
ധർമ്മസ്ഥല ക്ഷേത്രത്തെ കളങ്കപ്പെടുത്താനും ധർമ്മാധികാരി കുടുംബത്തെ സംശയത്തിന്റെ നിഴലിലാക്കാനും വേണ്ടി ആഴത്തിലുള്ള ഗൂഢാലോചന നടന്നിട്ടുള്ളതായി തെളിയുകയാണ്. മാസ്ക് മാനെ രംഗത്തിറക്കിയവരെന്ന് സംശയിക്കുന്ന മഹേഷ് ഷെട്ടി തിമരോടിയും ഗിരീഷ് മറ്റനവരും എസ് ഐ ടി മുമ്പാകെ ഹാജരായി. സൗജന്യ കൊലക്കേസ് ആക്ഷൻ കമ്മിറ്റി ഭാരവാഹികളാണിവർ. തങ്ങളുടെ കയ്യിൽ തെളിവുകൾ ഉണ്ടെന്നും ചോദ്യം ചെയ്യലിന് വിളിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗിരീഷ് മറ്റനവർ എസ് ഐ ടിയ്‌ക്ക് ഇ മെയിൽ സന്ദേശം അയച്ചിരുന്നു. ഇരുവരും ബെൽത്തങ്ങടിയിലെ എസ് ഐ ടി ക്യാമ്പിലെത്തി തെളിവുകൾ കൈമാറി. തന്നെകൊണ്ട് വെളിപ്പെടുത്തൽ നടത്തിച്ചത് ഇവരാണെന്ന് മാസ്ക് മാൻ എസ് ഐ ടിയ്‌ക്ക് മൊഴി നൽകിയിരുന്നു. തിമരോടിയുടെ വീട്ടിൽ രണ്ടുമാസത്തോളം ഇയാൾ താമസിച്ചിരുന്നതായി എസ് ഐ ടി കണ്ടെത്തിയിട്ടുണ്ട്. പരാതി നൽകുമ്പോൾ പോലീസിൽ ഹാജരാക്കിയ തലയോട്ടി തിമരോടിയുടെ വീടിന് ചേർന്നുള്ള തോട്ടത്തിൽ വെച്ച് അവർ നൽകിയതാണെന്ന് മാസ്ക്മാൻ എസ് ഐ ടിയോട് ഏറ്റുപറഞ്ഞതായി സൂചനയുണ്ട്. പരാതിക്കാരനെ എസ് ഐ ടി ഭീഷണിപ്പെടുത്തി ഇല്ലാക്കഥകൾ പറയിപ്പിച്ച് അന്വേഷണം ബോധപൂർവ്വം വഴിതെറ്റിക്കുകയാണെന്ന് ഗിരീഷ് മറ്റനവർ മാധ്യമങ്ങളോട് പറഞ്ഞു. " വിലപ്പെട്ട തെളിവുകൾ പലതും എസ് ഐ ടിയ്‌ക്ക് കൈമാറിയിട്ടുണ്ട്. ഞങ്ങളെ പ്രതികളാക്കി ജയിലിലടക്കാനാണ് നീക്കമെങ്കിൽ ഗാന്ധിയൻ രീതിയിൽ അതിനെതിരെ പ്രതികരിക്കും" ഗിരീഷ് മറ്റനവർ പറഞ്ഞു. തിമരോടി മറ്റു പല കേസ്സുകളിലും പ്രതിയാണ്. ബിജെപി നേതാവ് ബി എൽ സന്തോഷിനെതിരായി അപകീർത്തികരമായ പരാമർശം നടത്തിയ കേസ്സിൽ തിമരോടിയെ അറസ്റ്റുചെയ്യാൻ പോലീസ് എത്തിയപ്പോൾ അനുയായികൾ തടഞ്ഞിരുന്നു. കൂടുതൽ പോലീസ് എത്തിയാണ് അയാളെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയത്. കർശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. എസ് ഐ ടി നിലവിൽ തിമരോടിയുടെയോ ഗിരീഷ് മറ്റനവരുടെയോ പേരിൽ കേസ്സൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. ധർമ്മസ്ഥല ക്ഷേത്രത്തിനെതിരെ ഉണ്ടായതായി കരുതപ്പെടുന്ന ഗൂഢാലോചനയിൽ തിമരോടിയ്ക്കും ഗിരീഷിനുമുള്ള പങ്ക് എസ് ഐ ടി അന്വേഷിച്ചുവരികയാണ്. മെഡിക്കൽ കോളജ് വിദ്യാർത്ഥിനിയായ മകൾ അനന്യ ഭട്ടിനെ 2003ൽ ധർമ്മസ്ഥല ക്ഷേത്ര പരിസരത്തുവെച്ച് കാണാതായി എന്ന പരാതി സുജാത ഭട്ട് എന്ന സ്ത്രീ പിൻവലിച്ചിരുന്നു. തനിക്ക് അങ്ങിനെയൊരു മകളില്ലെന്നും ഗിരീഷ് മറ്റനവരും മറ്റും നിർബന്ധിച്ചതിനാൽ വ്യാജ പരാതി നൽകിയതാണെന്നും അവർ വെളിപ്പെടുത്തിയിരുന്നു. സുജാത ഭട്ടിനെ മൂന്നാം ദിവസവും ബെൽത്തങ്ങടി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി എസ് ഐ ടി സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Photo Courtesy - Google











