
ബംഗളുരു: തെക്കെ ഇന്ത്യയിലെ പ്രമുഖ ആരാധനാലയങ്ങളിലൊന്നാണ് കർണാടകത്തിലെ ധർമ്മസ്ഥല ശ്രീ മഞ്ജുനാഥസ്വാമി ക്ഷേത്രം. ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രം സന്ദർശിക്കാൻ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്നും ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്താറുണ്ട്.കന്നഡിഗർക്ക് ഏറെ പ്രിയപ്പെട്ട ക്ഷേത്രമാണിത്. എന്നാൽ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഈയ്യിടെ പുറത്തുവന്ന ഞെട്ടിക്കുന്ന വിവരങ്ങൾ സംസ്ഥാനമൊട്ടാകെ ഭീതി പരത്തുകയും ഭക്തജനങ്ങളെ ആശങ്കാകുലരാക്കുകയും ചെയ്തിട്ടുണ്ട്. സമീർ എം ഡി എന്ന യൂട്യൂബറാണ് നടുക്കമുളവാക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. അയാൾ പുറത്തുവിട്ട വിവരങ്ങൾ സത്യമല്ലെന്നും എ ഐ സഹായത്തോടെ സൃഷ്ടിച്ചെടുത്ത ദൃശ്യങ്ങളാണ് പ്രദർശിപ്പിച്ചതെന്നും കുറ്റപ്പെടുത്തിക്കൊണ്ട് അയാൾക്കെതിരെ കേസ്സെടുക്കുകയാണ് ഗവണ്മെന്റ് ചെയ്തത്. നിരവധി സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തി ക്ഷേത്ര പരിസരത്ത് അതീവ രഹസ്യമായി സംസ്കരിച്ചിട്ടുണ്ടെന്നാണ് ക്ഷേത്രത്തിലെ ഒരു മുൻ ശുചീകരണ ജീവനക്കാരനെ ഉദ്ധരിച്ചുകൊണ്ട് യൂട്യൂബർ വെളിപ്പെടുത്തിയത്. ഉന്നതരുടെ നിർദ്ദേശപ്രകാരം മൃതദേഹങ്ങൾ കുഴിച്ചിട്ടത് താനാണെന്നാണ് ഈ ശുചീകരണ തൊഴിലാളി അവകാശപ്പെടുന്നത്. ക്ഷേത്രത്തിൽ ഇരുപത് വർഷത്തോളം ജോലിചെയ്തിരുന്ന അയാൾ ഒരു മൃതദേഹം സംസ്കരിച്ച സ്ഥലം കാട്ടിക്കൊടുക്കുകയും അവശിഷ്ടങ്ങൾ പോലീസ് കണ്ടെടുക്കുകയും ചെയ്തതോടെയാണ് ഈ ആരോപണം ഗൗരവാവസ്ഥ കൈവരിച്ചത്. 1995- 2014 കാലയളവിലാണ് അയാൾ ക്ഷേത്രത്തിൽ ജോലി ചെയ്തത്.ആ കാലത്ത് പലപ്പോഴായി നിരവധി മൃതദേഹങ്ങൾ താൻ അടക്കം ചെയ്തിട്ടുണ്ടെന്ന് അയാൾ പറയുന്നു. ക്ഷേത്രനഗരം വിട്ടുപോയിരുന്ന അയാൾ ഈയ്യിടെ തിരിച്ചെത്തിയാണ് ക്ഷേത്രംനടത്തിപ്പുകാരെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്. പശ്ചാത്താപം കൊണ്ടാണ് അന്നത്തെ രഹസ്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നതെന്ന് അയാൾ സമ്മതിക്കുന്നു. ശരിയായ സംരക്ഷണം ലഭിച്ചാൽ മൃതദേഹം സംസ്കരിക്കാൻ തന്നെ ചുമതലപ്പെടുത്തിയവരുടെ പേരുവിവരം വെളിപ്പെടുത്താനും മൃതദേഹം കഴിച്ചിട്ട സ്ഥലങ്ങൾ കാട്ടിക്കൊടുക്കാനും അയാൾ സന്നദ്ധനാണത്രെ. രാജ്യം പത്മഭൂഷൻ നൽകി ആദരിച്ച പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ വീരേന്ദ്ര ഹെഗ്ഗാഡെയുടെ മേൽനോട്ടത്തിലാണ് ഈ മഹാക്ഷേത്രം പ്രവർത്തിക്കുന്നത്. നിലവിൽ അദ്ദേഹം രാജ്യസഭ അംഗമാണ്. 2022ൽ രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായിരിക്കെയാണ് വീരേന്ദ്ര ഹെഗ്ഗാഡെയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. സുപ്രധാന ക്ഷേത്രമായതിനാൽ അതീവ ജാഗ്രതയോടെയാണ് ഈ പ്രശ്നം ഗവണ്മെന്റ് കൈകാര്യം ചെയ്യുന്നത്. ഒരു സാധാരണ കേസ് രജിസ്റ്റർ ചെയ്ത് തണുപ്പൻ മട്ടിലാണ് അന്വേഷണം നടത്തുന്നത്. കേസ് ഒതുക്കിത്തീർക്കാൻ ഗവണ്മെന്റ് ശ്രമിക്കുന്നതായി ആരോപണമുയർന്നിട്ടുണ്ട്. മേൽസാഹചര്യത്തിലാണ് സുപ്രീംകോടതിയിലെ മുൻ ജഡ്ജി വി ഗോപാലഗൗഡയും മുതിർന്ന ചില അഭിഭാഷകരും സംയുക്തമായി പത്രസമ്മേളനം നടത്തിയത്. ജനമനസ്സുകളിൽ ഉടലെടുത്തിട്ടുള്ള ആശങ്ക അകറ്റാൻ ധർമ്മസ്ഥല സംഭവത്തെ പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് ജസ്റ്റിസ് ഗോപാലഗൗഡ ആവശ്യപ്പെട്ടു "എസ് ഐ ടി രൂപീകരിച്ച് സുപ്രീം കോടതിയിലോ ഹൈക്കോടതിലോ സേവനമനുഷ്ടിക്കുന്ന അല്ലെങ്കിൽ വിരമിച്ച ഒരു ജഡ്ജിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തേണ്ടത് " അദ്ദേഹം വ്യക്തമാക്കി. "ഏതാനും വർഷത്തിനിടയിൽ നാനൂറോളം സ്ത്രീകളും പെൺകുട്ടികളും ധർമ്മസ്ഥലയിൽ നിന്ന് കാണാതായിട്ടുള്ള സാഹചര്യത്തിൽ സമഗ്രമായ അന്വേഷണം നടക്കേണ്ടത് അനിവാര്യമാണ്" മുതിർന്ന അഭിഭാഷകനായ ബാലൻ ആവശ്യപ്പെട്ടു. " ധർമ്മസ്ഥല മേഖലയിലെ മെഡിക്കൽ, എഞ്ചിനീയറിംഗ്, ലോ കോളേജുകളിൽ നിന്ന് വിദ്യാർഥിനികളെ കാണാതായിട്ടുണ്ട്. അക്കൂട്ടത്തിൽ കേരളത്തിൽ നിന്നുള്ള വിദ്യാർഥിനികളുമുണ്ട്" ചില പേരുകൾ വെളിപ്പെടുത്തിക്കൊണ്ട് ബാലൻ വിശദീകരിച്ചു. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ജസ്റ്റിസ് ഗോപാലഗൗഡയും അഭിഭാഷകരും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നിവേദനം നൽകിയിട്ടുണ്ട്. അഭിഭാഷകരായ സി എസ് ദ്വാരകനാഥ്, ഉമാപതി, സുധ കർവ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. ശുചീകരണ തൊഴിലാളി മജിസ്ട്രേറ്റ് മുമ്പാകെ കുറ്റസമ്മതമൊഴി നൽകിയിട്ടുണ്ട്. അയാൾ ഇപ്പോൾ എവിടെയാണ് ഉള്ളത് എന്നതിന് വ്യക്തമായ വിവരം ലഭ്യമല്ല. പാവനമായി കരുതപ്പെടുന്ന ധർമ്മസ്ഥലയിൽനിന്ന് പുറത്തുവന്ന അസുഖകരമായ വിവരങ്ങൾ വൻകോളിളക്കമാണ് ജനമനസ്സുകളിൽ സൃഷ്ടിക്കുന്നത്.
Photo Courtesy - Google











