09:44pm 01 May 2026
NEWS
ധർമ്മസ്ഥല: കൂടുതൽ അറസ്റ്റുണ്ടായേക്കും; മാസ്ക് മാന്റെ സാക്ഷി സംരക്ഷണ പരിരക്ഷ എടുത്തുകളഞ്ഞു..
08/09/2025  11:20 AM IST
വിഷ്ണുമംഗലം കുമാർ
ധർമ്മസ്ഥല: കൂടുതൽ അറസ്റ്റുണ്ടായേക്കും; മാസ്ക് മാന്റെ സാക്ഷി സംരക്ഷണ പരിരക്ഷ എടുത്തുകളഞ്ഞു

സൗജന്യ കൊലക്കേസ് ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ഗിരീഷ് മറ്റനവർ, മഹേഷ്‌ ഷെട്ടി തിമരോടി, ജയന്ത് ടി, വിട്ടൽ ഗൗഡ എന്നിവരെ എസ് ഐ ടി വീണ്ടും ചോദ്യം ചെയ്തു. മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തൽ നടത്തിയത് ഇവർ ഉൾപ്പെടെയുള്ള ഒരു സംഘത്തിന്റെ നിർദ്ദേശപ്രകാരമാണെന്ന് മാസ്ക് മാൻ മൊഴി നൽകിയിരുന്നു. കള്ളസാക്ഷ്യം നടത്തിയതിനും തലയോട്ടി കൈവശം വെച്ചതിനും എസ് ഐ ടി കേസ്സിൽ പ്രതിയാക്കിയതോടെ മാസ്ക് മാൻ ജയിലിലാണ്. ഇയാളുടെ സാന്നിധ്യമില്ലാതെയാണ് എസ് ഐ ടി അന്വേഷണം തുടരുന്നത്.  സൗജന്യയുടെ അമ്മാവനാണ് വിട്ടൽ ഗൗഡ. എസ് ഐ ടി കൂടുതൽ അസ്ഥിഭാഗങ്ങൾ കണ്ടെടുത്തിട്ടുണ്ട് എന്ന വിട്ടൽ ഗൗഡയുടെ ആരോപണം എസ് ഐ ടി നിഷേധിച്ചിരുന്നു.ചോദ്യം ചെയ്യലിന് ഹാജരായ ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന കാര്യം എസ് ഐ ടി സ്ഥിരീകരിച്ചിട്ടില്ല. നിരവധി മൃതദേഹങ്ങൾ കുഴിച്ചുമൂടിയിട്ടുണ്ട് എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന മനാഫ് ഇന്ന് ബെൽത്തങ്ങടിയിലെത്തി ചോദ്യം ചെയ്യലിനായി എസ് ഐ ടി മുമ്പാകെ ഹാജരാകും. തന്റെ യൂട്യൂബ് ചാനലിലൂടെ ധർമ്മസ്ഥലയുമായി ബന്ധപ്പെട്ട ചില ദൃശ്യങ്ങൾ മനാഫ് പുറത്തുവിട്ടിരുന്നു. ധർമ്മസ്ഥല ക്ഷേത്രത്തെ സംശയത്തിന്റെ നിഴലിലാക്കിയ ഗൂഡസംഘം മാസ്ക് മാനെ കൊണ്ട് വെളിപ്പെടുത്തൽ നടത്തിക്കുന്നതിന് മുമ്പ് കേരളത്തിൽ നിന്നുള്ള ഒരു ഇടതുപക്ഷ എം പിയുടെ സഹായം തേടിയിരുന്നു എന്ന വാർത്ത കർണാടകത്തിൽ പ്രചരിക്കുന്നുണ്ട്. ചില കന്നഡ ടിവി ചാനലുകൾ ആ വാർത്ത നൽകിയിട്ടുണ്ട്. എന്നാൽ അത് സ്ഥിരീകരിക്കാൻ എസ് ഐ ടി കൂട്ടാക്കിയിട്ടില്ല. കേസ്സിൽ പ്രതിയായതിനെ തുടർന്ന് മാസ്ക് മാന്റെ സാക്ഷി സംരക്ഷണ പരിരക്ഷ പിൻവലിക്കാൻ കമ്മിറ്റി തീരുമാനിച്ചിരുന്നു. കമ്മിറ്റിയുടെ ശുപാർശയെ തുടർന്ന് മാസ്ക് മാന്റെ ആ പരിരക്ഷ കോടതി റദ്ദാക്കിയിട്ടുണ്ട്. സുരക്ഷ പരിഗണിച്ച് അയാളെ ശിവമോഗ ജയിലിലാണ് പാർപ്പിച്ചിട്ടുള്ളത്. ഇന്ന് ചോദ്യം ചെയ്യലിന് വിധേയനാകുന്ന മനാഫ് ഉൾപ്പെടെ ചിലർ അറസ്റ്റിലാവാൻ സാധ്യതയുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img