
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വൈസ് ചാൻസലർ (വി.സി) നിയമനത്തിനായി സർക്കാർ നൽകിയ പാനൽ നിയമവിരുദ്ധമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യൂണിവേഴ്സിറ്റി ആക്ട് പ്രകാരമുള്ള മാനദണ്ഡങ്ങൾ പാനലിൽ പാലിച്ചിട്ടില്ലെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.
സർവകലാശാലാ നിയമമനുസരിച്ച്, താത്കാലിക വി.സി നിയമനത്തിന് പ്രോ വൈസ് ചാൻസലർ, സമീപത്തെ സർവകലാശാലയിലെ വി.സി, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരെയാണ് പരിഗണിക്കേണ്ടത്. എന്നാൽ സർക്കാർ നൽകിയ പാനലിൽ ഈ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല. രണ്ട് സർവകലാശാലകളിലും പ്രോ വൈസ് ചാൻസലർമാരില്ല. അക്കാദമിക് പശ്ചാത്തലമില്ലാത്ത വകുപ്പ് സെക്രട്ടറിയെ യു.ജി.സി ചട്ടപ്രകാരം നിയമിക്കാനാവില്ലെന്നും ഗവർണർ വ്യക്തമാക്കി.
സമീപത്തെ ഏക സ്ഥിരം വി.സി ആരോഗ്യ സർവകലാശാലയിലെ ഡോ. മോഹനൻ കുന്നുമ്മേലാണ്. സാങ്കേതിക, ഡിജിറ്റൽ സർവകലാശാലാ ആക്ടുകൾ യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് സുപ്രീം കോടതിയിൽ നൽകുന്ന അപ്പീലിൽ ഗവർണർ ചൂണ്ടിക്കാട്ടും. താത്കാലിക വി.സി നിയമനം ആക്ടിലുണ്ടെങ്കിലും യു.ജി.സി ചട്ടപ്രകാരം താത്കാലിക വി.സിയെന്ന തസ്തികയില്ല.
രണ്ട് വി.സിമാരുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് പിശകുകളുള്ള സർവകലാശാലാ ആക്ടുകൾ മാത്രം കണക്കിലെടുത്താണെന്ന് ഗവർണർ പറയുന്നു. വി.സി നിയമനത്തിൽ സർക്കാരിന് പങ്കില്ലെന്നും ഗവർണർക്ക് മേൽ ബാഹ്യസമ്മർദ്ദം പാടില്ലെന്നുമുള്ള സുപ്രീംകോടതി ഉത്തരവുകൾ ഹൈക്കോടതി പരിഗണിച്ചിട്ടില്ലെന്നും ഗവർണർ വാദിക്കുന്നു.
യു.ജി.സി ചട്ടപ്രകാരം സർവകലാശാലകളുടെ ആക്ട് ഭേദഗതി ചെയ്തിട്ടില്ല. സാങ്കേതിക സർവകലാശാലയുടെ വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധിക്ക് പകരം എ.ഐ.സി.ടി.ഇ പ്രതിനിധിയാണ്. സർക്കാരുമായി ബന്ധമുള്ള ആരും പാടില്ലെന്നിരിക്കെ, ചീഫ് സെക്രട്ടറി സെർച്ച് കമ്മിറ്റി അംഗമാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. വി.സി നിയമനത്തിൽ സർക്കാരിന്റെയടക്കം ഒരു തരത്തിലുള്ള ഇടപെടലും പാടില്ലെന്ന് കണ്ണൂർ വി.സിയായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രനെ പുറത്താക്കിയുള്ള ഉത്തരവിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയങ്ങളും അപ്പീലിൽ ഉന്നയിക്കും. ഹൈക്കോടതി ഉത്തരവിലൂടെ പുറത്തായ ഡോ. സിസാതോമസ് (ഡിജിറ്റൽ), ഡോ. കെ. ശിവപ്രസാദ് (സാങ്കേതികം) എന്നിവരുടെ കാര്യത്തിലാണ് നിലവിലെ തർക്കം.
ഗവർണർക്കായി അറ്റോർണി ജനറൽ
അപ്പീലിൽ ഗവർണർക്കായി അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി ഹാജരാകും. അറ്റോർണി ജനറലുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ഗവർണർ ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. യു.ജി.സിയെയും കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തെയും കേസിൽ കക്ഷികളാക്കും. വി.സി നിയമനത്തിലെ നിലപാട് യു.ജി.സി കോടതിയിൽ വ്യക്തമാക്കും.











