02:09am 07 November 2026
NEWS
ചട്ടമ്പിസ്വാമി സമാധിയായത് ജനങ്ങളുടെ മുന്നിൽവച്ചോ? സത്യം മറച്ചുവച്ചുകൊണ്ട് ഇല്ലാക്കഥകളുണ്ടാക്കുന്നു
28/05/2025  06:54 PM IST
ആർ. പവിത്രൻ
ചട്ടമ്പിസ്വാമി സമാധിയായത് ജനങ്ങളുടെ മുന്നിൽവച്ചോ? സത്യം മറച്ചുവച്ചുകൊണ്ട് ഇല്ലാക്കഥകളുണ്ടാക്കുന്നു

''ഇന്നേക്ക് നൂറ്റിയൊന്ന് വർഷം മുൻപ്, കൊല്ലവർഷം 1099 മേടം 23 ന് (1924) ആയിരുന്നു ചട്ടമ്പിസ്വാമികളുടെ സമാധി. അന്ന് വൈകുന്നേരം മൂന്നുമണിക്ക് അദ്ദേഹം പരസഹായത്തോടെ കട്ടിലിൽ ഇരുന്നു. പിന്നീട് ഇരുകാലും സ്വയം ബന്ധിച്ചു പത്മാസനസ്ഥനായി. 'മതി എല്ലാം ശരിയായി...' ഇതായിരുന്നു ചട്ടമ്പിസ്വാമികൾ അവസാനമായി പറഞ്ഞത്. കൈ രണ്ടും മടിയിലേക്ക് പിണച്ചുവച്ചുകൊണ്ട് അരമണിക്കൂറോളം ഊർദ്ധ്വദൃഷ്ടിയായി ഒരു ബിന്ദുവിൽ കേന്ദ്രീകരിച്ച് ഇരുന്നു. അരമണിക്കൂർ കഴിഞ്ഞപ്പോൾ ആ കണ്ണുകൾ പതുക്കെ അടഞ്ഞു.''
ചട്ടമ്പിസ്വാമിയുടെ അന്ത്യനിമിഷങ്ങളെക്കുറിച്ച്, അതായത് സമാധിയെക്കുറിച്ച്, അദ്ദേഹത്തിന്റെ 101-ാം ചരമദിനം എന്നവകാശപ്പെട്ടുകൊണ്ട് 'കേരളകൗമുദി' ദിനപ്പത്രത്തിൽ ഏപ്രിൽ 29 ന് ഡോ.എ.എം. ഉണ്ണികൃഷ്ണൻ എഴുതിയ 'പരിപൂർണ്ണതയുടെ പര്യായപ്പൊരുൾ' എന്ന ലേഖനത്തിൽ ഇങ്ങനെ വിവരിക്കുന്നു. നാടകീയമായ ഈ വിവരണം വായിക്കുന്ന ആർക്കും തോന്നുക, ഹാ! എത്ര വികാരതീവ്രമായ ദൃക്‌സാക്ഷി വിവരണം എന്നായിരിക്കും. എന്നാൽ ആര്, എവിടെ രേഖപ്പെടുത്തി എന്ന് ലേഖകൻ വെളിപ്പെടുത്തുന്നില്ല.(ചട്ടമ്പിസ്വാമിയുടെ അന്ത്യം എന്നായിരുന്നു എന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. 'കേരളകൗമുദി'യിലെ ലേഖനപ്രകാരം ഏപ്രിൽ 29 ആണ് 101-ാം സമാധിദിനം. എന്നാൽ പല ലേഖനങ്ങളിലും വെബ്‌സൈറ്റിലും മറ്റും രേഖപ്പെടുത്തിയിരിക്കുന്നത് 1924 മെയ് 5 ന് 70-ാം വയസ്സിൽ അന്തരിച്ചുവെന്നാണ്. ജനനത്തീയതി രേഖപ്പെടുത്തിയിരിക്കുന്നത് 1853 ആഗസ്റ്റ് 25 നാണ്). 

'സമാധിയുടെ ലക്ഷണങ്ങളും മറ്റും കണ്ടിട്ടാണ് അറിവുള്ളവർ വ്യക്തമാക്കിയത്, ചട്ടമ്പിസ്വാമികളുടേത് സവിശേഷമായ സമാധിയാണെന്ന്. നിർവ്വികാരകൽപസമാധിയായിരുന്നു അത് (ഈശ്വരനും താനും ഭേദമില്ലാത്ത അവസ്ഥ എന്നാണ്  നിർവ്വികാരകൽപസമാധിക്ക് 'ശബ്ദതാരാവലി'യിൽ നൽകിയിരിക്കുന്ന അർത്ഥം) എന്നുവച്ചാൽ, വാസനയുടെ കണികപോലും അവശേഷിക്കാത്തതുകൊണ്ട് ഒരു ഭാവി സഞ്ചാരത്തിനും, ഒരു നിമിഷ നേരത്തേയ്ക്ക് വേണ്ടിപ്പോലും ഇനിയൊരു ജന്മം എടുക്കേണ്ടാത്തവിധത്തിൽ വേരറ്റുപോകുന്ന, സകല വാസനകളെയും എരിച്ചുകളഞ്ഞുള്ള നിർഗമനമാണ് അദ്ദേഹത്തിന്റെ ജീവൻ ആ ശരീരപഞ്ജരത്തിൽ നിന്ന് കൈവരിച്ചത്.  ചട്ടമ്പിസ്വാമികൾ മഹാസമാധി പ്രാപിച്ചത് അനേകരുടെ മുന്നിലായിരുന്നു.'-  ലേഖകൻ ആത്മഹർഷത്തോടെ വാചാലനാകുന്നു.

ഹിന്ദുമത വിശ്വാസപ്രകാരം മനുഷ്യന് പുനർജന്മമുണ്ട്. ചെയ്യുന്ന കർമ്മങ്ങളെ അടിസ്ഥാനമാക്കിയാണത്രേ പുനർജന്മം. പാപകർമ്മങ്ങൾ ചെയ്യുന്നവർ പട്ടി, പൂച്ച, മൂഷികൻ, പുഴു തുടങ്ങിയ ഹീനജീവികളായി പുനർജനിക്കും. അതുവേണ്ടെന്ന് വച്ചിട്ടാവാം ഇനിയൊരു ജന്മം എടുക്കേണ്ട വിധത്തിൽ വേരറ്റുപോകാൻ ചട്ടമ്പിസ്വാമി തീരുമാനിച്ചത്.

ചരിത്രവസ്തുതകളെ, സംഭവങ്ങളെ വളച്ചൊടിക്കുന്നതും, വക്രീകരിക്കുന്നതും തമസ്‌ക്കരിക്കുന്നതും പുത്തരിയല്ല. എന്നാൽ സത്യം മറച്ചുവച്ചുകൊണ്ട് ഇല്ലാക്കഥയുണ്ടാക്കുന്നത് ചെറ്റത്തരമാണ്. ചട്ടമ്പിസ്വാമി മരിച്ചത് (സമാധി തന്നെ സമ്മതിച്ചു) വിശ്വാസികളും ആരാധകരുമായ ഒരു കൂട്ടമാളുകളുടെ മുന്നിൽ വച്ച് പരസ്യമായല്ല. ചവറ പന്മനയിലെ (കുമ്പളത്ത് ശങ്കുപിള്ളയുടെ പന്മന ആശ്രമത്തിന് സമീപം) പത്മനാഭപിള്ള സ്മാരക വായനശാലയിൽ വച്ചാണ്. എന്തുകൊണ്ട് വായനശാലയിൽ കിടന്നുമരിക്കേണ്ടി വന്നു എന്നതിന് പിന്നിൽ ഒരു കഥയുണ്ട്, കഥയല്ല ചരിത്രയാഥാർത്ഥ്യം.

ചിന്തയിലും പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും മാമൂൽ ചിട്ടവട്ടങ്ങളേയും നിഷ്ഠകളേയും അടിമുടി നിഷേധിച്ചിരുന്ന ഒരു 'റിബൽ സന്യാസി'യായിരുന്നു തിരുവനന്തപുരം കൊല്ലൂരിൽ (ഇന്നത്തെ കണ്ണന്മൂലയിൽ) ജനിച്ച അയ്യപ്പൻപിളള എന്ന കുഞ്ഞൻപിള്ള എന്ന ചട്ടമ്പിസ്വാമി. സ്‌കൂളിൽ പഠിക്കുമ്പോൾ കുഞ്ഞൻപിള്ളയായിരുന്നു ക്ലാസ് ലീഡർ. അങ്ങിനെയാണ് 'ലീഡർ' എന്ന അർത്ഥത്തിൽ 'ചട്ടമ്പി' എന്ന പേരു വീണതു. നീണ്ട താടിയും നരച്ച മുടിയുമുണ്ടായിരുന്നെങ്കിലും, അദ്ദേഹം കാഷായവസ്ത്രമല്ല, വെള്ളമുണ്ടും വെള്ളത്തോർത്തുമായിരുന്നു ധരിച്ചിരുന്നത്. ഒരിടത്തും സ്ഥിരമായി തങ്ങുന്ന പ്രകൃതക്കാരനല്ലായിരുന്നു. നിരന്തരം സഞ്ചരിക്കും. അതും കാൽനട. അങ്ങനെയാണ് അദ്ദേഹം കൊല്ലം പന്മനയിലും എത്തിയിരുന്നത്. 

രാഷ്ട്രീയ നേതാവും സമുദായ പ്രമാണിയും എന്ന നിലയിൽ കുമ്പളത്ത് ശങ്കുപിള്ളയുടെ പുഷ്‌ക്കരകാലം. പന്മനയിലെ പ്രകൃതിരമണീയവും അതിവിശാലവുമായ  സ്ഥലത്ത് സ്വസ്ഥമായ ഒരു വിശ്രമകേന്ദ്രം എന്ന നിലയിലാണ് അദ്ദേഹം പന്മനയിൽ പർണ്ണശാല സമാനമായ ഒരു ആശ്രമം സ്ഥാപിച്ചത്. (ഹരിജൻ ഫണ്ട് ശേഖരണാർത്ഥം 1934 ജനുവരി 19 ന് മഹാത്മാഗാന്ധി പന്മന ആശ്രമം സന്ദർശിക്കുകയും, രണ്ട് ദിവസം ഗാന്ധിജി ആശ്രമത്തിൽ താമസിക്കുകയും ചെയ്തിരുന്നു. ഗാന്ധിജിക്ക് താമസിക്കുവാൻ കുമ്പളം നിർമ്മിച്ച കുടിൽ ഗാന്ധിസ്മാരകം എന്ന നിലയിൽ ഇന്നും നിലനിൽക്കുന്നു. ഗാന്ധിജിയുടെ ശിഷ്യ മീരാബെൻ അന്ന് നട്ട വേപ്പു മരവും സംരക്ഷിക്കുന്നുണ്ട്).

സുദീർഘമായ യാത്രയ്ക്കിടയിൽ, കൊല്ലത്തെത്തുമ്പോൾ പന്മന ആശ്രമത്തിൽ തങ്ങുവാൻ അനുവാദമില്ലാത്തതിനാലാണ് ചട്ടമ്പിസ്വാമി സമീപമുള്ള വായനശാലയിൽ രാത്രി തങ്ങിയിരുന്നത്. ഇതേക്കുറിച്ച് ആർ.എസ്.പി നേതാവും അദ്ധ്യാപക സംഘടനാ നേതാവുമായിരുന്ന ഡി. ആന്റണി സാർ പറഞ്ഞ ഒരു കഥയുണ്ട്. ആന്റണി സാറിന്റെ പിതാവായ ഡാനിയേൽ കണിയാങ്കട (യേശുക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി അദ്ദേഹം ചരിത്ര വിജയം എന്ന മഹാകാവ്യം എഴുതിയിട്ടുണ്ട്) കുമ്പളത്ത് ശങ്കുപിള്ളയുടെ അടുത്ത സുഹൃത്തായിരുന്നു. ഒരിക്കൽ അദ്ദേഹം കുമ്പളത്തോട് ചോദിച്ചുവത്രെ, ഈഴവസമുദായത്തിന്റെ ആത്മീയ ഗുരുവായ ശ്രീനാരായണ ഗുരുവിന് ശിവഗിരിയിൽ ആസ്ഥാനമുണ്ട്. നായർ സമുദായത്തിന്റെ ആത്മീയഗുരുവായി കരുതാവുന്ന ചട്ടമ്പിസ്വാമികൾക്ക് സ്ഥിരമായി തങ്ങാൻ ഒരിടമില്ല. എന്തുകൊണ്ട് അദ്ദേഹത്തെ പന്മന ആശ്രമത്തിൽ സ്ഥിരമായി താമസിപ്പിച്ചുകൂടാ?

അത് നടക്കില്ലായെന്നതിന് കുമ്പളം പറഞ്ഞ കാരണം ആന്റണി സാർ എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ഞാനത് വെളിപ്പെടുത്തുന്നില്ല.
ഒരു യാത്രയ്ക്കിടയിൽ ചവറ പന്മനയിലെത്തിയ ചട്ടമ്പിസ്വാമി, പത്മനാഭപിള്ള സ്മാരക വായനശാലയിലെ ബഞ്ചിൽ രാത്രി കിടന്നുറങ്ങുമ്പോഴാണ് മരണമടഞ്ഞത് (ഈ വായനശാല നിന്നയിടത്ത് പിന്നീട് ഹൈസ്‌ക്കൂൾ സ്ഥാപിച്ചു). ഈ വസ്തുത മറച്ചുവച്ചുകൊണ്ടാണ് ഡോ. എ.എം. ഉണ്ണികൃഷ്ണൻ 'വേദം മുതലുള്ള പ്രമാണ ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്ന സമാനസ്ഥിതി പ്രത്യക്ഷാനുഭവമാക്കിത്തരുന്നതിൽ സ്വാമികളുടെ ആത്മാവ് പ്രപഞ്ചാത്മാവുമായി ലയിക്കുന്ന സംഭവം കൊണ്ട്  സാധിച്ചു' എന്ന് അഭിമാനപുരസ്സരം അവകാശപ്പെടുന്നത്.
ചട്ടമ്പിസ്വാമികളുടെ മൃതശരീരം കുമ്പളത്തിന്റെ നിർദ്ദേശപ്രകാരം പന്മന ആശ്രമത്തിൽ കൊണ്ടുപോയി സംസ്‌ക്കരിക്കുകയായിരുന്നു. അവിടെ ഇപ്പോൾ 'പരമഭട്ടാരക ശ്രീമദ് ചട്ടമ്പിസ്വാമി' ക്ഷേത്രസമുച്ചയം നിർമ്മിച്ചിട്ടുണ്ട്.

പിള്ളവാൽ മുറിച്ചു ജാതിരഹിതനായി നടിക്കുന്ന എ.എം. ഉണ്ണികൃഷ്ണൻ തന്റെ ജാതിവെറി മുൻപും വെളിവാക്കിയിട്ടുണ്ട്. ഏതാനും വർഷം മുൻപ് ഇദ്ദേഹം എഡിറ്റ് ചെയ്ത 'ചട്ടമ്പിസ്വാമി പഠനങ്ങൾ' എന്ന വലിയൊരു പുസ്തകം മൂന്ന് വാല്യങ്ങളിലായി പുറത്തിറക്കിയിരുന്നു. 'ശങ്കരാചാര്യർക്കുശേഷം കേരളം ജന്മം നൽകിയ ഏറ്റവും ധിഷണാശാലിയായ വ്യക്തിയാണ് ചട്ടമ്പിസ്വാമികൾ. ഒട്ടേറെ വിജ്ഞാന മേഖലകളുടെ സ്രഷ്ടാവും സ്വാമികളാണ്. അതായത് കേരളീയ ധൈഷണിക ചരിത്രത്തിലെ അപൂർവ്വവും അനന്യയവുമാണ് ചട്ടമ്പിസ്വാമികൾ. ഇങ്ങനെയൊരാൾ അദ്ദേഹത്തിന് മുൻപോ പിൻപോ ജനിച്ചിട്ടില്ലെന്ന് ഇരുന്നൂറിലധികം മനീഷികൾ ഒന്നുപോലെ ഈ ഗ്രന്ഥത്തിലൂടെ തെളിയിക്കുന്നു' എന്നാണ് സമാഹാരത്തിന്റെ പരസ്യത്തിൽ അവകാശപ്പെട്ടിരുന്നത്.ഇതിനൊക്കെ എന്ത് മറുപടി പറയാനാണ്? നാടൻഭാഷയിൽ പറയുന്ന 'മുറിപ്പത്തൽ' തന്നെയല്ലേ വേണ്ടത്.

'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്', 'മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന ലോകോത്തര ദർശനം മാനവരാശിക്ക് നൽകിയ മഹാവിപ്ലവകാരിയായ ശ്രീനാരായണ ഗുരുവിനെ ഇകഴ്ത്താനും, കൊച്ചാക്കാനും വേണ്ടിയാണ് 'ചട്ടമ്പിസ്വാമികളെപ്പോലൊരാൾ അദ്ദേഹത്തിന് മുൻപോ ജനിച്ചിട്ടില്ല' എന്ന അസംബന്ധം എഴുതിപ്പിടിപ്പിച്ചത്. തീർച്ചയായും 'മുറിപ്പത്തൽ' തന്നെയല്ലേ വേണ്ടത്.
ഡി.സി. ബുക്‌സാണ് 'ചട്ടമ്പിസ്വാമിപഠനങ്ങൾ' വിതരണം ചെയ്തത്. ഇതിന്റെ പരസ്യത്തിൽ വകതിരിവിന്റെ ലവലേശം പോലുമില്ലാതെ 'കേരളത്തിലെ ഏക നവോത്ഥാന നായകൻ' എന്നാണ് ചട്ടമ്പിസ്വാമികളെ വിശേഷിപ്പിച്ചത്. ഇക്കാര്യം ഞാൻ പ്രമുഖ കഥാകാരൻ സക്കറിയയോട് പറയുകയും, രവി ഡീസിയുടെ ശ്രദ്ധയിൽ ഇത് പെടുത്തണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. അത് ഫലവത്തായി. അടുത്ത പരസ്യത്തിൽ നിന്ന് ഈ അവകാശവാദം ഒഴിവാക്കപ്പെട്ടു. ഈ പരസ്യം രവി ഡീസി കണ്ടിരുന്നില്ല. എവിടെയൊക്കെ, ഏതെല്ലാം വിധത്തിലാണ് ജാതിവെറിയും കുശുമ്പും പ്രവർത്തിക്കുന്നത് എന്ന് കാണുക.

ചട്ടമ്പിസ്വാമികളെ 'അമാനുഷിക' പരിവേഷത്തോടെ ഉയർത്തിക്കാട്ടാൻ ബോധപൂർവ്വം നടത്തുന്ന സംഘടിത പ്രചാരശ്രമങ്ങളുടെ ഭാഗമാണ് ഇവയെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാവും. കേരളസർവ്വകലാശാലയ്ക്ക് ചട്ടമ്പിസ്വാമികളുടെ പേരുനൽകണം എന്ന ആവശ്യം കുറച്ചുനാൾ മുൻപ് ചില തൽപരകേന്ദ്രങ്ങൾ ഉയർത്തിയിരുന്നു.  പൊതുസമൂഹത്തിന്റെ പിന്തുണ ലഭിക്കാത്തതുകൊണ്ട് അത് കെട്ടടങ്ങിപ്പോയി. ഇതിന്റെ തുടർച്ചപോലെയാണ് ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ മൗലികമല്ലെന്നും, അവയെല്ലാം ഓതിക്കൊടുത്തത് ചട്ടമ്പിസ്വാമികളാണെന്നുമുള്ള സംഘടിത ശ്രമവേല വർഷങ്ങൾക്ക് മുമ്പ് അരങ്ങേറിയത്. ഞാൻ കൊല്ലം ശ്രീനാരായണ കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ, ജാതിവെറിയനായ ഒരു മലയാളം വാദ്ധ്യാരായിരുന്നു അതിന് തുടക്കമിട്ടത്. അദ്ദേഹം 'മാതൃഭൂമി' ആഴ്ചപതിപ്പിലെഴുതിയ ഒരു ലേഖനത്തിലാണ് ഗുരുവിന്റെ ദർശനങ്ങൾ ഒട്ടും മൗലികമല്ലെന്ന ഈ 'കണ്ടുപിടുത്തം' നടത്തിയത്. ഉപരിപ്ലവമായ അല്ലറ ചില്ലറ വിവാദങ്ങൾ ഉണ്ടായെന്നല്ലാതെ, അത് വലുതായി ഏശിയില്ല.

ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും തമ്മിൽ സുദൃഢമായ ഒരു ആത്മബന്ധമുണ്ടായിരുന്നു. 1856 ഓഗസ്റ്റ് 20 ന് ജനിച്ച ഗുരുവിനെക്കാൾ മൂന്നുവർഷം പ്രായക്കൂടുതലുണ്ടായിരുന്നു ചട്ടമ്പിസ്വാമിക്ക്. സംസ്‌കൃതഭാഷയിൽ വലിയ പരിജ്ഞാനമുണ്ടായിരുന്ന ഇരുവരും തമ്മിൽ ശിവഗിരിയിൽ വച്ച് സുദീർഘമായ സംഭാഷണങ്ങൾ നടത്തുമായിരുന്നു. പരസ്പരം മനസ്സിലാക്കിയ രണ്ട് മനീഷികൾ തമ്മിലുള്ള വിനിമയമായിരുന്നത്. ആര് കൂടുതൽ കേമൻ എന്ന ചിന്തയേ അവിടെ ഉദിച്ചിരുന്നില്ല. ജാതിവെറിയന്മാർ അതിലും കുത്തിത്തിരുപ്പുകൾക്ക് ശ്രമിച്ചെങ്കിലും, അതും ഏശിയില്ല.

ശ്രീനാരായണ ഗുരുവിന്റെ ചിന്താലോകം വളരെ ബൃഹത്തും അതിവിപുലവുമായിരുന്നു. ആദ്ധ്യാത്മിക- ഭൗതികലോകത്തു ഒരുപോലെ അത് ആഴത്തിൽ പടർന്നുകയറിയിരിക്കുന്നു. കെ.പി. അപ്പൻ സാർ വിശേഷിപ്പിച്ചപോലെ 'ചരിത്രത്തെ അഗാധമാക്കിയ മഹാഗുരു'വാണ് ശ്രീനാരായണൻ. പച്ചമലയാളത്തിൽ അദ്ദേഹമെഴുതിയ 'കുണ്ഡലിനിപ്പാട്ടും', 'ദൈവദശക'വും 'ജാതിനിർണ്ണയ'വുമൊക്കെ മലയാള ഭാഷയിലെ ഉൽകൃഷ്ട കാവ്യങ്ങളാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച കവി കൂടിയാണ് അദ്ദേഹം. എന്നാൽ ആ തലത്തിൽ ചട്ടമ്പിസ്വാമിയെ ശ്രീനാരായണഗുരുവുമായി തുല്യം ചെയ്യാനാവില്ല. വേദാധികാര നിരൂപണം, ക്രിസ്തുമത ഛേദനം, അദ്വൈത ചിന്താപദ്ധതി എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രേഷ്ഠകൃതികളായി ഇന്ന് വാഴ്ത്തുന്നത്. ഇവയൊന്നും അദ്ദേഹം ജീവിച്ചിരുന്നപ്പോൾ പുറത്തിറങ്ങിയിരുന്നില്ല.(മൂലരചനകളിൽ പല മാറ്റങ്ങളും വരുത്തിയവയാണ് ഇപ്പോൾ പ്രചാരത്തിലുള്ളത് എന്ന് ആരോപണവും ഉണ്ട്) ഒരിടത്തും സ്ഥിരമായി അധികദിവസം പാർക്കാത്ത ചട്ടമ്പിസ്വാമികൾ തങ്ങുന്ന ഇടങ്ങളിൽ കിട്ടിയ കടലാസുകളിൽ കുത്തിക്കുറിച്ച് ഉപേക്ഷിക്കുകയായിരുന്നുവത്രെ. 'ക്രിസ്തുമതഛേദനം' ക്രിസ്തുമതത്തെക്കുറിച്ചുള്ള വിമർശനഗ്രന്ഥമാണ്. ഇതിന്റെ ആദ്യപതിപ്പിന്റെ ഒരു കോപ്പി എനിക്ക് കിട്ടിയിരുന്നു. വളരെ ബാലിശവും, ഉപരിപ്ലവവുമായ ഒരു പുസ്തകമാണത്. പന്നിയിറച്ചി തിന്നുന്നവർ തുടങ്ങിയ തൊലിപ്പുറ വിമർശനങ്ങളാണതിലുള്ളത്. ചട്ടമ്പിസ്വാമി ക്രിസ്തുമതത്തെ ആഴത്തിൽ പഠിക്കുകയോ ഉൾക്കൊള്ളുകയോ ചെയ്തിരുന്നില്ല.

'ഭാരതീയ ഗുരുപരമ്പരയിൽ അപൂർവ്വതയും അസാധാരണത്വവും സമ്മേളിച്ച ആധുനിക മഹർഷീശ്വരനാണ് സ്വാമികൾ' എന്ന വാഴ്ത്തുമുദ്ര  ഡോ.എ.എം. ഉണ്ണികൃഷ്ണനെപ്പോലെ 210 'മനീഷി'കളും ചാർത്തുന്നുവെങ്കിലും, നായർ സമുദായത്തിൽ ഗുണപരമായ മാറ്റങ്ങളോ, പരിവർത്തനങ്ങളോ സൃഷ്ടിക്കാൻ ചട്ടമ്പിസ്വാമികളുടെ ചിന്തകൾക്ക് കഴിഞ്ഞില്ല എന്നതാണ് വസ്തുത. ആന്തരിക അന്തഃഛിദ്രങ്ങളിലും ദുരാചാരമാമൂലുകളിലും, പ്രമാണിമാരുടെ മേൽക്കോയ്മയിലും, സ്വത്തവകാശത്തർക്കങ്ങളിലും പെട്ട് ശിഥിലമായിരുന്ന നായർ സമുദായത്തെ, കാലോചിതമായ പരിഷ്‌ക്കരണങ്ങളിലൂടെ പരിവർത്തനത്തിന് സജ്ജമാക്കിയത് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിലായിരുന്നു. അതുകൊണ്ടാവാം, ജയന്തി- ചരമദിനങ്ങൾ ആചരിക്കുന്നുണ്ടെങ്കിലും, കരയോഗമന്ദിരങ്ങളിൽ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ഈഴവ സമുദായം ശ്രീനാരായണഗുരുവിനെ കൊണ്ടോടുംപോലെ, എൻ.എസ്.എസ് നേതൃത്വം ഔദ്യോഗികമായി സമുദായപരിവർത്തനത്തിന്റെ ചാലകശക്തിയായി ചട്ടമ്പിസ്വാമികളെ അംഗീകരിക്കാത്തത്. ഡോ. എ.എം. ഉണ്ണികൃഷ്ണനെപ്പോലുള്ള നായർ 'മനീഷികൾ' ശ്രമിക്കേണ്ടത് അതിന് വേണ്ടിയായാൽ നന്ന്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img