
ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം വലിയ വിജയം നേടിയിരുന്നു. നിയമസഭയിലെ 243 സീറ്റുകളിൽ 202 സീറ്റുകൾ നേടിയാണ് ദേശീയ ജനാധിപത്യ സഖ്യം അധികാരം നിലനിർത്തിയത്. ബിജെപി 89 സീറ്റ് നേടിയപ്പോൾ 85 സീറ്റുകളാണ് നിതീഷ് കുമാർ നയിക്കുന്ന ജെഡിയു നേടിയത്. പ്രതിപക്ഷ സഖ്യത്തിൽ ആർജെഡി 25 സീറ്റുകൾ സ്വന്തമാക്കിയപ്പോൾ വെറും ആറ് സീറ്റിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്. ഇടതുപക്ഷം വെറും മൂന്നു സീറ്റുകളിലൊതുങ്ങി. ജെഡിയു നേതാവ് നിതീഷ് കുമാർ പത്താമതും മുഖ്യമന്ത്രിയായി. ഇപ്പോഴിതാ, ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ക്രമക്കേടുകൾ നടന്നുവെന്ന് ആരോപിച്ച് യൂട്യൂബർ ധ്രുവ് റാഠി രംഗത്തെത്തി. ആറ് തെളിവുകളോടെയാണ് ധ്രുവ് റാഠിയുടെ ആരോപണം. തന്റെ ആരോപണങ്ങൾ തെറ്റെന്ന് തെളിയിക്കാൻ അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷനെയും മോദി സർക്കാരിനെയും വെല്ലുവിളിച്ചു.
1) സ്ത്രീകളുടെ അക്കൗണ്ടിൽ പതിനായിരം രൂപ:
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചതിന് പിന്നാലെയും സർക്കാർ സ്ത്രീകൾക്ക് പണം നൽകിയതിലൂടെ വോട്ടർമാരെ സ്വാധീനിച്ചുവെന്നാണ് ആരോപണം.
2) ഇരട്ട വോട്ടിംഗ്:
മറ്റ് സംസ്ഥാനങ്ങളിൽ വോട്ടുചെയ്ത ചിലർ ബിഹാറിലും വോട്ട് ചെയ്തതായി ധ്രുവ് പങ്കുവെച്ച ചിത്രങ്ങൾ സൂചിപ്പിക്കുന്നു.
3) സ്പെഷ്യൽ ട്രെയിനുകളിലെ ‘വ്യാജ’ വോട്ടർമാർ:
ഹരിയാനയിൽ നിന്ന് ബിഹാറിലേക്ക് പ്രത്യേക ട്രെയിനുകൾ ഓടിച്ച് വ്യാജ വോട്ടർമാരെ കൊണ്ടുവന്നതായും യാത്രാചിലവ് ബിജെപിയാണ് വഹിച്ചതെന്നും ആരോപണം.
4) സിസിടിവി ദൃശ്യങ്ങൾ മറച്ചു വയ്ക്കൽ:
പോളിംഗ് ബൂത്ത് ദൃശ്യങ്ങൾ പൊതുജനങ്ങൾക്ക് നൽകാതെ 45 ദിവസത്തിനകം മായ്ച്ചുകളയാൻ നിയമം മാറ്റി — ഇതും ക്രമക്കേടിന് സഹായകമെന്ന് ധ്രുവ്.
5) 47 ലക്ഷം വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കൽ:
മുഖ്യമായും മുസ്ലിം, ദളിത്, ആദിവാസി വോട്ടർമാരെയാണ് നീക്കം ചെയ്‌തതെന്ന് ആരോപണം.
6) തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതം:
വോട്ടെടുപ്പ് തീയതികൾ ബിജെപിക്ക് അനുകൂലമായി നിശ്ചയിച്ചതും മോദിയുടെ വിവാദ പ്രസ്താവനകളിൽ നടപടി എടുക്കാത്തതും ധ്രുവ് ചൂണ്ടിക്കാട്ടുന്നു.











