11:56am 22 September 2026
NEWS
ധർമ്മസ്ഥല: കുഴിയെടുപ്പിനോടൊപ്പം ഭയാശങ്കകളും തുടരുന്നു
31/07/2025  01:12 PM IST
വിഷ്ണുമംഗലം കുമാർ
ധർമ്മസ്ഥല: കുഴിയെടുപ്പിനോടൊപ്പം ഭയാശങ്കകളും തുടരുന്നു

 ബംഗളുരു: ക്ഷേത്രത്തിലെ മുൻ ശുചീകരണതൊഴിലാളി നടത്തിയ വെളിപ്പെടുത്തലിലൂടെ സംശയത്തിന്റെ നിഴലിലായ ധർമ്മസ്ഥലയിൽ ആശങ്കയും കുഴിയെടുപ്പും തുടരുകയാണ്. മരങ്ങളും ചെടികളും മുൾപ്പടർപ്പുകളും നിറഞ്ഞ കാട്ടിനുള്ളിലാണ് ഇന്ന് കുഴിയെടുക്കുന്നത്. കാട്ടിനുള്ളിലേക്ക് ഏർത്ത് മൂവർ കൊണ്ടുപോകാനാവില്ല. ഇരുപതോളം പണിക്കാരാണ് പിക്കാസും കോരികയും ഉപയോഗിച്ച് കുഴിയെടുക്കുക. നേത്രാവതി നദിക്കരയിലെ സ്നാനഘട്ടിന് സമീപമാണ് ഇന്നലെയും കുഴിയെടുത്തത്. വെളിപ്പെടുത്തൽ നടത്തിയ ആളിന്റെ സാന്നിധ്യം ഉറപ്പാക്കേണ്ടതിനാൽ ഒരു സമയത്ത് ഒരിടത്ത് മാത്രമെ കുഴിക്കുന്നുള്ളൂ. ഇന്നലെ നാലിടത്ത്‌ ആറടി നീളത്തിലും അഞ്ചടി വീതിയിലും ആറടി ആഴത്തിൽ കുഴികളെടുത്തെങ്കിലും മൃതദേഹാവശിഷ്ടങ്ങൾ ഒന്നും തന്നെ കണ്ടുകിട്ടിയില്ല. ആദ്യദിവസത്തെ കുഴിയെടുപ്പിൽ ഒരു പാൻകാർഡും ഒരു ഡെബിറ്റ് കാർഡും കണ്ടുകിട്ടിയതായി എസ് ഐ ടി വക്താവ് സ്ഥിരീകരിച്ചു. ഇത് ഒരു പുരുഷന്റെ പേരിലുള്ളതാണ്. ഇന്ന് ദുർഘടമായ കാട്ടിനുള്ളിലാണ് കുഴിയെടുക്കുന്നത്.  "പാമ്പുകളും അട്ടകളും ധാരാളമുള്ള കാടാണ്. വളരെ ശ്രദ്ധയോടെയേ നീങ്ങാനാവൂ. അപകടം  നിറഞ്ഞ സാഹചര്യത്തിലാണ് എ എൻ എഫ് ഭടന്മാർ വഴിയൊരുക്കുന്നത്" എസ് ഐ ടി വക്താവ് പറഞ്ഞു. എസ് ഐ ടി മേധാവിയും ആഭ്യന്തര സുരക്ഷാവിഭാഗം ഡി ജി പി യുമായ പ്രണബ് മൊഹന്തി ഇന്നലെ കുഴിയെടുപ്പിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. കേന്ദ്ര സർവീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ മൊഹന്തിയുമുണ്ട്. അദ്ദേഹത്തിന് പെട്ടെന്ന് പോകേണ്ടിവരികയാണെങ്കിൽ എസ്ഐടിയ്‌ക്ക് മറ്റൊരു മേധാവിയെ കണ്ടെത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ആഭ്യന്തരമന്ത്രി ഡോക്ടർ ജി പരമേശ്വര പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങൾ കണ്ടുകിട്ടാൻ സാധ്യതയുള്ള ഇടങ്ങളിലാണ് ഇന്ന് കുഴിയെടുക്കുന്നതെന്ന് സൂചനയുണ്ട്. 1995- 2014 കാലയളവിൽ നൂറിലേറെ സ്ത്രീകളെയും പെൺകുട്ടികളെയും ഈ പ്രദേശത്ത് മറവുചെയ്തിട്ടുണ്ടെന്നും അവരൊക്കെയും ലൈംഗികാതിക്രമത്തിന് വിധേയമായി കൊല്ലപ്പെട്ടവരാണെന്നുമാണ് മുൻശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. അക്കാലത്ത് ധർമ്മസ്ഥലയിലെ പോലീസ് ഔട്ട്‌ പോസ്റ്റിൽ ജോലിചെയ്തിരുന്ന ചിലരുടെ സഹായം തനിക്ക് ലഭിച്ചിരുന്നെന്ന് അയാൾ എസ്ഐടിയോട് സമ്മതിച്ചിട്ടുണ്ട്. അവരിൽ ചിലരുടെ പേരുവിവരവും അയാൾ നൽകിയിട്ടുണ്ട്. അക്കാര്യം എസ് ഐ ടി പരിശോധിച്ചുവരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img