
കർണാടകം: കലബുറഗി ജില്ലാ കലക്ടറെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയതിന്റെ പേരിൽ നിയമനിർമ്മാണ കൗൺസിലിലെ ബിജെപി ചീഫ് വിപ്പ് എൻ.രവികുമാറിനെതിരെ പോലീസ് കേസ്സെടുത്തു. കലബുറഗിയിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു വിവാദ പരാമർശം. കലബുറഗി ചിറ്റപ്പൂരിലെ ഗവണ്മെന്റ് ഗസ്റ്റ്ഹൗസിൽ ചലവഡി നാരായണസ്വാമിയെ കോൺഗ്രസ്സ് പ്രവർത്തകർ തടഞ്ഞുവെച്ചിരുന്നു. തീവ്ര ഹിന്ദുത്വവാദിയും തീപ്പൊരി പ്രാസംഗികനുമായ നാരായണസ്വാമി നിയമനിർമ്മാണ കൗൺസിലിലെ പ്രതിപക്ഷ നേതാവാണ്. ബിജെപിയുടെ തിരംഗ യാത്രയിൽ
മന്ത്രി പ്രിയങ്ക് ഖാർഗെയെ പട്ടി എന്നു വിളിച്ചാക്ഷേപിച്ചു എന്നാരോപിച്ചാണ് അദ്ദേഹത്തിന്റെ അനുയായികൾ നാരായണസ്വാമിയെ ഗസ്റ്റ്ഹൗസിൽ തടഞ്ഞുവെച്ചത്. അതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധയോഗത്തിലാണ് രവികുമാർ ജില്ലാ കലക്ടർ ഫൗസിയ തരന്നുവെ അധിക്ഷേപിച്ചത്. കലക്ടർ നീതി നടപ്പാക്കാതെ മന്ത്രി പ്രിയങ്ക് ഖാർഗെയുടെ താളത്തിനൊത്ത് തുള്ളുകയാണെന്ന് രവികുമാർ കുറ്റപ്പെടുത്തി. നാരായണസ്വാമിയ്ക്ക് ഗസ്റ്റ് ഹൗസിൽ നിന്ന് പുറത്തിറങ്ങാൻ കലക്ടർ സൗകര്യം ചെയ്തുകൊടുക്കാതിരുന്നത് പ്രിയങ്ക് ഖാർഗെയുടെ താല്പര്യപ്രകാരമാണെന്ന് രവികുമാർ ആരോപിച്ചു. അതിനിടയിലായിരുന്നു കലക്ടർ ഐഎഎസ് കാരിയോ അതല്ല പാകിസ്ഥാനിൽ നിന്ന് വന്നതോ എന്ന വിവാദ പരാമർശം. വർഗ്ഗീയ വിദ്വേഷമുണ്ടാക്കാൻ ബിജെപി നേതാക്കൾ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് കലബുറഗി ജില്ലയുടെ ചുമതല കൂടി വഹിക്കുന്ന മന്ത്രി പ്രിയങ്ക് ഖാർഗെ ആരോപിച്ചു. അദ്ദേഹത്തിന്റെ മണ്ഡലത്തിലാണ് കോൺഗ്രസ്സ് പ്രവർത്തകർ നാരായണസ്വാമിയെ തടഞ്ഞുവെച്ചത്. കലക്ടറെ അധിക്ഷേപിച്ചതിൽ സംസ്ഥാന ഐ എ എസ് അസോസിയേഷൻ പ്രതിഷേധം രേഖപ്പെടുത്തി.
Photo Courtesy - Google











