
കർണാടകം: ധർമ്മസ്ഥല ക്ഷേത്രപരിസരത്ത് മൃതദേഹങ്ങൾ കുഴിച്ചുമൂടിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ രൂപീകൃതമായ പ്രത്യേക ഉന്നതതല സംഘം( എസ് ഐ ടി) അന്വേഷണം ആരംഭിച്ചു. ബെൽത്തങ്ങടി പോലീസ് സ്റ്റേഷന്റെ സമീപം ആഭ്യന്തര വകുപ്പിന്റെ കൈവശമുള്ള കെട്ടിടമാണ് എസ് ഐ ടിയുടെ ആസ്ഥാനമായി ഉപയോഗപ്പെടുത്തുന്നത്. വിവാദം കത്തിപ്പടരുകയും സംസ്ഥാന വനിതാകമ്മീഷൻ മുഖ്യമന്ത്രിയ്‌ക്ക് കത്തെഴുതുകയും ചെയ്തതിനെ തുടർന്നാണ് സമഗ്രമായ അന്വേഷണത്തിനായി എസ് ഐ ടി രൂപീകരിക്കപ്പെട്ടത്. ഡി ജി പി പ്രണബ് മൊഹന്തിയാണ് സംഘത്തലവൻ. ഡി ഐ ജി അനുചേദ്, മറ്റു പദവിയിലുള്ള സൗമ്യലത, ജിതേന്ദ്രകുമാർ ദയാമ എന്നീ ഐ പി എസ്സുകാരുമാണ് നേതൃത്വത്തിലുള്ളത്. ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ ജില്ലകളിൽ നിന്നുള്ള ഇൻസ്‌പെക്ടർമാർ, സബ് ഇൻസ്‌പെക്ടർമാർ, കോൺസ്റ്റബിൾമാർ ഉൾപ്പെടെ ഇരുപതോളം പോലീസ് ഉദ്യോഗസ്ഥർ എസ് ഐ ടി യുടെ ഭാഗമാണ്. നിയോഗിക്കപ്പെട്ടവരിൽ ആരും തന്നെ താല്പര്യക്കുറവോ വിസമ്മതമോ പ്രകടിപ്പിച്ചിട്ടില്ലെന്നും കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുകയെന്നും ആഭ്യന്തരവകുപ്പ് വക്താവ് വ്യക്തമാക്കി. അനുചേദ്, ജിതേന്ദ്രകുമാർ ദയാമ എന്നിവർ രണ്ടുതവണ എസ് ഐ ടി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. വെസ്റ്റേൺ മേഖല ഐ ജി അമിത് സിങ്ങിനെ സന്ദർശിച്ച് രണ്ട് ഓഫീസർമാരും ചർച്ച നടത്തിയിരുന്നു. അന്വേഷണത്തിൽ ലഭിക്കുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും ഒരുകാരണവശാലും ആ വിവരങ്ങൾ മാധ്യമങ്ങളുമായോ നാട്ടുകാരുമായോ പങ്കുവെക്കരുതെന്നും അനുചേദ് സംഘത്തിലെ അംഗങ്ങൾക്ക് കർശന നിർദ്ദേശം നൽകിയതായറിയുന്നു. ക്ഷേത്ര പരിസരത്തുള്ള വനത്തിൽ നിരവധി സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ രഹസ്യമായി കുഴിച്ചുമൂടിയതായി 1995-2014 കാലത്ത് ക്ഷേത്രത്തിൽ താത്കാലിക ശുചീകരണ തൊഴിലാളിയായി ജോലിചെയ്തിരുന്ന ഒരാൾ ഈയ്യിടെ വെളിപ്പെടുത്തിയതോടെയാണ് വിവാദം ആരംഭിച്ചത്. ബലാൽസംഗത്തിനിരകളായി കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളാണ് ചില ഉന്നതരുടെ നിർദ്ദേശപ്രകാരം കുഴിച്ചുമൂടിയത് എന്നായിരുന്നു അയാളുടെ വെളിപ്പെടുത്തൽ. ക്ഷേത്ര പരിസരത്തുനിന്നും ആ കാലയളവിൽ നിരവധി സ്ത്രീകളെയും പെൺകുട്ടികളെയും കാണാതായിട്ടുണ്ടെന്ന വസ്തുതയുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോഴാണ് ആ വെളിപ്പെടുത്തലിന് ഗൗരവം കൈവന്നത്. ഈ മാസം 20 നാണ് സിദ്ധരാമയ്യ ഗവണ്മെന്റ് എസ് ഐ ടി രൂപീകരിച്ചത്.
Photo Courtesy - Google











