08:53am 22 September 2026
NEWS
പ്രതിപക്ഷം ​ഗാലറിയിലിരുന്ന് കയ്യടിച്ചു; ഇടതുപക്ഷം കോറസ് പാടി; വെറും രണ്ടുമാസം പ്രായമുള്ള പാറ്റകൾ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയെ മുട്ടുകുത്തിച്ച കഥ
25/07/2026  04:44 PM IST
nila
പ്രതിപക്ഷം ​ഗാലറിയിലിരുന്ന് കയ്യടിച്ചു; ഇടതുപക്ഷം കോറസ് പാടി; വെറും രണ്ടുമാസം പ്രായമുള്ള പാറ്റകൾ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയെ മുട്ടുകുത്തിച്ച കഥ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയും ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി ഉയർന്ന വിദ്യാർഥി പ്രക്ഷോഭത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ജനാധിപത്യ ഇന്ത്യയിൽ പുതിയൊരു അധ്യായത്തിനാണ് തുടക്കമായിരിക്കുന്നത്. നരേന്ദ്ര മോദി സർക്കാരിന്റെ 12 വർഷത്തെ ഭരണത്തിനിടെ ശക്തമായ ജനകീയ പ്രതിഷേധത്തെ തുടർന്ന് ഒരു കേന്ദ്രമന്ത്രി പദമൊഴിയുന്ന ആദ്യ സംഭവമാണിത്.

പ്രതിഷേധത്തിന് നേതൃത്വം നൽകിയത് വെറും രണ്ട് മാസം മുൻപ് രൂപംകൊണ്ട കോക്രോച്ച് ജനതാ പാർട്ടി എന്ന ഓൺലൈൻ കൂട്ടായ്മയാണ് എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവി എന്തായിരിക്കും എന്നത് സംബന്ധിച്ച് വ്യക്തമായ സൂചനയാണ് നൽകുന്നത്. മുഖ്യപ്രതിപക്ഷമായ കോൺ​ഗ്രസും ഇടതു പാർട്ടികളും വിവിധ സംസ്ഥാനങ്ങളിൽ ഭരണത്തിലുള്ള പ്രാദേശിക പാർട്ടികളുമെല്ലാം കാണികളും കോറസ് പാട്ടുകാരുമായി മാറിയ പോരാട്ടത്തിന്റെ നായകരും വിജയികളും പാറ്റകൾ തന്നെയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാ​ഗധേയം നിർണയിക്കുന്ന പാറ്റ പാർട്ടി(സിജെപി)യുടെ ജനനത്തിന്റെയും വളർച്ചയുടെയും പോരാട്ടത്തിന്റെയും നാൾവഴികൾ നമുക്കൊന്ന് നോക്കാം...

കഴിഞ്ഞ മേയിൽ സുപ്രീം കോടതിയിൽ വാദത്തിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ഒരു പരാമർശമാണ് പാറ്റ പാർട്ടിക്ക് ബീജാവാപം നടത്തിയത്. മേയ് 15ന് നടന്ന ഒരു കേസിന്റെ വാദത്തിനിടെ, തൊഴിലില്ലാത്ത യുവ അഭിഭാഷകരെ പാറ്റകളോട് ഉപമിച്ചു എന്ന രീതിയിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം പുറത്തുവന്നത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിതെളിക്കുകയും കോക്രോച്ച് ജനതാ പാർട്ടിയെന്ന കൂട്ടായ്മ രൂപീകരിക്കപ്പെടുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിക്കുകയും ചെയ്തു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മേയ് 23-നാണ് സംഘടന രൂപംകൊണ്ടത്. അമേരിക്കയിലായിരുന്ന അഭിജിത് ദീപ്കെ സോഷ്യൽമീഡിയയിലാണ് കോക്രോച്ച് ജനതാ പാർട്ടി എന്ന പേരിൽ ഒരു കൂട്ടായ്മ ആരംഭിച്ചത്. മണിക്കൂറുകൾക്കുള്ളിൽ ഈ കൂട്ടായ്മയിലേക്ക് ലക്ഷക്കണക്കിന് ചെറുപ്പക്കാർ ഒഴുകിയെത്തി. ദിവസങ്ങൾക്കുള്ളിൽ തന്നെ രാജ്യവ്യാപക വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന ശക്തിയായി അത് വളർന്നു.

സമരത്തിന്റെ തുടക്കം

സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ ജൂൺ ആറിന് അമേരിക്കയിൽ നിന്ന് ഡൽഹിയിലെത്തിയതോടെയാണ് പ്രതിഷേധം തെരുവിലിറങ്ങിയത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആയിരക്കണക്കിന് വിദ്യാർഥികൾ അദ്ദേഹത്തെ സ്വീകരിച്ചതോടെ ആദ്യ പ്രതിഷേധം ശ്രദ്ധേയമായി. തുടർന്ന് ജന്തർ മന്തറിൽ സമാധാനപരമായ ധർണ സംഘടിപ്പിച്ച സംഘടന, കൂടുതൽ ശക്തമായ സമരത്തിന് തയ്യാറെടുക്കുകയായിരുന്നു.

ജൂൺ 11-ന് പുണെയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചില്ലെങ്കിൽ ജൂൺ 20 മുതൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് അഭിജീത് ദിപ്‌കെ പ്രഖ്യാപിച്ചു. ജൂൺ 17-ന് വിദ്യാർഥികളോട് ഡൽഹിയിലേക്ക് എത്താൻ ആഹ്വാനം ചെയ്തതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർഥികൾ ജന്തർ മന്തറിലേക്ക് ഒഴുകിയെത്തി. സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കും കർഷക സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ പ്രക്ഷോഭം ദേശീയ ശ്രദ്ധ നേടി.

ജൂൺ 20: 'സൻസദ് ചലോ' മാർച്ച്

ജൂൺ 20-ന് പാർലമെന്റിലേക്ക് നടത്തിയ 'സൻസദ് ചലോ' മാർച്ചിൽ ആയിരക്കണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. പ്രതിഷേധം തടയാൻ ഡൽഹി പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ചതോടെ നിരവധി പേർക്ക് പരിക്കേറ്റു. അതേ ദിവസം കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ സിജെപി പ്രതിനിധികളുമായി ചർച്ച നടത്തിയെങ്കിലും ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ സംഘടന വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.

ജൂലായ് 21 മുതൽ പ്രക്ഷോഭം ശക്തമായി

ജൂലായ് 21-ന് കോൺഗ്രസ് സമരത്തിന് ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ചു. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ പോലീസ് തടഞ്ഞു. ജന്തർ മന്തറിൽ സിജെപി അനിശ്ചിതകാല സമരം തുടർന്നപ്പോൾ നിരവധി പ്രമുഖരും പിന്തുണയുമായി രംഗത്തെത്തി.

രാജ്യവ്യാപക ഐക്യദാർഢ്യം

ജൂലായ് 22-ന് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർഥി സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചു. പാർലമെന്റിലും വിഷയം ശക്തമായി ഉയർന്നതോടെ സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചെങ്കിലും പ്രതിപക്ഷവും സിജെപിയും ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ ഉറച്ചുനിന്നു.

കേന്ദ്രത്തിന്റെ ആദ്യ പ്രതികരണം

ജൂലായ് 23-ന് ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ പ്രതികരിച്ചു. വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റുകയും ചോദ്യച്ചോർച്ച കേസുകൾ പരിഗണിക്കാൻ അതിവേഗ കോടതികൾ പ്രഖ്യാപിക്കുകയും പരീക്ഷാ ക്രമക്കേടുകൾക്ക് കർശന ശിക്ഷ ഉറപ്പാക്കുന്ന നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. സോനം വാങ്ചുക് കേന്ദ്രമന്ത്രിമാരുമായുള്ള ചർച്ചയ്ക്ക് ശേഷം നിരാഹാരസമരം അവസാനിപ്പിച്ചു.

നിർണായക ചർച്ച

ജൂലായ് 24-ന് സിജെപിയുമായി കേന്ദ്രസർക്കാർ നടത്തിയ ചർച്ചയിൽ നീറ്റ് പരീക്ഷാ ബാധിതർക്ക് നഷ്ടപരിഹാരവും സമരക്കാരെതിരെ നിയമനടപടികൾ സ്വീകരിക്കില്ലെന്ന ഉറപ്പും നൽകി. നാഷണൽ ടെസ്റ്റിങ് ഏജൻസിയിലെ 47 ഉദ്യോഗസ്ഥരെ പുറത്താക്കുകയും പരീക്ഷാ ക്രമക്കേടുകൾ തടയാൻ പുതിയ നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകുകയും ചെയ്തു. എന്നാൽ വിദ്യാഭ്യാസമന്ത്രിയുടെ രാജി സംബന്ധിച്ച തീരുമാനം ഒരു ദിവസം കൂടി നീട്ടി.

ഒടുവിൽ രാജി

ജൂലായ് 25-ന് സർക്കാർ ആവശ്യപ്പെട്ട സമയപരിധി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ധർമേന്ദ്ര പ്രധാൻ പ്രധാനമന്ത്രിക്ക് രാജിക്കത്ത് സമർപ്പിച്ചു. ഇതോടെ ആഴ്ചകളായി തുടരുന്ന സമരത്തിന് നിർണായക വഴിത്തിരിവായി. ജന്തർ മന്തറിൽ സിജെപി പ്രവർത്തകർ വിജയാഘോഷം നടത്തി. "ഇത് യുവത്വത്തിന്റെ വിജയവും ജനാധിപത്യത്തിന്റെ ശക്തിയും തെളിയിച്ച സമരമാണ്" എന്നാണ് സിജെപി പ്രതികരിച്ചത്. കോൺഗ്രസും സമരത്തെ യുവജനശക്തിയുടെ വിജയമായി വിശേഷിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img