന്നും, അനിമേഷന്‍ രംഗത്തെ നൂതന വിദ്യകളും, വി.എഫ്.എക്സും പരിചയപ്പെടുത്താന്‍ അതാത് രംഗത്തെ പ്രമുഖരാണ് എത്തുന്നത്. എ.വി.ജി.സി. മേഖലയുടെ വളര്‍ച്ച തിരിച്ചറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപിച്ച  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജിയിലെ ഇസ്പോര്‍ട്സ്, ഗെയിമിങ് വിഭാഗത്തിന്‍റെ തലവന്‍ അജയ് കുമാര്‍ ശ്രീനിവാസന്‍, കാന്താര സിനിമയുടെ വിഷ്വല്‍ ഇഫെക്റ്റ് കൈകാര്യം ചെയ്തതിലൂടെ പ്രശസ്തമായ ചെന്നൈയിലെ ലിറ്റില്‍ ബ്ലാക് സ്റ്റാര്‍ വിഷ്വല്‍ ഇഫെക്റ്റിന്‍റെ സ്ഥാപക മേഘന തിരുമലഷെട്ടി തുടങ്ങി നിരവധി പ്രമുഖര്‍ മാസ്റ്റര്‍ ക്ലാസിന്‍റെ ഭാഗമാകുന്നുണ്ട്. 

വിഷ്വല്‍ ഇഫക്റ്റ്സ് (വി.എഫ്.എക്സ്) എന്നത് സിനിമ നിര്‍മ്മാണത്തിലും വീഡിയോ നിര്‍മ്മാണത്തിലും ലൈവ്-ആക്ഷന്‍ ദൃശ്യങ്ങളും കമ്പ്യൂട്ടര്‍-ജനറേറ്റഡ് ഇമേജറി (സി.ജി.ഐ)യും സംയോജിപ്പിച്ച് ദൃശ്യങ്ങള്‍ സൃഷ്ടിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുന്ന പ്രക്രിയയാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ ചിത്രീകരിക്കാന്‍ വളരെ ചെലവേറിയതോ അപകടകരമോ അസാധ്യമോ ആയ യാഥാര്‍ത്ഥ്യസദൃശമായ പരിസരങ്ങള്‍, ജീവികള്‍, അല്ലെങ്കില്‍ സംഭവങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് ഉപയോഗിക്കുന്നു.

മാസ്റ്റര്‍ ക്ലാസിലേയ്ക്കുള്ള പ്രവേശനം സൗജന്യമാണ്. പക്ഷെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്.  താത്പര്യമുള്ളവര്‍ക്ക്  9249494908, 9074945757, 9995176899 എന്നീ ഏതെങ്കിലും നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ജൂണ്‍ 24 ന് രജിസ്ട്രേഷന്‍ സമാപിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img