
ദോഹ:ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും സഹായകരമാകുന്ന അറബിക് അസിസ്റ്റീവ് ടെക്നോളജി (ആശയവിനിമയ-സാങ്കേതിക സഹായ സംവിധാനങ്ങൾ), ഡിജിറ്റൽ ആക്സസിബിലിറ്റി സൊല്യൂഷനുകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി 'മദ ഇന്നൊവേഷൻ അവാർഡ് 2026' പ്രഖ്യാപിച്ചു. മദ അസിസ്റ്റീവ് ടെക്നോളജി സെന്റർ സംഘടിപ്പിക്കുന്ന ഈ പുരസ്കാരത്തിന് സാമൂഹിക-കായിക സംഭാവന ഫണ്ടാണ് (DAAM) സാമ്പത്തിക സഹായം നൽകുന്നത്.
ഇതുമായി ബന്ധപ്പെട്ട് ദോഹയിൽ നടന്ന വാർത്താസമ്മേളനത്തിൽ മദ വൈസ് ചെയർപേഴ്സൺ അമാനി അൽ തമീമിയാണ് പുരസ്കാര വിവരങ്ങൾ പ്രഖ്യാപിച്ചത്. ഭിന്നശേഷിക്കാരുടെയും മുതിർന്നവരുടെയും ജീവിതനിലവാരം ഉയർത്താനും വിദ്യാഭ്യാസം, തൊഴിൽ, പൊതുസേവനങ്ങൾ എന്നിവ അവരിലേക്ക് എളുപ്പത്തിൽ എത്തിക്കാനും ലക്ഷ്യമിട്ടാണ് ഈ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയിൽ അറബിക് ഭാഷയിലുള്ള ഇത്തരം സാങ്കേതികവിദ്യകളുടെ കുറവ് പരിഹരിക്കാൻ ഈ സംരംഭം വലിയ പങ്ക് വഹിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
6 ലക്ഷം റിയാലിന്റെ ഗ്രാന്റുകൾ
അവാർഡിന്റെ ആകെ തുക 6,00,000 ഖത്തർ റിയാലാണ് (6 Lakhs QAR). മൂന്ന് വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെടുന്ന ജേതാക്കൾക്ക് തങ്ങളുടെ നൂതന ആശയങ്ങളും പ്രോജക്ടുകളും കൂടുതൽ വികസിപ്പിക്കുന്നതിനായാണ് ഈ തുക ഗ്രാന്റുകളായി നൽകുകയെന്ന് മദ സെന്റർ ഐസിടി ആക്സസിബിലിറ്റി ഇന്നൊവേഷൻ ആൻഡ് റിസർച്ച് വിഭാഗം തലവൻ ഡോ. അഷ്റഫ് ഉസ്മാൻ വ്യക്തമാക്കി.സാങ്കേതികവിദ്യയിലൂടെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സുസ്ഥിര സമൂഹം കെട്ടിപ്പടുക്കുകയാണ് ദാം (DAAM) ഫണ്ടിന്റെ ലക്ഷ്യമെന്ന് പ്രോഗ്രാം ഡയറക്ടർ ഹസൻ യൂസഫ് അൽ ഉബൈദിലി പറഞ്ഞു.
ലോകമെമ്പാടുമുള്ള ഗവേഷകർക്കും സ്റ്റാർട്ടപ്പുകൾക്കും ഡെവലപ്പർമാർക്കും ഈ അവാർഡിനായി അപേക്ഷിക്കാം. ജൂൺ 20 വരെയാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം. 2026 ഡിസംബറിനും 2027 ജനുവരിക്കുമിടയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.











