
തിരുവനന്തപുരം∙ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്ത് ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും വിട്ടുനല്‍കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ദേവസ്വം ബോര്‍ഡിനെ അറിയിച്ചു. തീര്‍ഥാടന കാലത്തെ ആരോഗ്യസേവനങ്ങള്‍ക്കായി ദേവസ്വം വകുപ്പ് തന്നെ പ്രത്യേക ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന ദേവസ്വം കമ്മിഷണര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
ശബരിമലയില്‍ സേവനത്തിനെത്തുന്ന ഡോക്ടര്‍മാര്‍ക്ക് മതിയായ താമസ-ഭക്ഷണ സൗകര്യങ്ങള്‍ ലഭ്യമാകുന്നില്ലെന്നും യാത്രാബത്ത അനുവദിക്കുന്നതില്‍ കാലതാമസം നേരിടുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മണ്ഡല-മകരവിളക്ക് സീസണില്‍ ആരോഗ്യവകുപ്പില്‍നിന്ന് 500-ലധികം ഡോക്ടര്‍മാരെയും 300-ലധികം നഴ്‌സിങ് ഓഫിസര്‍മാരെയും 800-ലധികം മറ്റ് ജീവനക്കാരെയും വിവിധ കേന്ദ്രങ്ങളിലേക്ക് നിയോഗിക്കുന്നുണ്ട്. ഇതിന് പുറമെ ആരോഗ്യവിദ്യാഭ്യാസ വകുപ്പില്‍നിന്നും നൂറോളം ഡോക്ടര്‍മാരെ വിന്യസിക്കേണ്ടിവരുന്നു. മാസപൂജയ്ക്കായി 20 അംഗ സംഘത്തെയും പ്രത്യേകമായി നിയോഗിക്കുന്നുണ്ട്.
ഇത്തരത്തില്‍ വലിയ തോതില്‍ ജീവനക്കാരെ മാറ്റിനിയോഗിക്കുന്നത് ആരോഗ്യവകുപ്പിന് മനുഷ്യവിഭവശേഷിയുടെയും സാമ്പത്തികത്തിന്റെയും നഷ്ടമുണ്ടാക്കുന്നുവെന്നാണ് വിലയിരുത്തല്‍. നിരവധി ദിവസങ്ങള്‍ ഡോക്ടര്‍മാര്‍ ആശുപത്രികളില്‍നിന്ന് വിട്ടുനില്‍ക്കുന്നത് രോഗീപരിചരണത്തെയും മറ്റ് ആരോഗ്യസേവനങ്ങളെയും ബാധിക്കുന്നതായും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
അതേസമയം, ആരോഗ്യവകുപ്പും ദേവസ്വം വകുപ്പും ഒരേ മന്ത്രിയുടെ കീഴിലുള്ളതിനാല്‍ വിഷയത്തില്‍ ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ആരോഗ്യവകുപ്പിന്റെ കത്ത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചു. വിഷയത്തില്‍ സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുമെന്നും വകുപ്പുതലത്തില്‍ പരിഹരിക്കാവുന്ന കാര്യങ്ങള്‍ ചര്‍ച്ചയിലൂടെ തീര്‍പ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.










