
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ സമരവിജയം ആഘോഷിച്ച സി.ജെ.പി. പ്രവർത്തകരെ അഭിസംബോധന ചെയ്ത് പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തി. ജനാധിപത്യത്തിന്റെ വിജയമാണ് ഈ രാജിയെന്നും, പോരാട്ടം ഇതോടെ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബോളിവുഡ് ചിത്രം മുന്നാ ഭായ് എം.ബി.ബി.എസ്.-ലെ "സുബഹ് ഹോ ഗയി മാമു" എന്ന ഡയലോഗ് പരാമർശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ദീപ്കെ പ്രതികരിച്ചത്. സമാധാനപരമായ പ്രക്ഷോഭവും ജനങ്ങളുടെ ഐക്യവും ഏത് ഭരണകൂടത്തെയും തീരുമാനങ്ങൾ മാറ്റാൻ പ്രേരിപ്പിക്കുമെന്നതിന്റെ തെളിവാണ് വിദ്യാഭ്യാസ മന്ത്രിയുടെ രാജിയെന്നും അദ്ദേഹം പറഞ്ഞു.
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവൻ നഷ്ടമായതായി പറയപ്പെടുന്ന വിദ്യാർഥികളുടെ സ്മരണയ്ക്കായി പ്രതിഷേധക്കാർ രണ്ട് മിനിറ്റ് മൗനം ആചരിച്ചു. വിദ്യാർഥികളുടെ തുടർച്ചയായ പ്രതിഷേധങ്ങളുടെ സമ്മർദ്ദമാണ് ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ചതെന്നും ദീപ്കെ അവകാശപ്പെട്ടു.
"ഇതാണ് ജനാധിപത്യം. ജനങ്ങൾ ഭയമില്ലാതെ അവകാശങ്ങൾക്കായി നിലകൊണ്ടാൽ അധികാരത്തിലുള്ളവരെയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ നിർബന്ധിതരാക്കാൻ കഴിയും. സർക്കാർ ഒരിക്കലും വഴങ്ങില്ലെന്ന് പലരും പറഞ്ഞിരുന്നെങ്കിലും ഇന്ന് അത് തെറ്റാണെന്ന് തെളിഞ്ഞു. ഇത് ആദ്യ വിക്കറ്റ് മാത്രമാണ്; മുന്നിലുള്ള പോരാട്ടം ഇനിയും ബാക്കിയുണ്ട്," അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രിയുടെ രാജിയോടെ സമരം അവസാനിപ്പിക്കില്ലെന്നും സി.ജെ.പി. വ്യക്തമാക്കി. പരീക്ഷാ ക്രമക്കേടിനെ തുടർന്ന് ആത്മഹത്യ ചെയ്തതായി പറയപ്പെടുന്ന വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക, പ്രതിഷേധക്കാർക്കെതിരെ ലാത്തിച്ചാർജ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളും എഫ്.ഐ.ആറുകളും പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും അഭിജിത് ദീപ്കെ കൂട്ടിച്ചേർത്തു.











