
ദോഹ: പുതിയ അധ്യയന വർഷത്തിൽ (2026-2027) രാജ്യത്തെ മുഴുവൻ സർക്കാർ സ്കൂളുകളിലും സ്കൂൾ ബസുകളിലും വിദ്യാർഥികളുടെ ഹാജർ രേഖപ്പെടുത്താൻ നൂതന ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുന്നു. 'ഹുദൂരി' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി കൈപ്പത്തി തിരിച്ചറിയൽ (Palm Recognition) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. മുൻപ് ആറ് സ്കൂളുകളിലായി 5,000 വിദ്യാർഥികളെ ഉൾപ്പെടുത്തി നടത്തിയ പൈലറ്റ് പ്രോജക്ട് വിജയകരമായതിനെ തുടർന്നാണ് പദ്ധതി പൂർണ്ണമായി നടപ്പിലാക്കാൻ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്.സ്ക്രീനിൽ തൊടാതെ തന്നെ കൈപ്പത്തി യന്ത്രത്തിന് സമീപം കാണിക്കുന്നതിലൂടെ അതിവേഗം ഹാജർ രേഖപ്പെടുത്താം.സ്കൂളിൽ എത്തുമ്പോഴും വൈകുന്നേരം തിരികെ പോകുമ്പോഴും സ്കൂൾ വളപ്പിലെ ഉപകരണങ്ങൾ വഴി രണ്ടുതവണ ഹാജർ രേഖപ്പെടുത്തണം.വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്കൂൾ അച്ചടക്കം മെച്ചപ്പെടുത്തുന്നതിനും പുറമെ, അധ്യാപകരുടെയും സൂപ്പർവൈസർമാരുടെയും ഭരണപരമായ ജോലിഭാരം കുറയ്ക്കാൻ ഇത് സഹായിക്കും. തത്സമയ ഹാജർ വിവരങ്ങൾ രക്ഷിതാക്കൾക്ക് ലഭ്യമാക്കാനും പദ്ധതിയിലൂടെ സാധിക്കും.











