09:44am 21 July 2024
NEWS
കൊലക്കുറ്റമേറ്റെടുക്കാൻ സൂപ്പർസ്റ്റാർ ദർശൻ കൂട്ടാളികൾക്ക് പണം കൊടുത്തോ?
13/06/2024  11:36 AM IST
വിഷ്ണുമംഗലം കുമാർ
കൊലക്കുറ്റമേറ്റെടുക്കാൻ സൂപ്പർസ്റ്റാർ ദർശൻ കൂട്ടാളികൾക്ക് പണം കൊടുത്തോ?

ലക്ഷക്കണക്കിന് ആരാധകരുള്ള കന്നഡ സൂപ്പർ സ്റ്റാർ ദർശൻ തൂഗുദീപയും കാമുകി പവിത്രഗൗഡയും പതിനൊന്ന് കൂട്ടാളികളും കൊലക്കേസിൽ പ്രതികളായി പോലീസ് കസ്റ്റഡിയിലാണ്. പവിത്രഗൗഡയ്ക്ക് താനുമായുള്ള ബന്ധത്തെ കുറ്റപ്പെടുത്തിക്കൊണ്ട് സന്ദേശങ്ങളയച്ച രേണുക സ്വാമി എന്ന യുവാവിനെ ദർശൻ കൂട്ടാളികളുടെ സഹായത്തോടെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തി എന്നാണ് കേസ്.ദർശനും പവിത്രഗൗഡയും   സംഭവസ്ഥലത്തുണ്ടായിരുന്നെന്നും കൊലപാതകത്തിൽ അവർക്ക് നേരിട്ട് പങ്കുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കൂട്ടുപ്രതികളുടെ മൊഴികളും ഫോണുകളുടെ ടവർ ലൊക്കേഷനും പരസ്പരമുള്ള കോളുകളും അത് ശരിവെക്കുന്നു. ദർശന്റെ കാർ സംഭവസ്ഥലത്ത് വന്നുപോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.

അജ്ഞാത നമ്പറിൽ നിന്നാണ് രേണുക സ്വാമി സന്ദേശങ്ങൾ അയച്ചിരുന്നത്. പവിത്രഗൗഡയ്ക്കോ ദർശനോ ആദ്യം ആളെ മനസ്സിലായിരുന്നില്ല. ദർശന്റെ സഹായി ദീപക് കുമാർ പവിത്രഗൗഡയുടെ പേരും ഫോട്ടോയുമുള്ള ഫേക്ക് ഐ ഡി യിൽ നിന്ന് ചാറ്റ് ചെയ്താണ് ആളിന്റെ പേരും സ്ഥലവും മനസ്സിലാക്കിയത്. ചിത്രദുർഗ്ഗയിലെ ഫാർമസി ജീവനക്കാരനായ രേണുക സ്വാമി ജൂൺ 8ന്‌ ഉച്ചയ്ക്ക് ഊണുകഴിക്കാൻ വീട്ടിലേക്ക് പോകുന്നവഴിയിൽ സൂത്രത്തിൽ കാറിൽ കയറ്റി ബംഗളുരുവിലേക്ക് കൊണ്ടുവന്നത് രാഘവേന്ദ്രയും മറ്റു മൂന്നുപേരുമാണ്. ദർശൻ ഫാൻസ്‌ അസോസിയേഷന്റെ ചിത്രദുർഗ ജില്ലാഅധ്യക്ഷനാണ് രാഘവേന്ദ്ര. രേണുകസ്വാമിയെ ബംഗളുരു രാജരാജേശ്വരിനഗറിലെ ഷെഡിലെത്തിച്ച്                   കൊലപ്പെടുത്തുകയായിരുന്നു. 

പത്തിന് പുലർച്ചെ മൂന്നരയ്ക്ക് മൃതദേഹം വലിച്ചെറിഞ്ഞത് പന്ത്രണ്ട് കിലോമീറ്റർ അകലെ സുമനഹള്ളി മേൽപ്പാലത്തിനരികിലുള്ള കൂറ്റൻ ഡ്രൈനേജിലാണ്. എന്നാൽ പരിഭ്രാന്തിയോടെ വലിച്ചെറിയുമ്പോൾ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ കുടുങ്ങി. ഡ്രൈനേജിലേക്ക് വീണിരുന്നെങ്കിൽ ആരും കാണുമായിരുന്നില്ല. കാമാക്ഷിപ്പാളയം പോലീസ് കൊലപാതകത്തിന് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് കുടുങ്ങുമോ എന്ന ഭീതി ദർശനും സഹായികൾക്കും ഉണ്ടായത്. രാഘവേന്ദ്ര, കാർത്തിക്, നിഖിൽ നായക്, കേശവമൂർത്തി എന്നിവർ സ്റ്റേഷനിൽ എത്തി കുറ്റസമ്മതം നടത്തിയത് ദർശനെയും പവിത്ര ഗൗഡയെയും രക്ഷിക്കാനായിരുന്നത്രെ. എന്നാൽ പോലീസിന്റെ നിശിതമായ ചോദ്യംചെയ്യലിൽ അവർ പതറിപ്പോയി.

നടന്നതൊക്കെ വെളിപ്പെടുത്തേണ്ടിവന്നു. കുറ്റസമ്മതവുമായി സ്റ്റേഷനിൽ എത്തിയ നാലുപേരിൽ രണ്ടുപേർക്ക് ദർശന്റെ സഹായി അഞ്ചുലക്ഷം രൂപ വീതം നൽകിയിരുന്നെന്നും മറ്റുരണ്ടുപേർക്ക് നൽകാമെന്നേറ്റിരുന്നെന്നും  റിമാണ്ട് റിപ്പോർട്ടിലുണ്ട്. രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച സ്‌കോർഫിയോ കാറും ദർശന്റെ റാങ്ക്ളർ ജീപ്പും പോലീസ് പിടിച്ചെടുത്തിരുന്നു. കൊലനടന്ന ഷെഡിലും മൃതദേഹം കണ്ടെടുത്ത സ്ഥലത്തും പ്രതികളിൽ ചിലരെ എത്തിച്ച് പോലീസ് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. പതിവ് കുറ്റവാളിയായ ദർശനെ റൗഡിലിസ്റ്റിൽ പെടുത്തണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ കൊലപാതകത്തിൽ ദർശന് പങ്കില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകരും ആരാധകരും വാദിക്കുന്നത്.

 പ്രതികളിൽ ചിലരെ അന്നപൂർണ്ണ നഗർ പോലീസ് സ്റ്റേഷനിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ ആരാധകർ തടിച്ചുകൂടി ദർശന് അനുകൂലമായി മുദ്രാവാക്യം മുഴക്കിയിരുന്നു. പോലീസ് അവരെ വിരട്ടിയോടിച്ചു. പ്രമാദമായ ഈ കേസ്സിൽ രാഷ്ട്രീയ ഇടപെടലുണ്ടാകുമോ എന്ന സംശയം പൊതുസമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ പോലീസിന് പൂർണ്ണസ്വാതന്ത്ര്യ മുണ്ടെന്നും അതിൽ ഇടപെടില്ലെന്നും ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു. "ദർശനായാലും ഞാനായാലും നിയമത്തിന്റെ മുന്നിൽ ഒരുപോലെയാണ്" മന്ത്രി വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL