05:02pm 18 October 2026
NEWS
‘പഴയതൊക്കെ മറക്കണോ?’; ഉമ്മൻ ചാണ്ടിയെ ഓർമിപ്പിച്ച് സി.ആർ. മഹേഷ്, സിഎംആർഎൽ കേസിൽ കോൺഗ്രസിൽ ഭിന്നത തുടരുന്നു
18/10/2026  07:48 AM IST
nila
‘പഴയതൊക്കെ മറക്കണോ?’; ഉമ്മൻ ചാണ്ടിയെ ഓർമിപ്പിച്ച് സി.ആർ. മഹേഷ്, സിഎംആർഎൽ കേസിൽ കോൺഗ്രസിൽ ഭിന്നത തുടരുന്നു

പിണറായി വിജയനെതിരായ സിഎംആർഎൽ കേസിൽ സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാടിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നു. മാത്യു കുഴൽനാടനും ചാണ്ടി ഉമ്മനും പിന്നാലെ സി.ആർ. മഹേഷ് എംഎൽഎയും പരോക്ഷ വിമർശനവുമായി രംഗത്തെത്തിയതോടെ വിഷയം വീണ്ടും ചർച്ചയാകുന്നു.

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് കേസിൽ പിണറായി വിജയനെതിരായ നിയമനടപടിയിൽ സർക്കാർ സ്വീകരിച്ച നിലപാട് കോൺഗ്രസിനുള്ളിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കുന്നു. സർക്കാരിന്റെ സമീപനത്തെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ന്യായീകരിക്കുമ്പോഴും പാർട്ടിയിലെ ഒരു വിഭാഗം അതിനെ അംഗീകരിക്കാൻ തയ്യാറല്ലെന്ന സൂചനയാണ് നേതാക്കളുടെ പ്രതികരണങ്ങൾ നൽകുന്നത്.

ഉമ്മൻ ചാണ്ടിയെ ഓർമിപ്പിച്ചുകൊണ്ടുള്ള സി.ആർ. മഹേഷ് എംഎൽഎയുടെ സമൂഹമാധ്യമ പോസ്റ്റാണ് ഏറ്റവും ഒടുവിൽ ശ്രദ്ധ നേടിയത്. 'ഗോഡ്ഫാദർ' സിനിമയിലെ അഞ്ഞൂറാന്റെ 'മറക്കണോ, പഴയതൊക്കെ ഞാൻ മറക്കണോ, എന്തൊക്കെയാടോ ഞാൻ മറക്കേണ്ടത്' എന്ന ഡയലോഗ് പങ്കുവച്ച മഹേഷ്, 'തൽക്കാലം ഇതിവിടെ കിടക്കട്ടെ, ബാക്കി പിന്നെ' എന്നും കുറിച്ചു. പോസ്റ്റിനു താഴെ ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവച്ചുകൊണ്ടുള്ള കമന്റുകളും നിറഞ്ഞു.

കേസിൽ ആഭ്യന്തരവകുപ്പിന്റെ നിലപാടിനെ ചോദ്യംചെയ്ത മഹേഷ്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് അടുപ്പം പുലർത്തുന്ന നേതാവാണെന്നതും രാഷ്ട്രീയമായി ശ്രദ്ധേയമാണ്. ഇതിനിടെ, 'ഞാൻ ഒരിക്കലും പ്രതികാരം ആഗ്രഹിക്കുന്ന ആളല്ല' എന്ന് ഉമ്മൻ ചാണ്ടി പറയുന്ന വിഡിയോ മകൾ മറിയ ഉമ്മനും പങ്കുവച്ചു.

പിണറായി വിജയനും സിപിഎമ്മും ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ അനുഭവം മറക്കരുതെന്നായിരുന്നു മാത്യു കുഴൽനാടന്റെ വിമർശനം. ഉമ്മൻ ചാണ്ടിക്ക് ലഭിക്കാത്ത നീതി പിണറായി വിജയന് നൽകുകയാണെന്നും അദ്ദേഹം കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ ആരോപിച്ചു. പിണറായിക്കെതിരെ നേരിട്ട് കേസെടുക്കാതെ പ്രാഥമികാന്വേഷണം നടത്തണമെന്ന വാദം സർക്കാർ കോടതിയിൽ ഉയർത്തിയതായിരുന്നു മാത്യുവിനെ ചൊടിപ്പിച്ചത്.

എന്നാൽ, പ്രതികാര രാഷ്ട്രീയത്തിലേക്ക് നീങ്ങാതെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പിണറായിക്കെതിരെ കേസെടുത്തതാണ് ഉചിതമായ രാഷ്ട്രീയ നിലപാടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വിശദീകരണം. മുഖ്യമന്ത്രിയും മന്ത്രിമാരും ഭൂരിപക്ഷം എംഎൽഎമാരും ഈ നിലപാടിനെ പിന്തുണച്ചു. ഇതോടെ അവസാനിച്ചെന്ന് കരുതിയ വിവാദമാണ് ചാണ്ടി ഉമ്മന്റെയും സി.ആർ. മഹേഷിന്റെയും പ്രതികരണങ്ങളിലൂടെ വീണ്ടും സജീവമായത്.

മാത്യു കുഴൽനാടൻ ഉന്നയിച്ച വിമർശനം ഗൗരവമായി കാണണമെന്നും ഉചിതമായത് സർക്കാർ ചെയ്യട്ടെയെന്നുമാണ് ചാണ്ടി ഉമ്മൻ പ്രതികരിച്ചത്. അതേസമയം, സർക്കാരിനെ പ്രതിരോധത്തിലാക്കിയത് മാത്യു കുഴൽനാടനല്ല, അഡ്വക്കറ്റ് ജനറലിന്റെ നിലപാടാണെന്ന് കെപിസിസി വക്താവ് അനിൽ ബോസ് പറഞ്ഞു. അഡ്വക്കറ്റ് ജനറലിനെ തിരുത്തുകയോ വിശദീകരണം തേടുകയോ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിണറായിക്കെതിരെ നേരിട്ട് കേസെടുക്കാതെ പ്രാഥമികാന്വേഷണം നടത്താനുള്ള സർക്കാരിന്റെ ആദ്യ തീരുമാനത്തോട് കോൺഗ്രസിനുള്ളിൽ പൊതുവേ എതിർപ്പില്ലെന്നാണ് നേതാക്കളുടെ പ്രതികരണങ്ങളിൽനിന്ന് വ്യക്തമാകുന്നത്. എന്നാൽ, കേസെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടശേഷവും പിണറായി വിജയൻ നൽകിയ ഹർജിയിൽ പ്രാഥമികാന്വേഷണമെന്ന വാദം സർക്കാർ വീണ്ടും ഉന്നയിച്ചതാണ് വിവാദത്തിന്റെ കേന്ദ്രം.

ഹൈക്കോടതി ഉത്തരവിനുശേഷവും പിണറായിക്ക് അനുകൂലമായ നിലപാട് അഡ്വക്കറ്റ് ജനറൽ സ്വീകരിച്ചത് എന്തിനെന്ന ചോദ്യമാണ് കോൺഗ്രസിലെ വിമർശകർ ഉയർത്തുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img