
ദോഹ: ലോകത്തിലെ ഏറ്റവുംവലിയ കായികമാമാങ്കങ്ങളിലൊന്നായ വാൻഡാ ഡയമണ്ട് ലീഗ് 2026-ന്റെ ദോഹ മീറ്റിന്റെ മുഖ്യ സ്പോൺസറായി (Title Sponsor) പ്രമുഖ ഖത്തരി കമ്പനിയായ 'മസ്റത്തി'യെ (Mazzraty) പ്രഖ്യാപിച്ചു. വെസ്റ്റ് ബേയിലെ പുൾമാൻ ഹോട്ടലിൽ വ്യാഴാഴ്ച നടന്ന ചടങ്ങിൽ ഖത്തർ അത്ലറ്റിക്സ് ഫെഡറേഷൻ (QAF) ഭാരവാഹികളാണ് സ്പോൺസർഷിപ്പ് കരാർ ഒപ്പിട്ടത്.
'മസ്റത്തി ദോഹ മീറ്റ്' എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഈ കായികമേള 2026 വാൻഡാ ഡയമണ്ട് ലീഗ് സീസണിലെ ഏഴാമത്തെ സ്റ്റോപ്പാണ്. ജൂൺ 19 വെള്ളിയാഴ്ച ഖത്തർ സ്പോർട്സ് ക്ലബ്ബിലാണ് മത്സരം അരങ്ങേറുന്നത്. ഒളിമ്പിക്-ലോക ചാമ്പ്യന്മാർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കായികതാരങ്ങൾ പങ്കെടുക്കുന്ന ഈ മേള, ആഗോള അത്ലറ്റിക്സ് കലണ്ടറിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്.
ഖത്തറിലെ പ്രമുഖ കമ്പനിയും ലോകോത്തര കായിക ഇനവും തമ്മിലുള്ള ഈ പങ്കാളിത്തം രാജ്യത്ത് കായികരംഗത്തെയും ആരോഗ്യകരമായ ജീവിതശൈലിയെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മസ്റത്തിയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് അടിവരയിടുന്നതാണെന്ന് ഖത്തർ അത്ലറ്റിക്സ് ഫെഡറേഷൻ പ്രസിഡന്റ് മുഹമ്മദ് ഈസ അൽ ഫദാല പറഞ്ഞു. സ്പോൺസർഷിപ്പ് തുകയ്ക്ക് പുറമെ, മത്സരത്തിലുടനീളം അത്ലറ്റുകൾക്കും മറ്റ് പങ്കാളികൾക്കും ആവശ്യമായ പാനീയങ്ങളും ഇലക്ട്രോലൈറ്റ് ഉൽപ്പന്നങ്ങളും മസ്റത്തി സൗജന്യമായി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വലിയൊരു കായികമേളയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് മസ്റത്തി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുൽറഹ്മാൻ അൽ മാന പറഞ്ഞു. ഖത്തറിന്റെ ഉന്നതനിലവാരം ആഗോളതലത്തിൽ ഉയർത്തിക്കാട്ടുന്ന ഇത്തരം മേളകളെ പിന്തുണയ്ക്കാൻ കമ്പനി ബാധ്യസ്ഥരാണെന്നും, ശരിയായ പോഷകാഹാരവും ആരോഗ്യകരമായ ജീവിതവുമാണ് കായിക മികവിന്റെ അടിസ്ഥാനമെന്നും അദ്ദേഹം വ്യക്തമാക്കി.
കായികതാരങ്ങൾക്കും കാണികൾക്കും ഒരുപോലെ മികച്ച അനുഭവം സമ്മാനിക്കാൻ ഇത്തരം സ്പോൺസർഷിപ്പുകൾ സഹായിക്കുമെന്ന് ഖത്തർ അത്ലറ്റിക്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറിയും ടൂർണമെന്റ് ഡയറക്ടറുമായ ഈസ അൽ ഹറാമി നന്ദി അറിയിച്ചുകൊണ്ട് സംസാരിച്ചു.ഇന്ത്യയുടെ മുൻ ഒളിമ്പിക്-ലോക ചാമ്പ്യൻ നീരജ് ചോപ്ര, നിലവിലെ ലോക ചാമ്പ്യൻ കെഷോൺ വാൽക്കോട്ട് (ട്രിനിഡാഡ് ആൻഡ് ടൊബാഗോ), ശ്രീലങ്കയുടെ റുമേഷ് തരംഗ പതിരഗെ എന്നിവർ പങ്കെടുക്കുന്ന പുരുഷന്മാരുടെ ജാവലിൻ ത്രോയാണ് ഇത്തവണത്തെ പ്രധാന ആകർഷണം. കൂടാതെ ഒളിമ്പിക് 400 മീറ്റർ ചാമ്പ്യൻ മാരി ലെയ്ഡി പൗളിനോ, ഒളിമ്പിക് ചാമ്പ്യൻ സുഫിയാൻ എൽ ബഖാലി (3000 മീറ്റർ സ്റ്റീപ്പിൾചേസ്), നിലവിലെ ലോക ചാമ്പ്യൻ കോർഡെൽ ടിഞ്ച് (110 മീറ്റർ ഹർഡിൽസ്) എന്നിവരും ദോഹയിൽ ട്രാക്കിലിറങ്ങും.
ഖത്തറിന്റെ സ്വന്തം ഒളിമ്പിക്-ലോക ചാമ്പ്യനായ മുതാസ് ഈസ ബർഷിം പുരുഷന്മാരുടെ ഹൈജമ്പിൽ സ്വന്തം നാട്ടുകാർക്ക് മുന്നിൽ മത്സരിക്കുന്നു എന്ന പ്രത്യേകതയും ഈ മീറ്റിനുണ്ട്. നാല് ഭൂഖണ്ഡങ്ങളിലായി നടക്കുന്ന 15 മത്സരങ്ങളടങ്ങിയ വാൻഡാ ഡയമണ്ട് ലീഗ് പരമ്പരയുടെ ഫൈനൽ സെപ്റ്റംബർ 4, 5 തീയതികളിൽ ബ്രസ്സൽസിലാണ് നടക്കുക.










