ധർമസ്ഥല: പരാതിക്കാരനായ മുൻ ശുചീകരണത്തൊഴിലാളി അറസ്റ്റിൽ

കർണാടകയിലെ ധർമസ്ഥലയിൽ ഒട്ടേറെ മൃതദേഹങ്ങൾ രഹസ്യമായി കുഴിച്ചിട്ടിട്ടുണ്ടെന്ന് ആരോപിച്ച മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ. ധർമ്മസ്ഥലയിൽ കൂട്ടബലാത്സംഗങ്ങളും കൊലപാതകങ്ങളും നടന്നിട്ടുണ്ടെന്ന ഇയാളുടെ വെളിപ്പെടുത്തൽ ദേശീയതലത്തിൽ തന്നെ വലിയ വിവാദമായിരുന്നു. എന്നാൽ, ഇയാൾ തെറ്റായ വിവരങ്ങളും വ്യാജ തെളിവുകളും നൽകിയെന്നാരോപിച്ചാണ് കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
1995-2014 കാലഘട്ടത്തിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങൾ ധർമസ്ഥലയിലെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടുവെന്നായിരുന്നു മുൻ ശുചീകരണ തൊഴിലാളിയുടെ പരാതി. കാര്യമായ അന്വേഷണം നടക്കാതായതോടെ ഇയാൾ കോടതിയിൽ നേരിട്ട് ഹാജരായി മൊഴിയും തെളിവും നൽകിയിരുന്നു. ഈ കാലയളവിൽ ധർമസ്ഥലയിൽ ശൂചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന താൻ ഭീഷണിക്ക് വഴങ്ങിയാണ് മൃതദേഹങ്ങൾ മറവുചെയ്തത് എന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ.
ജൂലൈ മൂന്നിനാണ് ഇയാൾ പരാതി നൽകിയത്. ജൂലൈ 11-ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകുകയും മൊഴി രേഖപ്പെടുത്തുകയും, താൻ തന്നെ കുഴിച്ചെടുത്തതാണെന്ന് പറഞ്ഞ് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കൈമാറുകയും ചെയ്തു. കണ്ടെടുത്ത അവശിഷ്ടങ്ങൾ ഒരു സ്ത്രീയുടേതാണെന്നാണ് അയാൾ ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാൽ, പിന്നീട് ഫോറൻസിക് സയൻസ് ലബോറട്ടറി (FSL) റിപ്പോർട്ടിൽ ഇത് പുരുഷന്റേതാണെന്ന് സ്ഥിരീകരിച്ചതോടെ, കള്ളസാക്ഷി പറഞ്ഞതിന് അന്വേഷണ സംഘം അയാൾക്കെതിരെ കേസെടുത്തു. പരാതി നൽകിയതുമുതൽ ഇദ്ദേഹം വിറ്റ്നസ് പ്രൊട്ടക്ഷൻ പ്രോഗ്രാമിലായിരുന്നു. എന്നാൽ, ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുന്നതിന് മുൻപ് വെള്ളിയാഴ്ച രാത്രിയോടെ ഈ സംരക്ഷണം പിൻവലിച്ചു. ശനിയാഴ്ച അയാളുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി.
കൊലപാതകം, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ ഇരകളെന്ന് ആരോപിക്കപ്പെടുന്നവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ നിർബന്ധിതനായെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ. ഇതേതുടർന്ന് സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ച് അന്വേഷമം ആരംഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ 17 വ്യത്യസ്ത സ്ഥലങ്ങളിൽ ഖനനം നടത്തി. ഇതിൽ ആറാം നമ്പർ സ്ഥലത്തുനിന്നും, പതിനൊന്നാം നമ്പർ സ്ഥലത്തിനടുത്തുള്ള ഒരു മരത്തിന്റെ ചുവട്ടിൽനിന്നും മാത്രമാണ് അവശിഷ്ടങ്ങൾ കണ്ടെടുക്കാനായത്.











