
ന്യൂഡൽഹി: ഡൽഹിയിലെ വർദ്ധിച്ചുവരുന്ന വായുമലിനീകരണം കണക്കിലെടുത്ത്, പഴക്കമേറിയ വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ സുപ്രീം കോടതി അനുമതി നൽകി. പത്തു വർഷം പിന്നിട്ട ഡീസൽ വാഹനങ്ങളും 15 വർഷം കഴിഞ്ഞ പെട്രോൾ വാഹനങ്ങളും ബിഎസ്-IV (BS-IV) നിലവാരത്തിന് താഴെയുള്ളവയാണെങ്കിൽ അവ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികൾ അധികൃതർക്ക് സ്വീകരിക്കാം.
നേരത്തെ എല്ലാ പഴയ വാഹനങ്ങൾക്കും നൽകിയിരുന്ന സംരക്ഷണം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഭേദഗതി ചെയ്തു. പുതിയ ഉത്തരവ് പ്രകാരം, പത്തു വർഷം കഴിഞ്ഞാലും ബിഎസ്-IV നിലവാരമുള്ള വാഹനങ്ങളെ തൽക്കാലം നടപടികളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ മലിനീകരണം വലിയ തോതിൽ വർദ്ധിപ്പിക്കുന്ന ബിഎസ്-III വരെയുള്ള പഴയ വാഹനങ്ങൾക്ക് ഇനി നിരത്തിലിറങ്ങാൻ കഴിയില്ല. വായുനിലവാരം മെച്ചപ്പെടുത്താൻ പഴയ വാഹനങ്ങൾ നീക്കം ചെയ്യണമെന്ന ഡൽഹി സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ.











