05:20am 22 September 2026
NEWS
രാജി പരിഗണനയിലില്ല; ധർമേന്ദ്ര പ്രധാൻ സ്ഥാനത്ത് തുടരുമെന്ന് സൂചന
24/07/2026  06:33 PM IST
NILA
രാജി പരിഗണനയിലില്ല; ധർമേന്ദ്ര പ്രധാൻ സ്ഥാനത്ത് തുടരുമെന്ന് സൂചന

 

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി എൻ.ഡി.എ. സർക്കാരിന്റെ പരിഗണനയിലില്ലെന്ന സൂചനകൾ ശക്തമാകുന്നു. ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നതല്ല സർക്കാരിന്റെ സമീപനമെന്നും ജനങ്ങൾ ഏൽപ്പിച്ച ചുമതല നിർവഹിക്കുകയാണ് ലക്ഷ്യമെന്നും എൻ.ഡി.എ. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയെക്കുറിച്ച് ശനിയാഴ്ച ഉച്ചയോടെ നിലപാട് അറിയിക്കാമെന്ന് കേന്ദ്രം സി.ജെ.പി. നേതാക്കളെ ഇന്നത്തെ ചർച്ചയിൽ അറിയിച്ചിരുന്നു. എന്നാൽ രാജി എന്ന തീരുമാനത്തിലേക്ക് സർക്കാർ പോകാൻ സാധ്യതയില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.

ധർമേന്ദ്ര പ്രധാന്റെ രാജി, സമരത്തിനിടെ മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം, പ്രതിഷേധക്കാരെതിരായ എഫ്.ഐ.ആറുകൾ പിൻവലിക്കൽ എന്നിവയാണ് സി.ജെ.പി. പ്രതിനിധികൾ കേന്ദ്ര സർക്കാരിന് മുന്നിൽ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ. ഇതിൽ നഷ്ടപരിഹാരവും എഫ്.ഐ.ആർ പിൻവലിക്കലും സംബന്ധിച്ച് അനുകൂല സമീപനമാണ് സർക്കാർ സ്വീകരിച്ചതെന്നാണ് സൂചന. എന്നാൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജി സംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്ലാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സി.ജെ.പി. നേതൃത്വം. ധർമേന്ദ്ര പ്രധാന്റെ രാജി പ്രധാനമന്ത്രി തന്നെ ഉറപ്പാക്കണമെന്നും, അത് നടക്കാത്ത പക്ഷം പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരം ശക്തമാക്കുമെന്നും സി.ജെ.പി. സ്ഥാപകൻ അഭിജിത് ദീപ്കെ വ്യക്തമാക്കി.

സി.ജെ.പി. പ്രതിനിധികളും കേന്ദ്ര സർക്കാർ പ്രതിനിധികളും തമ്മിലുള്ള മൂന്നാംഘട്ട ചർച്ച ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img