
ചരിത്രപ്രസിദ്ധമായ ആരാധനാകേന്ദ്രമാണ് കർണാടകത്തിലെ ധർമ്മസ്ഥല ശ്രീ മഞ്ജുനാഥ ക്ഷേത്രം. എണ്ണൂറുവർഷത്തിലേറെ പഴക്കമുള്ള ഈ ക്ഷേത്രത്തിന് വ്യത്യസ്തതകൾ പലതാണ്. പരമശിവനാണ് പ്രധാനപ്രതിഷ്ഠ. പതിനാറാം നൂറ്റാണ്ടിൽ അന്നത്തെ ഭരണ മേധാവി ദേവരാജ ഹെഗ്‌ഗാഡെയുടെ അഭ്യർത്ഥന പ്രകാരം ഹിന്ദു ദ്വൈത സന്യാസി വാദിരാജ തീർത്ഥയാണ് ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ നടത്തിയത്. വൈഷ്ണവരായ മാധ്വ ബ്രാഹ്മണരാണ് പൂജാരിമാർ. ഭരണച്ചുമതല വഹിക്കുന്നത് ജൈനമത വംശജരായ പെർഗഡെ കുടുംബവും. പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ഡോക്ടർ വീരേന്ദ്ര ഹെഗ്‌ഗാഡെയാണ് ദീർഘകാലമായി ക്ഷേത്ര ഭരണത്തിന് നേതൃത്വം നൽകുന്നത്. രണ്ടായിരമാണ്ടിൽ രാജ്യം അദ്ദേഹത്തെ പത്മഭൂഷൻ നൽകി ആദരിച്ചു. രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായിരിക്കെ 2022 ൽ വീരേന്ദ്ര ഹെഗ്‌ഗാഡെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. ബിജെപി പ്രതിനിധിയായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. () മലയാളികൾക്കും ഏറെ പ്രിയപ്പെട്ട ക്ഷേത്രമാണിത്. മലയാളികൾ ഉൾപ്പെടെ അനേകായിരം ഭക്തജനങ്ങൾ ദിവസവും ഇവിടെ ദർശനത്തിന് എത്താറുണ്ട്. ജീവകാരുണ്യ- സാമൂഹ്യക്ഷേമ- വിദ്യാഭ്യാസ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച് ധർമ്മസ്ഥലയെ ഒരു പ്രമുഖ ക്ഷേത്രനഗരമാക്കി മാറ്റിയത് ഡോക്ടർ വീരേന്ദ്ര ഹെഗ്‌ഗാഡെയാണ്. കന്നഡിഗർ ജാതിമത ഭേദമന്യേ വിശ്വാസമർപ്പിച്ച് ആശ്രയിച്ചുപോരുന്ന ഒരു പുണ്യ ക്ഷേത്രഭൂമിയാണ് ധർമ്മസ്ഥല.(നടുക്കം കൊള്ളിക്കുന്ന വെളിപ്പെടുത്തൽ)
ധർമ്മസ്ഥല ക്ഷേത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഞെട്ടിക്കുന്ന വിവരങ്ങൾ സംസ്ഥാനമൊട്ടാകെ ഭീതി പരത്തുകയും ഭക്തജനങ്ങളെ ആശങ്കാകുലരാക്കുകയും ചെയ്തിട്ടുണ്ട്. സമീർ എം ഡി എന്ന യൂട്യൂബറാണ് നടുക്കമുളവാക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. അയാൾ പുറത്തുവിട്ട വിവരങ്ങൾ സത്യമല്ലെന്നും എ ഐ സഹായത്തോടെ സൃഷ്ടിച്ചെടുത്ത ദൃശ്യങ്ങളാണ് പ്രദർശിപ്പിച്ചതെന്നും കുറ്റപ്പെടുത്തിക്കൊണ്ട് അയാൾക്കെതിരെ കേസ്സെടുക്കുകയാണ് ആദ്യഘട്ടത്തിൽ ഗവണ്മെന്റ് ചെയ്തത്. നിരവധി സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തി ക്ഷേത്ര പരിസരത്തുള്ള വനത്തിൽ അതീവരഹസ്യമായി സംസ്കരിച്ചിട്ടുണ്ടെന്നാണ് ക്ഷേത്രത്തിലെ ഒരു മുൻ ശുചീകരണ ജീവനക്കാരനെ ഉദ്ധരിച്ചുകൊണ്ട് യൂട്യൂബർ വെളിപ്പെടുത്തിയത്. ക്ഷേത്രത്തിലെ ചില ഉയർന്ന ജീവനക്കാരുടെ നിർദ്ദേശപ്രകാരം മൃതദേഹങ്ങൾ കുഴിച്ചിട്ടത് താനാണെന്നാണ് ഈ ശുചീകരണ തൊഴിലാളി അവകാശപ്പെടുന്നത്. ക്ഷേത്രത്തിൽ ഇരുപത് വർഷത്തോളം ജോലിചെയ്തിരുന്ന അയാൾ ഒരു മൃതദേഹം സംസ്കരിച്ചതിന്റെ ഫോട്ടോ സഹിതം പോലീസിൽ പരാതി നൽകിയതോടെയാണ് ഈ ആരോപണം ഗൗരവാവസ്ഥ കൈവരിച്ചത്. 1995- 2014 കാലയളവിലാണ് അയാൾ ക്ഷേത്രത്തിൽ ജോലി ചെയ്തത്.ക്ഷേത്രനഗരം വിട്ടുപോയിരുന്ന അയാൾ ഈയ്യിടെ തിരിച്ചെത്തിയാണ് നടുക്കമുളവാക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. അതീവ ജാഗ്രതയോടെയാണ് ഈ പ്രശ്നം ഗവണ്മെന്റ് കൈകാര്യം ചെയ്യുന്നത്. ഒരു സാധാരണ കേസ് രജിസ്റ്റർ ചെയ്ത് തണുപ്പൻ മട്ടിലാണ് ആദ്യം അന്വേഷണം നടത്തിയത്. കേസ് മൂടിവെക്കാൻ ഗവണ്മെന്റ് ശ്രമിക്കുന്നതായി ആരോപണമുയർന്നിരുന്നു. മേൽസാഹചര്യത്തിലാണ് സുപ്രീംകോടതിയിലെ മുൻ ജഡ്ജി വി ഗോപാലഗൗഡയും മുതിർന്ന ചില അഭിഭാഷകരും സംയുക്തമായി പത്രസമ്മേളനം നടത്തിയത്. ജനമനസ്സുകളിൽ ഉടലെടുത്തിട്ടുള്ള ആശങ്ക അകറ്റാൻ ധർമ്മസ്ഥല സംഭവത്തെ പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് ജസ്റ്റിസ് ഗോപാലഗൗഡ ആവശ്യപ്പെട്ടു "എസ് ഐ ടി രൂപീകരിച്ച് സുപ്രീം കോടതിയിലോ ഹൈക്കോടതിലോ സേവനമനുഷ്ടിക്കുന്ന അല്ലെങ്കിൽ വിരമിച്ച ഒരു ജഡ്ജിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തേണ്ടത് " അദ്ദേഹം വ്യക്തമാക്കി. "ഏതാനും വർഷത്തിനിടയിൽ നാനൂറോളം സ്ത്രീകളും പെൺകുട്ടികളും ധർമ്മസ്ഥലയിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നും കാണാതായിട്ടുള്ള സാഹചര്യത്തിൽ സമഗ്രമായ അന്വേഷണം നടക്കേണ്ടത് അനിവാര്യമാണ്" മുതിർന്ന അഭിഭാഷകനായ ബാലൻ ആവശ്യപ്പെട്ടു. "ധർമ്മസ്ഥലയ്‌ക്ക് സമീപമുള്ള മെഡിക്കൽ, എഞ്ചിനീയറിംഗ്, ലോ കോളേജുകളിൽ നിന്ന് വിദ്യാർഥിനികളെ കാണാതായിട്ടുണ്ട്. അക്കൂട്ടത്തിൽ കേരളത്തിൽ നിന്നുള്ള വിദ്യാർഥിനികളുമുണ്ട്" ചില പേരുകൾ വെളിപ്പെടുത്തിക്കൊണ്ട് ബാലൻ വിശദീകരിച്ചു. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ജസ്റ്റിസ് ഗോപാലഗൗഡയും അഭിഭാഷകരും മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്ക് നിവേദനം നൽകിയിരുന്നു. ശുചീകരണ തൊഴിലാളി ബെൽത്തങ്ങടി മജിസ്‌ട്രേറ്റ് മുമ്പാകെ 164 പ്രകാരം കുറ്റസമ്മതമൊഴി നൽകിയിട്ടുണ്ട്. പരിപാവനമായി കരുതപ്പെടുന്ന ധർമ്മസ്ഥലയിൽനിന്ന് പുറത്തുവന്ന അസുഖകരമായ വിവരങ്ങൾ വൻ കോളിളക്കമാണ് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ജനമനസ്സുകളിൽ സൃഷ്ടിക്കുന്നത്.(എസ് ഐടി അന്വേഷണം)
ശുചീകരണ തൊഴിലാളി സൂചിപ്പിച്ച കാലയളവിൽ സ്ത്രീകളെയും കോളേജ് വിദ്യാർഥിനികളെയും ധർമ്മസ്ഥല പരിസരത്തുനിന്ന് കാണാതായിട്ടുണ്ട്. അതേപറ്റിയുള്ള പരാതികൾ ബെൽത്തങ്ങടിയിലേയും മറ്റും പോലീസ് സ്റ്റേഷനുകളിൽ നിലവിലുണ്ട്. അവയെക്കുറിച്ചുള്ള അന്വേഷണം എവിടെയും എത്തിയിട്ടില്ലതാനും. വെളിപ്പെടുത്തൽ സ്ഫോടനാത്മകമായതിനാൽ വാർത്ത പ്രചരിക്കുന്നത് തടയാനാണ് ഗവണ്മെന്റ് ആദ്യം ശ്രമിച്ചത്. ജസ്റ്റിസ് ഗോപാലഗൗഡ നിവേദനം നൽകുകയും സംസ്ഥാന വനിതാകമ്മീഷൻ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്‌ക്ക് കത്തെഴുതുകയും ചെയ്തതോടെ വിഷയത്തെ ഗൗരവപൂർവ്വം പരിഗണിക്കാൻ ഗവണ്മെന്റ് നിർബന്ധിതമായി. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാൻ ഗവണ്മെന്റ് ഉന്നതതല പ്രത്യേകസംഘത്തെ( എസ് ഐ ടി)നിയോഗിച്ചു . ഡി ജിപി പ്രണബ് മൊഹന്തിയാണ് സംഘത്തലവൻ. ആഭ്യന്തര സുരക്ഷാവിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഇദ്ദേഹം അനുഭവസമ്പന്നനായ പോലീസ് ഓഫീസറാണ്. ഡി ഐ ജി അനു ചേദ്, മറ്റു പദവിയിലുള്ള ഐ പി എസുകാരായ സൗമ്യലത, ജിദേ ന്ദ്രകുമാർ ദയാമ എന്നിവരും എസ് ഐ ടി നേതൃത്വത്തിലുണ്ട്. ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിച്ച ഓഫീസറാണ് അനുചേദ്. ധർമ്മസ്ഥല യിലേയും സമീപങ്ങളിലെയും പോലീസ് സ്റ്റേഷനുകളിൽ നിലവിലുള്ള സ്ത്രീകളെയും വിദ്യാർത്ഥിനികളെയും കാണാതായ പരാതികളുടെ അന്വേഷണം എസ് ഐ ടി യുടെ പരിധിയിൽ വരും.പരാതിക്കാരനായ ശുചീകരണ തൊഴിലാളിയെ എസ് ഐ ടി മേധാവി പ്രണബ് മൊഹന്തിയും അനുചേദും പലതവണ
ചോദ്യം ചെയ്തിരുന്നു.സ്വന്തം കുടുംബത്തിലെ ബാലിക ലൈംഗികാതിക്രമത്തിന് ഇരയായപ്പോഴാണ് 2014 ഡിസംബറിൽ ആരോരുമറിയാതെ കുടുംബസമേതം ധർമ്മസ്ഥല വിട്ടതെന്നും അതിൽ പിന്നെ അന്യസംസ്ഥാനത്താണ് താമസിക്കുന്നതെന്നും അയാൾ എസ് ഐ ടിയുടെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നു. കുറ്റബോധത്താൽ ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ സാധിക്കാതെ വന്ന അവസ്ഥയിലാണ് എല്ലാം തുറന്നുപറയാൻ തീരുമാനിച്ചതെന്ന് അയാൾ സമ്മതിച്ചു. ഐഡന്റിറ്റി വെളിപ്പെടുത്താതിരിക്കാൻ കോടതിയിൽ നിന്ന് അനുമതി നേടിയ അയാൾ മുഖവും ദേഹവും മറച്ചാണ് എസ് ഐ ടി യുടെ മുന്നിലെത്തിയത്. ക്ഷേത്രത്തിന് സമീപമുള്ള കാട്ടിലും നേത്രാവതി നദിക്കരയിലെ കുളിക്കടവിനടുത്തുമായി മൃതദേഹങ്ങൾ മറവുചെയ്തിട്ടുണ്ടെന്ന് തെളിവെടുപ്പിൽ അവകാശപ്പെട്ട അയാൾ പതിമൂന്നിടങ്ങൾ എസ് ഐ ടിയ്‌ക്ക് കാട്ടിക്കൊടുത്തിരുന്നു. (ദുരൂഹത മാറുമോ?) അനാഥരും യാചകരുമായ നിരവധി ആളുകൾ അന്യനാടുകളിൽ നിന്ന് ധർമ്മസ്ഥലയിലെത്തി ക്ഷേത്ര പരിസരത്ത് തങ്ങാറുണ്ട്. ക്ഷേത്രത്തിൽ നിന്ന് സൗജന്യമായി ഭക്ഷണം ലഭിക്കും. സ്നാനഘട്ടിൽ കുളിയും തേവാരവും നടത്തി രാത്രി ക്ഷേത്രപരിസരത്ത് കിടന്നുറങ്ങാം. നിരവധി ആളുകൾ അങ്ങനെ കഴിഞ്ഞുകൂടുന്നുണ്ട്. ഇരുപത് വർഷം മുമ്പുവരെ ധർമ്മസ്ഥലയിൽ അധികൃത ശ്മശാനം ഉണ്ടായിരുന്നില്ല. അനാഥർ മരണമടയുമ്പോൾ സമീപമുള്ള കാട്ടിൽ സംസ്ക്കരിക്കാറായിരുന്നു പതിവ്. അതേക്കുറിച്ച് ആരും പരാതിപ്പെടാറുണ്ടായിരുന്നില്ല. ധർമ്മസ്ഥല പ്രദേശത്തിന്റെ ഭരണവും നിയന്ത്രണവും ഏതാണ്ട് പൂർണ്ണമായി തന്നെ ക്ഷേത്രം ധർമ്മാധികാരിയുടെ കീഴിലായിരുന്നു. അദ്ദേഹത്തിന്റെ ഇഷ്ടാനുസരണമാണ് ക്ഷേത്രഭരണവും ജനജീവിതവും മുന്നോട്ട് പോയത്. ധർമ്മസ്ഥലയിലെ പോലീസും ജഡ്ജിയും എല്ലാം അദ്ദേഹമായിരുന്നു. ധർമ്മസ്ഥലയിൽ പോലീസ് സ്റ്റേഷൻ വന്നത് 2016 ലാണ്. അതുവരെ ഒരു പോലീസ് ഔട്ട് പോസ്റ്റ് ആണ് ഉണ്ടായിരുന്നത്.() പതിമൂന്ന് വർഷം മുമ്പ് സൗജന്യ എന്ന കോളേജ് വിദ്യാർത്ഥിനി ലൈംഗികാതിക്രമത്തിന് ഇടയായി കൊല്ലപ്പെട്ടതിനെ തുടർന്നാണ് ധർമ്മസ്ഥലയിലെ സ്ഥിതിഗതികൾ മാറിമറിഞ്ഞത്. അതുപോലെ അതിനുമുമ്പും ശേഷവും ചില അനിഷ്ടസംഭവങ്ങൾ ഉണ്ടായിരുന്നു.പക്ഷെ കേസ്സന്വേഷണം എവിടെയും എത്തിയില്ല. ധർമ്മസ്ഥലയിൽ ഭക്തിതരംഗത്തോടൊപ്പം ചില നിഗൂഢതകളും നിലനിൽക്കുന്നുണ്ട്. മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് ശേഷം നിഗൂഡതയും ഭയാശങ്കകളും വർധിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ അയാൾ ചൂണ്ടിക്കാട്ടിയ പതിമൂന്നിടങ്ങളിൽ എട്ടിടത്ത് കുഴിയെടുത്ത് പരിശോധിക്കുന്ന ജോലിയേ പൂർത്തിയായിട്ടുള്ളൂ. ആറാമിടത്തിൽനിന്നും ഏതാനും അസ്ഥിഭാഗങ്ങൾ കണ്ടെടുത്തിരുന്നു. മാധ്യമങ്ങളുടെ ബഹളവും വസ്തുതാപരമല്ലാത്ത വ്യാഖ്യാനങ്ങളും കാരണം ഏഴാമിടം മുതൽ കുഴിയെടുത്തുള്ള പരിശോധന എസ് ഐ ടി രഹസ്യമാക്കിയിരുന്നു. മറ്റിടങ്ങളിൽ നിന്ന് കൂടുതൽ അസ്ഥിക്കൂടങ്ങളും തെളിവുകളും കണ്ടെടുക്കുകയും അവയിൽ ചിലത് ലൈംഗികാതിക്രമത്തിന് ഇരകളായി കൊല്ലപ്പെട്ട സ്ത്രീകളുടേതോ പെൺകുട്ടികളുടേതോ ആണെന്ന് തെളിയുകയും ചെയ്താൽ അതുണ്ടാക്കുന്ന പ്രത്യാഘാതം പ്രവചനാതീതമായിരിക്കും. ഏതായാലും എസ് ഐ ടി അന്വേഷണത്തിലൂടെ യഥാർത്ഥ വസ്തുതകൾ പുറത്ത് വരട്ടെ എന്നാണ് ധർമ്മസ്ഥലയെ അകമഴിഞ്ഞ് ആരാധിക്കുന്നവരും അവിടെ എന്തൊക്കെയോ നിഗൂഢതകളുണ്ടെന്ന് സംശയിക്കുന്നവരും ഒരുപോലെ ആഗ്രഹിക്കുന്നത്.
Photo Courtesy - Google











