പി.എസ്.സി–ഗുരുവായൂർ ദേവസ്വം നിയമനങ്ങളിൽ മുഖ്യമന്ത്രിക്ക് വിമർശനം; ചർച്ച ഉറപ്പുനൽകി സമവായം.

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ ആറുമാസം പൂർത്തിയാക്കിയ ദിവസത്തെ മന്ത്രിസഭാ യോഗത്തിൽ നിയമനങ്ങളെച്ചൊല്ലി രൂക്ഷമായ അഭിപ്രായഭിന്നത ഉയർന്നതായി വിവരം. പി.എസ്.സി അംഗങ്ങളുടെയും ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളുടെയും നിയമനത്തിൽ മതിയായ കൂടിയാലോചന നടന്നില്ലെന്നായിരുന്നു മന്ത്രിമാരുടെ പ്രധാന വിമർശനം. രണ്ടുമണിക്കൂറോളം നീണ്ട ചർച്ചകൾക്കൊടുവിൽ, ഭാവിയിലെ നിയമനങ്ങളിൽ കൂട്ടായ ചർച്ച ഉറപ്പാക്കാമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടോടെയാണ് സമവായമായത്.
പി.എസ്.സിയിലെ അഞ്ച് ഒഴിവുകളിലേക്ക് നിർദേശിച്ച പേരുകൾ മുഖ്യമന്ത്രി അവതരിപ്പിച്ചതോടെയാണ് തർക്കത്തിന് തുടക്കമായത്. നിയമനത്തിൽ തിടുക്കം കാണിക്കുന്നതെന്തിനെന്നും ആരുമായി ചർച്ച ചെയ്താണ് പട്ടിക തയ്യാറാക്കിയതെന്നും മന്ത്രി എ.പി. അനിൽകുമാർ ചോദിച്ചു. രാഷ്ട്രീയ നിയമനമായിട്ടും കെ.പി.സി.സി പ്രസിഡന്റായ തന്നെ വിവരം അറിയിച്ചില്ലെന്ന് മന്ത്രി സണ്ണി ജോസഫും വിമർശിച്ചു. നിയമനം ഉടൻ നടത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.
അനിൽകുമാറും സണ്ണി ജോസഫും നിലപാടിൽ ഉറച്ചുനിന്നപ്പോൾ മന്ത്രിമാരായ കെ. മുരളീധരനും പി.കെ. കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയുടെ തീരുമാനത്തെ പിന്തുണച്ചു. തുടർന്ന് രമേശ് ചെന്നിത്തല ഇടപെട്ടാണ് സമവായത്തിന് വഴിയൊരുക്കിയത്. പി.എസ്.സിയിൽ പിന്നീട് ഒഴിവുവരുന്ന 16 അംഗങ്ങളുടെ നിയമനത്തിൽ കോൺഗ്രസിനും ഘടകകക്ഷികൾക്കും ലഭിക്കേണ്ട പ്രാതിനിധ്യം ചർച്ചചെയ്ത് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതോടെയാണ് തർക്കം അവസാനിച്ചത്.
നിലവിലെ അഞ്ച് ഒഴിവുകളിൽ നാലെണ്ണം കോൺഗ്രസിനും ഒരെണ്ണം മുസ്ലിം ലീഗിനുമാണ്. അഡ്വ. ജി. ഗോപകുമാർ, രമേശ് എം. തമ്പി, പ്രൊഫ. റോസമ്മ ഫിലിപ്, ആർ. സനൽകുമാർ എന്നിവരാണ് കോൺഗ്രസ് പ്രതിനിധികൾ. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയമാണ് ലീഗ് പ്രതിനിധി. കോൺഗ്രസ് പട്ടികയിൽ കെ.സി. വേണുഗോപാൽ പക്ഷത്തുനിന്ന് ഇടംനേടിയത് സനൽകുമാറാണ്.
ഗുരുവായൂർ ദേവസ്വം ഭരണസമിതി നിയമനത്തിലും സമാനമായ എതിർപ്പ് ഉയർന്നു. നായർ സമുദായത്തിൽനിന്ന് രണ്ടുപേരെയും ഉദ്യോഗസ്ഥ പ്രാതിനിധ്യത്തിൽ ഈഴവ സമുദായത്തിൽനിന്ന് ഒരാളെയും ഉൾപ്പെടുത്തിയുള്ള ഫയലിൽ മന്ത്രി തുളസി ഒഴികെയുള്ള ഹിന്ദു മന്ത്രിമാർ ആദ്യം ഒപ്പുവച്ചിരുന്നില്ല. പൊതുവിഭാഗത്തിൽ ഈഴവ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യമാണ് ചില മന്ത്രിമാർ ഉന്നയിച്ചത്. രമേശ് ചെന്നിത്തല നിർദേശിച്ച വ്യക്തിയെ പട്ടികയിൽ ഉൾപ്പെടുത്താത്തതും ചർച്ചയായി.
തന്റെ അറിവോടെയാണ് പട്ടിക തയ്യാറാക്കിയതെന്ന് കെ. മുരളീധരൻ വിശദീകരിച്ചെങ്കിലും മറ്റു മന്ത്രിമാരുടെ എതിർപ്പ് നീങ്ങിയില്ല. പട്ടികയെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് സണ്ണി ജോസഫും വ്യക്തമാക്കി. തീരുമാനങ്ങൾക്ക് മുമ്പ് കൂട്ടായ ആലോചന വേണമെന്ന ആവശ്യം ശക്തമായതോടെ, അടിയന്തരമായി തീരുമാനമെടുക്കേണ്ടിവന്നതിനാലാണ് ചർച്ച നടക്കാതിരുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഭാവിയിൽ കൂടിയാലോചന നടത്താമെന്ന ഉറപ്പിനെത്തുടർന്ന് മന്ത്രിമാർ ഫയലിൽ ഒപ്പിടാൻ തയ്യാറായി.
പാലക്കാട് ഡി.സി.സി മുൻ പ്രസിഡന്റ് സി.വി. ബാലചന്ദ്രൻ, ശിവൻ പാലിയത്ത്, പി. അഭിലാഷ് എന്നിവരാണ് ദേവസ്വം ഭരണസമിതിയിലേക്കുള്ള അംഗങ്ങൾ.
തന്റെ മന്ത്രിസഭയിൽ ആരും വിധേയരല്ലെന്നും പോക്കറ്റിൽനിന്നെടുക്കുന്ന കടലാസ് വായിക്കുമ്പോൾ അംഗീകരിക്കുന്ന മന്ത്രിസഭയല്ല ഇതെന്നും മുഖ്യമന്ത്രി ഡൽഹിയിൽ പറഞ്ഞതിന് പിന്നാലെയാണ്, നിയമനങ്ങളിൽ കൂട്ടായ തീരുമാനമെടുക്കണമെന്ന ആവശ്യം മന്ത്രിസഭയ്ക്കുള്ളിൽ ശക്തമായി ഉയർന്നത്.
Photo Courtesy - Google










