12:20am 02 July 2026
NEWS
വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദഗൗഡ പറഞ്ഞോ.. ലീക്കായ ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറൽ
01/07/2026  11:24 AM IST
വിഷ്ണുമംഗലം കുമാർ
വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദഗൗഡ പറഞ്ഞോ.. ലീക്കായ ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറൽ

 ബംഗളുരു: മുൻ മുഖ്യമന്ത്രി സദാനന്ദഗൗഡയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ഫോൺസംഭാഷണം കർണാടകത്തിലെ ബിജെപിയെ പിടിച്ചുലക്കുകയാണ്. സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്രയെ മൂന്ന് വർഷം തികയുന്നതോടെ പുറത്താക്കണമെന്ന് സദാനന്ദഗൗഡ ഒരു പ്രദീപ്‌ ജിയോട് പറയുന്ന സംഭാഷണമാണ് ചോർന്നത്. ഗൗഡ അത് നിഷേധിച്ചിട്ടില്ല. കേന്ദ്രനേതാക്കൾ ആവശ്യപ്പെട്ടാൽ മാത്രം വിശദീകരണം നൽകാനാണ് അദ്ദേഹം തീരുമാനിച്ചിട്ടുള്ളത്. നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ചില ബിജെപി എംഎൽഎമാർ കൂറുമാറി കോൺഗ്രസ്സ് സ്ഥാനാർത്ഥിയ്ക്ക് വോട്ടുചെയ്തു എന്ന ആരോപണം പാർട്ടി നേതൃത്വത്തെ പിടിച്ചുലക്കുന്നതിനിടയിലാണ് ഈ പ്രശ്നം ഉയർന്നുവന്ന് നേതൃത്വത്തിന് തലവേദനയാകുന്നത്. കേന്ദ്ര മന്ത്രിസ്ഥാനത്തിൽ നിന്ന് മാറ്റിയതിലും താൻ പ്രതിനിധീകരിച്ചുപോന്ന ബംഗളുരു നോർത്ത് ലോകസഭാ സീറ്റ് നിഷേധിച്ചതിലും അമർഷം പൂണ്ട സദാനന്ദ ഗൗഡ കുറേക്കാലമായി ബിജെപിയുടെ ദേശീയ, സംസ്ഥാന നേതൃത്വങ്ങളുമായി അത്ര രസത്തിലല്ല. ഈ തരത്തിൽ നേതാക്കൾ തമ്മിലുള്ള അനൈക്യമാണ് സംസ്ഥാനത്തു പാർട്ടി തളർന്നുകിടക്കുന്നതിന്റെ ഒരു കാരണം. 2023 നവംബറിൽ മുൻമുഖ്യമന്ത്രി യഡിയൂരപ്പയുടെ മകനും യുവനേതാവുമായ ബി വൈ വിജയേന്ദ്ര സംസ്ഥാന അധ്യക്ഷനായതു മുതൽ ചില മുതിർന്ന നേതാക്കൾ അദ്ദേഹത്തെ അംഗീകരിക്കാൻ കൂട്ടാക്കിയിട്ടില്ല. ആ കൂട്ടത്തിൽ സദാനന്ദ ഗൗഡയുമുണ്ടെന്നാണ് കരുതപ്പെടുന്നത്. "ഈ നവംബറിൽ വിജയേന്ദ്ര അധ്യക്ഷ പദവിയിൽ മൂന്നുവർഷം പൂർത്തിയാക്കും. അതിനുമുമ്പ് തന്നെ അദ്ദേഹത്തെ പുറത്താക്കണം"ഈ വാക്കുകൾ സദാനന്ദ ഗൗഡ പ്രദീപ്‌ ജി എന്ന ആളോട് പറയുന്നതായാണ് ലീക്കായ ഫോൺ സംഭാഷണത്തിലുള്ളത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്‌, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരെയും സദാനന്ദ ഗൗഡ കുറ്റപ്പെടുത്തുന്നതായി വൈറലായ സംഭാഷണത്തിലുണ്ട്. സദാനന്ദ ഗൗഡ നിഷേധിക്കാത്തതിനാൽ സംശയം നിലനിൽക്കുകയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.