
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസ് (ഡി.എച്ച്.എസ്) പദവിയെച്ചൊല്ലി കടുത്ത തർക്കം. കോടതി ഉത്തരവുമായി ചുമതലയേൽക്കാൻ എത്തിയ മുൻ ഡി.എച്ച്.എസ് ഡോ. റീനയും നിലവിലെ ഡയറക്ടർ ഡോ. മീനാക്ഷിയും തമ്മിലുണ്ടായ വാക്കേറ്റം ആരോഗ്യവകുപ്പ് ആസ്ഥാനത്ത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. സ്ഥിതി വഷളായതോടെ പൊലീസ് ഇടപെട്ടു.
ഡി.എച്ച്.എസ് സ്ഥാനത്തുനിന്ന് മാറ്റപ്പെട്ട ഡോ. റീന, തനിക്ക് അനുകൂലമായ കോടതി വിധിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിലുള്ള ഡയറക്ടറേറ്റ് ഓഫീസിൽ എത്തുകയായിരുന്നു. കോടതി ഉത്തരവ് പ്രകാരം ഔദ്യോഗികമായി ചുമതലയേൽക്കാൻ അനുവദിക്കണമെന്നും ഡയറക്ടറുടെ കസേരയിൽ ഇരിക്കാനുള്ള അവകാശം തനിക്കാണെന്നും അവർ ആവശ്യപ്പെട്ടു.
എന്നാൽ സർക്കാരിൽ നിന്ന് വ്യക്തമായ ഉത്തരവ് ലഭിക്കാതെ പദവി ഒഴിയാനാവില്ലെന്ന നിലപാടാണ് നിലവിലെ ഡി.എച്ച്.എസ് ഡോ. മീനാക്ഷി സ്വീകരിച്ചത്. ഇതോടെ ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായി. ഓഫീസിനുള്ളിൽ ഏറെ നേരം നീണ്ടുനിന്ന വാക്കേറ്റത്തിനൊടുവിൽ ഡോ. മീനാക്ഷി പൊലീസിന്റെ സഹായം തേടി. ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്ന ആവശ്യവും അവർ ഉന്നയിച്ചു.
തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഇരുപക്ഷവുമായും ചർച്ച നടത്തി. സർക്കാരിന്റെ വ്യക്തമായ ഇടപെടലോ തുടർനിർദേശമോ ഉണ്ടാകുന്നതുവരെ പ്രശ്നം തുടരാനിടയുണ്ടെന്നാണ് സൂചന.
രണ്ട് ദിവസത്തെ അവധിക്ക് അപേക്ഷ നൽകിയതിന് പിന്നാലെ ഡോ. റീനയെ ഡി.എച്ച്.എസ് സ്ഥാനത്തുനിന്ന് മാറ്റിയ സർക്കാർ നടപടി നേരത്തേ വിവാദമായിരുന്നു. ഇതിനെതിരെയാണ് അവർ കോടതിയെ സമീപിച്ചത്. കോടതി വിധി ഡോ. റീനയ്ക്ക് അനുകൂലമായതോടെ വിഷയത്തിൽ രാഷ്ട്രീയ വിവാദവും ശക്തമായി.
ഇതിനിടെ, വിഷയത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ നടത്തിയ പ്രതികരണവും ശ്രദ്ധേയമായി. സർക്കാരിന്റെ നിലപാട് കോടതിയിൽ വ്യക്തമാക്കുമെന്നും ഭരണപരമായ കാര്യങ്ങളിൽ ആവശ്യമായ തീരുമാനങ്ങൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതോടെ നിലവിലെ ഡയറക്ടർ ഡോ. മീനാക്ഷിക്കാണ് സർക്കാരിന്റെ പിന്തുണയെന്ന വിലയിരുത്തലുകളും ശക്തമായിട്ടുണ്ട്.










