
ദോഹ:ഖത്തർ പൗരന്മാർക്കായി സബ്സിഡി നിരക്കിൽ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കൾ ഇനി വീടുകളിലെത്തിക്കുന്ന ഹോം ഡെലിവറി സേവനം ആരംഭിക്കുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം (Ministry of Commerce and Industry) അറിയിച്ചു. Rafeeqയും Snoonuവുമുമായി സഹകരിച്ചാണ് പുതിയ സേവനം നടപ്പിലാക്കുന്നതെന്ന് മന്ത്രാലയം സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
പുതിയ പദ്ധതിയുടെ ഭാഗമായി, അർഹരായ ഗുണഭോക്താക്കൾക്ക് രാജ്യവ്യാപകമായി അവരുടെ ഭക്ഷ്യ റേഷൻ സാധനങ്ങൾ നേരിട്ട് വീടിന്റെ വാതിൽക്കൽ ലഭിക്കും.വിതരണത്തിന്റെ കൃത്യതയും സുരക്ഷയും ഉറപ്പാക്കുന്നതിനായി, ഗുണഭോക്താക്കൾക്ക് വെരിഫിക്കേഷൻ കോഡ് അയച്ചു തിരിച്ചറിയൽ സ്ഥിരീകരിച്ച ശേഷമായിരിക്കും ഡെലിവറി പൂർത്തിയാക്കുക.
ഈ സേവനത്തിനായി 25 ഖത്തർ റിയാൽ ഡെലിവറി ഫീസ് ഈടാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഗുണഭോക്താക്കൾക്ക് Rafeeq, Snoonu മൊബൈൽ ആപ്പുകൾ വഴി ഓർഡർ നൽകാൻ കഴിയും. റേഷൻ കാർഡിന്റെ താഴെ അച്ചടിച്ചിരിക്കുന്ന എട്ട് അക്ക നമ്പർ ആപ്പിൽ നൽകിയാണ് ഓർഡർ പ്രക്രിയപൂർത്തിയാക്കേണ്ടത്.സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക, ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുക, ഗുണഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുക എന്നിവയാണ് പുതിയ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ അനിവാര്യ പൊതുസേവനങ്ങളുടെ ഡിജിറ്റൽ പരിവർത്തനത്തിലേക്കുള്ള മറ്റൊരു നിർണായക ഘട്ടമായാണ് ഈ സംരംഭത്തെ വിലയിരുത്തുന്നത്.










